കോട്ടയം നഗരസഭയിലെ പെന്‍ഷന്‍ തട്ടിപ്പ്; ഒളിവില്‍ കഴിയുന്ന പ്രതിക്ക് ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍!
കോട്ടയം: കോട്ടയം നഗരസഭയിലെ പെന്‍ഷന്‍ തട്ടിപ്പ് കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതി അഖില്‍ സി വര്‍ഗീസിനായി ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍. പെന്‍ഷന്‍ ഫണ്ടില്‍ നിന്ന് രണ്ടര കോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ ഒളിവില്‍ കഴിയുന്ന അഖിലിനായി ക്രൈം ബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിനിടെയാണ് അഖില്‍ സി വര്‍ഗീസ് സ്ഥലംമാറ്റ പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്.
കേസ് വരുന്നതിന് മുന്‍പ് കൊടുത്ത സ്ഥലം മാറ്റ അപേക്ഷയിലാണ് ഉത്തരവ് പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ സ്വാഭാവികമായ നടപടിയാണ് ഇത് എന്നാണ് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പ്രതികരണം. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. നഗരസഭയിലെ ക്ലര്‍ക്കായിരുന്ന അഖിലിനെ ചങ്ങനാശ്ശേരി നഗരസഭയിലേക്ക് മാറ്റിയാണ് ഉത്തരവ് വന്നിരിക്കുന്നത്.

കോട്ടയം നഗരസഭയില്‍ ജോലി ചെയ്ത് വരുന്നതിനിടയിലാണ് 2.39 കോടി പെന്‍ഷന്‍ തുക അഖില്‍ തട്ടിയെടുത്തത്. തന്റെ അമ്മ ശ്യാമളയുടെ അക്കൗണ്ടിലേക്ക് മാറ്റിയായിരുന്നു തട്ടിപ്പ്. നഗരസഭയുടെ വാര്‍ഷിക സാമ്പത്തിക പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. തുടര്‍ന്ന് നഗരസഭാ സെക്രട്ടറി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. നഗരസഭയില്‍ നിന്ന് വിരമിച്ചവരുടെ ബാങ്ക് അക്കൗണ്ടില്‍ ചില അപാകതകള്‍ ഉള്ളതായി നേരത്തേ തന്നെ കണ്ടെത്തിയിരുന്നു.
2020 മുതല്‍ അഖില്‍ സി. വര്‍ഗീസാണ് പെന്‍ഷന്‍ വിഭാഗം കൈകാര്യം ചെയ്തിരുന്നത്. അന്ന് മുതലാണ് സാമ്പത്തിക തിരിമറി നടന്നിട്ടുള്ളത്. പെന്‍ഷന്‍ തട്ടിപ്പ് വിവരം പുറത്തറിഞ്ഞത് മുതല്‍ അഖില്‍ വര്‍ഗീസ് ഒളിവിലാണ്. ഇയാളുടെ ബന്ധുക്കളെ പൊലീസ് ചോദ്യം ചെയ്തിരുന്നെങ്കിലും കാര്യമായ തുമ്പൊന്നും ലഭിച്ചിരുന്നില്ല. കൊല്ലം മങ്ങാട് സ്വദേശിയാണ് അഖില്‍ സി. വര്‍ഗീസ്.
കോട്ടയം ജില്ലയിലും കൊല്ലത്തും അന്വേഷണം തുടരുന്നെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. വൈക്കം നഗരസഭയിലേക്ക് ഇയാള്‍ മാറിയതിന് പിന്നാലെയാണ് കോട്ടയത്തെ തിരിമറികള്‍ കണ്ടെത്തുന്നത്. കേസില്‍ പ്രതിയായതോടെ ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സംഭവത്തില്‍ നഗരസഭയിലെ ഡെപ്യൂട്ടി സെക്രട്ടറി ഉള്‍പ്പെടെ നാല് പേരെയും തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു.
ഡെപ്യൂട്ടി സെക്രട്ടറി ഫിലിസ് ഫെലിക്സ്, സൂപ്രണ്ട് എസ് കെ ശ്യാം, സീനിയര്‍ ക്ലര്‍ക്ക് വി ജി സന്തോഷ്, പബ്ലിക് ഹെല്‍ത്ത് നഴ്സ് കെ ജി ബിന്ദു എന്നിവരെയാണ് തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ സസ്പെന്‍ഡ് ചെയ്തത്. റെഗുലര്‍ ഫാമിലി പെന്‍ഷന്‍ ഫണ്ടില്‍ നിന്നാണ് അഖില്‍ സി വര്‍ഗീസ് പണം തട്ടിയത്.












Click it and Unblock the Notifications