സെക്യൂരിറ്റി ജീവനക്കാരന് മര്‍ദനമേറ്റ സംഭവം: ഡിവൈഎഫ്‌ഐ ഗുണ്ടാ പാര്‍ട്ടിയെന്ന് പികെ ഫിറോസ്
കോഴിക്കോട്: മെഡിക്കല്‍ കോളേജ് സെക്യൂരിറ്റി ദിവസക്കാരനെ ഡിവൈഎഫ്‌ഐ ഗുണ്ടകള്‍ അക്രമിച്ച സംഭവത്തില്‍ പ്രതികളെ പിടികൂടുന്നതില്‍ പോലീസ് ഒത്തുകളിയാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് പറഞ്ഞു. മര്‍ദ്ദനമേറ്റ സെക്യൂരിറ്റി ജീവനക്കാരന്‍ ദിനേശനെ വീട്ടില്‍ സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആക്രമണ കേസിലെ പ്രതികള്‍ ഒളിവില്‍ താമസിച്ചിരുന്നത് ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി ഓഫീസില്‍ ആണെന്നും ഡിവൈഎഫ്‌ഐ എണ്ണം പറഞ്ഞ ഗുണ്ടാ പാര്‍ട്ടിയാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണെന്നും ഫിറോസ് വ്യക്തമാക്കി.

ഡിവൈഎഫ്‌ഐ സംസ്ഥാന നേതാവും ഒന്നാം പ്രതിയുമായ അരുണിനെ ആരോഗ്യ വകുപ്പില്‍ നിന്നും പിരിച്ചു വിടണം. പോലീസിന്റെ ഒത്താശയോടെയുള്ള ഡിവൈഎഫ്‌ഐ-എസ്എഫ്‌ഐ ഗുണ്ടകളുടെ വിളയാട്ടമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടന്നത്.
ഗുണ്ടകളെ കയറൂരി വിടുന്ന ഡിവൈഎഫ്‌ഐക്ക് പോലിസ് നല്‍കുന്ന അകമഴിഞ്ഞ പിന്തുണയാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്ന് ഫിറോസ് കൂട്ടിച്ചേര്‍ത്തു. ദിനേശന് നീതി ലഭ്യമാക്കാന്‍ യൂത്ത് ലീഗിന്റെ ശക്തമായ ഇടപെടലുണ്ടാവുമെന്ന് കുടുംബത്തിന് അദ്ദേഹം ഉറപ്പ് നല്‍കി.
പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സിക്രട്ടറി എം.ടി.അബ്ദുല്‍ ഗഫൂര്‍, മുസ്ലിം യൂത്ത് ലീഗ് നേതാക്കളായ ജില്ലാ വൈസ് പ്രസിഡന്റ് ഷാഹിര്‍ കുട്ടമ്പൂര്‍, എലത്തൂര്‍ മണ്ഡലം പ്രസിഡന്റ് മുഹമ്മദ് മച്ചക്കുളം, കാക്കൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഷഫീര്‍ ഈന്താട്, വാര്‍ഡ് കോണ്‍ഗ്രസ് പ്രസിഡന്റ് മജീദ് പുന്നശ്ശേരി എന്നിവര്‍ ഫിറോസിനൊപ്പമുണ്ടായിരുന്നു.
അതേസമയം സുരക്ഷാ ജീവനക്കാരെ ആക്രമിച്ച കേസിലെ പ്രതികളായ ഡിവൈഎഫ്‌ഐ നേതാക്കള്‍ കീഴടങ്ങിയിട്ടുണ്ട്. കോഴിക്കോട് നടക്കാവ് സ്‌റ്റേഷനിലാണ് പ്രതികള്‍ കീഴടങ്ങാനെത്തിയത്. ഡിവൈഎഫ്‌ഐയുടെ സംസ്ഥാന കമ്മിറ്റി അംഗം കെ അരുണ്‍ അടക്കമുള്ളവരാണ് കീഴടങ്ങിയത്.
ഇക്കഴിഞ്ഞ ബുധനാഴ്ച്ചയായിരുന്നു കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് മുന്നില്‍ ഡിവൈഎഫ്‌ഐ നേതാക്കള്‍ ഗുണ്ടാവിളയാട്ടം നടത്തിയത്. സുരക്ഷാ ജീവനക്കാരെയും മാധ്യമപ്രവര്‍ത്തകനെയും സംഘം ക്രൂരമായി മര്‍ദിച്ചു. അരുണ്‍ ആരോഗ്യ വകുപ്പിലെ കരാര്‍ ജീവനക്കാരനാണ്.












Click it and Unblock the Notifications