കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ദേശീയപാത വികസനത്തിന് ഫെബ്രുവരിക്കകം മുഴുവന്‍ ഭൂമിയും ഏറ്റെടുക്കും: മുഖ്യമന്ത്രി

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ദേശീയപാത വികസനത്തിന് ആവശ്യമായ മുഴുവന്‍ ഭൂമിയും ഫെബ്രുവരി മാസത്തിനകം ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കാസര്‍കോട് മുതല്‍ കൊച്ചിവരെ 80 ശതമാനവും കൊച്ചി മുതല്‍ തിരുവനന്തപുരം വരെ എഴുപത് ശതമാനവും ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയായി. 45 മീറ്റര്‍ വീതിയില്‍ ദേശീയപാത വികസിപ്പിക്കുന്നതില്‍ വിട്ടുവീഴ്ചയില്ലെന്നും സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തിന് ദേശീയപാത വികസനം അതീവ പ്രാധാന്യമുളളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് ബൈപ്പാസില്‍ രാമനാട്ടുകര മേല്‍പാലം ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഹൈവേകളുടെയും റോഡുകളുടെയും സംരക്ഷണവും അറ്റകുറ്റ പണികളും കാര്യക്ഷമമായി നടപ്പിലാക്കുന്നതിനുള്ള സംവിധാനങ്ങളാണ് ആവിഷ്‌ക്കരിക്കുന്നത്. പൊതുഗതാഗത സംവിധാനങ്ങള്‍ മെച്ചപ്പെടുത്തി സ്വകാര്യവാഹനങ്ങളുടെ പെരുപ്പം മൂലമുണ്ടാകുന്ന ഗതാഗത കുരുക്കുകളും അപകടങ്ങളും മലിനീകരണവും ഗണ്യമായി കുറയ്ക്കാനാണ് ശ്രമിക്കുന്നത്. റോഡുകളിലെ തിക്കും തിരക്കും പരമാവധി കുറയ്ക്കാന്‍ ജലഗതാഗതം ഉള്‍പ്പെടെയുള്ള ബദല്‍ മാര്‍ഗങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിട്ടുള്ളത്. ഇത്തരം വികസനപ്രവര്‍ത്തനങ്ങളിലെല്ലാം ജനങ്ങളെ കൂടി പങ്കാളികളാക്കിക്കൊണ്ട് ജനകീയമായി അവ നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

cminmalappuram-

നിലവിലുള്ള റോഡുകള്‍ വികസിക്കാതെ ഒരിഞ്ച് പോലും നമുക്ക് മുന്നോട്ടു പോകാനാകില്ല എന്ന യാഥാര്‍ത്ഥ്യത്തില്‍ നിന്നാണ് ദേശീയപാതാവികസനം, മലയോര ഹൈവേ പദ്ധതി, നഗരപാതാവികസന പദ്ധതി തുടങ്ങിയവയ്ക്ക് രൂപം കൊടുത്തിട്ടുള്ളത്. അടുത്ത 15 വര്‍ഷത്തെ വാഹനപ്പെരുപ്പം മുന്നില്‍ കണ്ടുകൊണ്ട് അവയെ ഉള്‍ക്കൊള്ളാന്‍ പര്യാപ്തമായ രീതിയിലാണ് ഈ പദ്ധതികളിലൂടെ റോഡുകള്‍ മെച്ചപ്പെടുത്തുന്നത്. രാമനാട്ടുകര ബൈപ്പാസില്‍ ഉദ്ഘാടനം ചെയ്യപ്പെടുന്ന മേല്‍പ്പാലം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ദീര്‍ഘകാല ഈടുനില്‍പ്പ് ഉറപ്പുവരുത്തിയാണ് നിര്‍മിച്ചിരിക്കുന്നത്. ഈ വിധത്തില്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഉണ്ടായെങ്കില്‍ മാത്രമേ നമ്മള്‍ അനുഭവിക്കുന്ന യാത്രാദുരിതങ്ങള്‍ക്ക് പരിഹാരം കാണാനാകൂ എന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

റോഡുകള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളെ തകര്‍ത്തെറിഞ്ഞ ഒന്നായിരുന്നു പ്രളയം. തകര്‍ന്നവയെ വീണ്ടെടുക്കാനും പഴയതിനേക്കാളും മെച്ചപ്പെട്ട വിധത്തില്‍ അവയെ പുനര്‍നിര്‍മിക്കാനുമാണ് റീബിള്‍ഡ് കേരള പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. നാട്ടിലെ ഭൂപ്രകൃതിയും കാലാവസ്ഥയും കണക്കിലെടുത്തുകൊണ്ടുള്ള നിര്‍മാണ രീതികളാണ് നമുക്കാവശ്യം. അതിനായി പ്രകൃതിദുരന്തങ്ങളെ വിജയകരമായി അതിജീവിച്ച മറ്റു രാജ്യങ്ങളുടെ മാതൃക ഉള്‍ക്കൊണ്ടുകൊണ്ടുള്ള പദ്ധതികളാണ് തയ്യാറാക്കി വരുന്നത്. റോഡുകളുടെ പുനര്‍നിര്‍മാണത്തില്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള വസ്തുക്കളുടെ പുനരുപയോഗം പരമാവധി ഉറപ്പുവരുത്തും. റോഡ് നിര്‍മാണത്തിന് നൂതനമായിട്ടുള്ള കോള്‍ഡ് റീസൈക്കിളിങ് ടെക്‌നോളജി, നാച്വറല്‍ റബ്ബറൈസ്ഡ് ബിറ്റുമിന്‍, പ്ലാസ്റ്റിക് മിക്‌സ്ഡ് ബിറ്റുമിന്‍ തുടങ്ങിയ ആധുനിക സങ്കേതങ്ങള്‍ ഇപ്പോള്‍ത്തന്നെ ഉപയോഗപ്പെടുത്തി വരുന്നുണ്ട്.

പ്രളയാനന്തരകേരളത്തിന്റെ പുനര്‍നിര്‍മാണത്തിന്റെ ചെലവു കുറയ്ക്കുന്നതിനും ഈട് നില്‍പ്പ് ഉറപ്പാക്കുന്നതിനും ഇത്തരം നിര്‍മാണങ്ങള്‍ ഉപകരിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. എല്ലാ നിര്‍മാണങ്ങളും നമ്മുടെ പരിസ്ഥിതി താല്‍പര്യങ്ങള്‍ക്ക് ചേര്‍ന്നുപോകുന്ന തരത്തിലാണെന്ന് ഉറപ്പുവരുത്താന്‍ വേണ്ട സംവിധാനങ്ങള്‍ ഒരുക്കുകയാണ് സര്‍ക്കാര്‍. ഇങ്ങനെ പുതിയ ഒരു പശ്ചാത്തല വികസന സങ്കല്‍പത്തിലൂന്നി കേരളത്തിന്റെ സമഗ്ര വികസനം ഉറപ്പുവരുത്താന്‍ നടപ്പാക്കുന്ന പദ്ധതികളിലും പ്രളയാനന്തര കേരളം കെട്ടിപ്പടുക്കാനുള്ള പ്രവര്‍ത്തനങ്ങളിലും എല്ലാവരുടേയും സഹകരണം അഭ്യര്‍ത്ഥിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

Kozhikode
English summary
chief minister about national high way extension
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X