കിണര്‍ വെള്ളത്തില്‍ മനുഷ്യവിസര്‍ജ്യം കലര്‍ത്തിയ സംഭവം: ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍
കോഴിക്കോട്: കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന വീട്ടിലെ കിണറ്റില്‍ മനുഷ്യ വിസര്‍ജ്യം കലര്‍ത്തിയെന്ന പരാതിയില്‍ വ്യാപകമായ അന്വേഷണം നടത്തിയെങ്കിലും കുറ്റവാളികളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് മുക്കം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
കോഴിക്കോട് നടത്തിയ സിറ്റിംഗില്‍ മുക്കം എസ് ഐ യെ കമ്മീഷന്‍ വിളിച്ചു വരുത്തി അന്വേഷണ പുരോഗതി ആരാഞ്ഞു. പ്രതികളെ കുറിച്ച് വിവരം ലഭിക്കുന്ന മുറയ്ക്ക് കേസ് ഫയല്‍ എടുത്ത് വീണ്ടും അന്വേഷിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു.

മുക്കം സ്വദേശിനി എന്‍ കെ. അംബികാവതി സമര്‍പ്പിച്ച പരാതിയിലാണ് നടപടി. 2021 ജൂണ്‍ 12 ന് മുക്കം പോലീസ് ക്രൈം 486/21 നമ്പറായി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അയല്‍വാസികള്‍ ഉള്‍പ്പെടെ 7 സാക്ഷികളെ നേരില്‍ കണ്ട് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
പരാതിക്കാരിയുമായി വഴിത്തര്‍ക്കം നിലനില്‍ക്കുന്ന അയല്‍വാസിയും ഇതില്‍ ഉള്‍പ്പെടും. പ്രതികളെ കുറിച്ച് യാതൊരു തെളിവുകളും ലഭിച്ചിട്ടില്ല. വിവരം ലഭിക്കുന്ന മുറയ്ക്ക് കേസ് റീ ഓപ്പണ്‍ ചെയ്ത് അന്വേഷണം തുടരും. പോലീസിന്റെ ഭാഗത്ത് നിന്ന് മനപൂര്‍വമായ വീഴ്ചയോ ഉദാസീനതയോ ഉണ്ടായിട്ടില്ലെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോ ലയണല്‍ മെസ്സിയോ 'ഗോട്ട്' മാഗ്നസ് കാള്‍സന്റെ മറുപടി വൈറല്‍
നേരത്തെ സ്‌കൂട്ടര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റയാളുമായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയ ആംബുലന്‍സിന്റെ വാതില്‍ തുറക്കാന്‍ കഴിയാത്തതിനാല്‍ യഥാസമയം ചികിത്സ ലഭിക്കാതെ രോഗി മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു.
ആശുപത്രി സൂപ്രണ്ടിന്റെ ഉടമസ്ഥതതയിലുള്ള ആംബുലന്‍സുകളുടെ ചുമതലയും പരിപാലനവും സംബന്ധിച്ച് കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രി സൂപ്രണ്ട് വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജു നാഥ് ആവശ്യപ്പെട്ടു. സംസ്ഥാനത്താകെ വലിയ വിവാദമായ സംഭവമായിരുന്നു ഇത്. മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടാന്‍ കാരണം അതാണ്.
ജില്ലയിലുള്ള ആംബുലന്‍സുകളുടെ സുരക്ഷ പരിശോധിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് സ്വീകരിക്കുന്ന നടപടികളെ കുറിച്ച് റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ വിശദീകരണം സമര്‍പ്പിക്കണം. രണ്ടു റിപ്പോര്‍ട്ടുകളും സെപ്റ്റംബര്‍ 30 ന് മുമ്പ് ക്യത്യമായി ലഭിച്ചിരിക്കണം. സെപ്റ്റംബര്‍ 30ന് കോഴിക്കോട് കളകടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും. മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് നടപടി.












Click it and Unblock the Notifications