കൊൽക്കത്ത റാലി; ഇനി ഏത് ബദല് ചോദിച്ച് വോട്ടു തേടും - സിപിഎം കടുത്ത ആശയക്കുഴപ്പത്തിൽ
കോഴിക്കോട്: കൊല്‍ക്കത്തയില്‍ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച പ്രതിപക്ഷ കക്ഷികളുടെ മഹാറാലി ഒരേസമയം ബി ജെ പിക്കും സി പി എമ്മിനും നെഞ്ചിടിപ്പേറ്റുന്നു. റാലി സംഘടിപ്പിച്ചത് സി പി എമ്മിന്റെ ആജന്മ ശത്രുവായ മമതാ ബാനര്‍ജിയാണെന്നതിനാല്‍ പ്രതിപക്ഷ ഐക്യം ഉയര്‍ത്തിക്കാട്ടാന്‍ പോലും സാധിക്കാത്ത വിധത്തില്‍ രാഷ്ട്രീയമൗനം പാലിക്കുകയാണ് സി പി എം. കോണ്‍ഗ്രസിനെയും മറ്റ് പ്രതിപക്ഷ നേതാക്കളെയും ഒരേവേദിയില്‍ അണിനിരത്തിയത് ബി ജെ പിയുടെയും ഉറക്കം നഷ്ടപ്പെടുത്തുന്നു. വരും ആഴ്ചകളില്‍ സമാനമായ റാലികള്‍ രാജ്യത്തിന്റെ പലഭാഗത്തും സംഘടിപ്പിക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം.
പ്രതിപക്ഷ നിരയിലേക്ക് കൂടുതല്‍ പാര്‍ട്ടികള്‍ എത്തുന്നു.... സൂചനയുമായി അഖിലേഷ് യാദവ്!!
ഇത്തരം റാലികളോട് സഹകരിക്കണോ എന്ന് പോളിറ്റ് ബ്യൂറോയും കേന്ദ്രകമ്മിറ്റിയും തീരുമാനിക്കുമെന്നാണ് അഭിപ്രായം ആരാഞ്ഞപ്പോള്‍ കേരളത്തിലെ സി പി എം നേതാക്കള്‍ പ്രതികരിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ സി പി എമ്മിന് ഉയര്‍ത്താവുന്ന ഒരു മുദ്രാവാക്യത്തിന്റെ മുനകൂടിയാണ് മഹാറാലി ഒടിച്ചതെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
കോണ്‍ഗ്രസിനും ബി ജെ പിക്കും എതിരെ ഫെഡറല്‍ ബദല്‍ ഉണ്ടാവുമെന്നും അതിനുവേണ്ടി സി പി എമ്മിന് വോട്ട് ചെയ്യണമെന്നുമുള്ള മുദ്രാവാക്യമാണ് കേരളത്തിലെ സി പി എം അണിയറയില്‍ ഒരുക്കിയത്. ടി ആര്‍ എസ് നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖരറാവു, ഡല്‍ഹി മുഖ്യമന്ത്രിയും എ എ പി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍ തുടങ്ങിയവര്‍ക്ക് കോണ്‍ഗ്രസുമായ് കൈകോര്‍ക്കാന്‍ സാധിക്കില്ലെന്നും അവരുടെ നേതൃത്വത്തില്‍ ഫെഡറല്‍ മുന്നണി വരുമെന്നും അത് ചൂണ്ടിക്കാട്ടി വോട്ട് തേടാമെന്നുമായിരുന്നു കേരളത്തിലെ സി പി എം കണക്ക് കൂട്ടല്‍. എന്നാല്‍ മമതാ ബാനര്‍ജി പ്രതിപക്ഷ ഐക്യറാലിയിലെ കേന്ദ്രബിന്ദുവായതോടെ എ എ പി ഉള്‍പ്പെടെയുള്ളവരെ കൂട്ടി പരീക്ഷണമാകാമെന്ന പ്രതീക്ഷയും കൈവിടേണ്ട അവസ്ഥയിലെത്തി സി പി എം. കെജ്‌രിവാള്‍ കോണ്‍ഗ്രസിനും മമതയ്ക്കുമൊപ്പം വേദി പങ്കിട്ടപ്പോള്‍ വിട്ടുനില്‍ക്കാന്‍ മാത്രമേ ഇടതു പാര്‍ട്ടിക്ക് സാധിച്ചുള്ളൂ. നേരത്തെ ഫെഡറല്‍ മുന്നണിക്ക് നേതൃത്വം നല്‍കാന്‍ മമതയുമായ് ചര്‍ച്ച നടത്തിയ ചന്ദ്രശേഖരറാവുവും ഇപ്പോള്‍ ഒറ്റപ്പെട്ടിരിക്കയാണ്. അദ്ദേഹത്തിന്റെ പാര്‍ട്ടി ബി ജെ പിക്ക് അനുകൂലമായ സമീപനം സ്വീകരിച്ചേക്കുമെന്ന വിലയിരുത്തലും സി പി എം നേതാക്കള്‍ക്കുണ്ട്.
റാലിയ്ക്ക് എത്താതിരുന്ന ഒഡീഷയിലെ ബിജു ജനതാളിന് ഇടതുപാര്‍ട്ടികളോട് മമതയില്ലെന്നതും അവരുടെ പ്രതീക്ഷയ്ക്ക് തിരിച്ചടിയാണ്. മമതയും ബി ജെ പിയും ഒരുപോലെ എതിര്‍ക്കേണ്ടവരാണെന്ന സംസ്ഥാന സെക്രട്ടറി സൂര്യകാന്ത മിശ്രയുടെ പ്രസ്താവന ബംഗാളില്‍ അവര്‍ വീണ്ടും കോണ്‍ഗ്രസ് സഹകരണത്തിന് ശ്രമിക്കുന്നതിന്റെ തെളിവാണ്. ഇതും കേരളത്തിലെ സി പി എമ്മിന് തിരിച്ചടിയാണ്.
വിവിധ സംസ്ഥാനങ്ങളില്‍ സി പി എം സഹകരണം ആരായുന്ന പ്രമുഖ പാര്‍ട്ടികളും കോണ്‍ഗ്രസിനും മമതയ്ക്കും ഒപ്പം വേദിയിലെത്തിയെന്നതും ശ്രദ്ധേയമാണ്. എം കെ സ്റ്റാലിന്‍ (തമിഴ്‌നാട്), എച്ച് ഡി ദേവഗൗഡ( കര്‍ണാടക), എന്‍ ചന്ദ്രബാബു നായിഡു (ആന്ധ്ര), ശരത്പവാര്‍ (മഹാരാഷ്ട്ര), തേജസ്വി യാദവ് (ബീഹാര്‍), ശരത്‌യാദവ് (ബീഹാര്‍) എന്നിവരുമായ് സംസ്ഥാനടിസ്ഥാനത്തില്‍ സഹകരിക്കാന്‍ സി പി എം കേന്ദ്രനേതൃത്വം നിര്‍ദ്ദേശിച്ചിരുന്നു.
ഇവരെല്ലാം ഇപ്പോള്‍ കോണ്‍ഗ്രസിന്റെ സഖ്യകക്ഷികളാണ്. കൊല്‍ക്കത്ത റാലിയില്‍ അണിനിരന്ന എസ് പി, ബി എസ് പി, നാഷണല്‍ കോണ്‍ഫറന്‍സ് കക്ഷികള്‍ ഇടതുപാര്‍ട്ടികളുമായുള്ള സഹകരണം അജണ്ടയില്‍ പോലുമില്ല. റാലിയില്‍ പങ്കാളകളാവാത്ത വൈ എസ് ആര്‍ കോണ്‍ഗ്രസിനും ഇടതുപാര്‍ട്ടികളോട് താത്പര്യമില്ല. ഈ പശ്ചാത്തലത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും നിഴല്‍പറ്റി മത്സരിക്കുന്ന സി പി എമ്മിന് കേരളത്തില്‍ മാത്രം മറ്റൊരു 'ദേശീയബദലിന് വോട്ട്' ചോദിക്കാനാവാത്ത നിസഹായവസ്ഥയാണ് ഉരുത്തിരിയുന്നത്.