കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലവലേശം പിന്നോട്ടില്ലാതെ മഴ; പുതുപ്പാടിയില്‍ ഒരാള്‍ മരിച്ചു, 4 ക്യാമ്പുകള്‍ ആരംഭിച്ചു

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കനത്ത മഴയില്‍ ഉരുള്‍പൊട്ടലുണ്ടായ പുതുപ്പാടി മട്ടിക്കുന്നില്‍ ഒഴുക്കില്‍പെട്ട യുവാവ് മരിച്ചു. പുതുപ്പാടി, തിരുവമ്പാടി, കൂടരഞ്ഞി ഗ്രാമപഞ്ചായത്തുകളിലായി ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചു. മട്ടികുന്ന് പരപ്പന്‍പാറ മാധവിയുടെ മകന്‍ റിജിത്താ(25)ണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് മട്ടിക്കുന്ന് എടുത്തവെച്ചകല്ല് വനഭൂമിയില്‍ ആദ്യം ചെറിയ തരത്തില്‍ ഉരുള്‍പൊട്ടലുണ്ടായത്. പിന്നീട് രാത്രി പതിനൊന്ന് മണിയോടെയുണ്ടായ ഉരുള്‍പൊട്ടലാണ് പ്രദേശത്ത് നാശം വിതച്ചത്.

പുതുപ്പാടി പഞ്ചായത്തിലെ മൈലള്ളാംപാറ സെന്റ് ജോസഫ് സ്‌കൂള്‍, മണല്‍വയല്‍ എകെടിഎം സ്‌കൂള്‍, തിരുവമ്പാടി പഞ്ചായത്തിലെ സെന്റ് ജോസഫ് സ്‌കൂള്‍, കൂടരഞ്ഞി പഞ്ചായത്തിലെ മഞ്ഞക്കടവ് എല്‍.പി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചത്. മൈലള്ളാംപാറയില്‍ 28 കുടുംബങ്ങളിലായി 112 പേരും മണല്‍വയല്‍ എ.കെ.ടി.എം സ്‌കൂളില്‍ 24 കുടുംബങ്ങളിലായി 78 പേരുമാണുള്ളത്. 12 കുടുംബങ്ങളിലെ 40 പേര്‍ തിരുവമ്പാടിയിലും മഞ്ഞക്കടവില്‍ 25 പേരുമാണ് ക്യാംപുകളിൽ കഴിയുന്നത്.

Heavy rain

വെള്ളം കയറിയതറിഞ്ഞ് മട്ടിക്കുന്ന് പാലത്തിനടുത്ത് സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയതായിരുന്നു റിജിത്ത്. പാലത്തിന് എതിര്‍വശത്തുള്ളവര്‍ മലവെള്ളം വരുന്നത് ടോര്‍ച്ച് തെളിച്ച് ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ റിജിത്തിനൊപ്പമുള്ളവര്‍ ഓടിരക്ഷപ്പെട്ടു. റോഡില്‍ നിര്‍ത്തിയിരുന്ന കാര്‍ സ്റ്റാാര്‍ട്ടാക്കി എടുക്കാനുള്ള ശ്രമത്തില്‍ റിജിത്തും കാറും ഒഴുക്കില്‍പ്പെടുകയായിരുന്നു. വ്യാഴാഴ്ച പകല്‍ 11.30 ഓടെ മണല്‍വയല്‍ വള്ള്യാട് നിന്നാണ് മൃതശരീരം കിട്ടിയത്.

മലവെള്ള പാച്ചിലില്‍ മട്ടിക്കുന്ന് പാലത്തില്‍ കല്ലും മരങ്ങളും വന്നടിഞ്ഞ് പുഴ ഗതിമാറിയതാണ് വന്‍നാശനഷ്ടമുണ്ടാക്കിയത്. മട്ടിക്കുന്ന് പാലത്തിന് സമീപത്ത് തൊടരാപ്പുഴ മുജീബ്, ഷാഫി, മുഹമ്മദ് എന്നിവരുടെ വീടുകള്‍ മലവെള്ളപാച്ചിലില്‍ തകര്‍ന്നു. അടുത്ത ദിവസം ഗൃഹപ്രവേശം നടക്കാനിരിക്കെയാണ് മുജീബിന്റെ വീട് തകര്‍ന്നത്. കണ്ണപ്പന്‍കുണ്ടില്‍ ആറ് വീടുകളും ഒരു കടയുമാണ് തകര്‍ന്നത്. ഒരു വീട് പൂര്‍ണമായും മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി. പുഴ ഗതിമാറി ഒഴുകിയതോടെയാണ് ഇവിടെയും വീടുകള്‍ക്ക് നാശനഷ്ടമുണ്ടാക്കിയത്.

രാത്രി തന്നെ വീടുകളിലുള്ളവരെ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു. നരിക്കുനി, മുക്കം, വെള്ളിമാടുകുന്ന്, ബീച്ച്, മീഞ്ചന്ത എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് യൂണിറ്റുകളും താമരശ്ശേരി, മുക്കം, കൊടുവള്ളി, ബാലുശ്ശേരി എന്നിവിടങ്ങളില്‍ നിന്നുള്ള പൊലിസ് സംഘവും രക്ഷാപ്രവര്‍ത്തനത്തിനെത്തി. പകല്‍ 11 മണിയോടെ തൃശൂരില്‍ നിന്നുള്ള ദേശീയദുരന്ത നിവാരണ സേനയും ഉച്ചയോടെ വെസ്റ്റ്ഹില്‍ ബാരക്കില്‍ നിന്ന് കേണല്‍ കൃതാംഗറിന്റെ നേതൃത്വത്തില്‍ 12 അംഗ സൈന്യവും രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്തെത്തി. ജോര്‍ജ് എം തോമസ് എംഎല്‍എ, താമരശ്ശേരി തഹസില്‍ദാര്‍, ഡിവൈഎസ്പി പി ബിജുരാജ്, സ്ഐ ടി എ അഗസ്റ്റിന്‍ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Kozhikode
English summary
Kozhikode Local News about heavy rain
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X