• search
  • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ഇന്ത്യയിലെ 90 ശതമാനം മാധ്യമങ്ങളും 27 കുടുംബങ്ങളുടെ കൈയില്‍: പ്രൊഫ. ബികെ കുട്യാല

  • By Desk

കോഴിക്കോട്: മാധ്യമങ്ങളുടെ ശക്തി ക്ഷയിച്ചുകൊണ്ടിരിക്കുകയാണെന്ന് ഹരിയാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്‍മാനും മഖന്‍ലാല്‍ ചതുര്‍വ്വേദി ജേര്‍ണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ മുന്‍ വൈസ് ചാന്‍സലറുമായ പ്രൊഫ. ബി.കെ. കുട്യാല പറഞ്ഞു. വിശ്വസംവാദകേന്ദ്രം സംഘടിപ്പിച്ച മഹര്‍ഷി നാരദജയന്തി ആഘോഷത്തില്‍ പി.വി.കെ. നെടുങ്ങാടി സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കല്ലട ബസിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം; കൊണ്ടോട്ടിയിൽ ബസ് തടഞ്ഞു, കല്ലട 'കൊല്ലട'യാക്കി!!

മാധ്യമങ്ങളുടെ വിശ്വാസ്യതയാണ് ആദ്യം ക്ഷയിച്ചു തുടങ്ങിയത്. ലോകം ഇന്ന് വ്യവസ്ഥാപിത മാധ്യമങ്ങള്‍ക്ക് ബദല്‍ തേടുകയാണ്. സമൂഹത്തിനുവേണ്ടി സമൂഹം നടത്തുന്ന സാമൂഹ്യപ്രതിബദ്ധതയുള്ള മാധ്യമ മേഖലയ്ക്ക് മാത്രമേ സമൂഹത്തിന് ആവശ്യമുള്ളത് നല്‍കാനാവൂ. പരമ്പരാഗത വായനക്കാരല്ല ഇന്ന് ഉള്ളത്. അവര്‍ ഒരേ സമയം വായനക്കാരനും മാധ്യമപ്രവര്‍ത്തകനുമാണ്. എഴുതാനും പ്രദര്‍ശിപ്പിക്കാനും കഴിവ് പ്രകടിപ്പിക്കുന്ന പ്രതിഭകള്‍ സാമൂഹ്യമാധ്യമങ്ങളുടെ ഗതി നിര്‍ണയിക്കുന്നു.

മനുഷ്യസമൂഹത്തിന്റെ ചരിത്രത്തിലെ മഹത്തായ വിപ്ലവമാണ് പുതിയ ആശയവിനിമയ സങ്കേതങ്ങള്‍ സൃഷ്ടിച്ചത്. മാധ്യമ വിസ്‌ഫോടനത്തിനുമുമ്പ് ചെറിയ ലോകത്തെക്കുറിച്ചായിരുന്നു നമ്മുടെ ഉത്കണ്ഠകളും ആകാംക്ഷയുമെങ്കില്‍ ഇന്നത് വലിയ ലോകത്തെക്കുറിച്ചായി. എന്നാലിന്ന് സമൂഹത്തിലെ ഉന്നതവര്‍ഗം ആശയവിനിമയ സങ്കേതങ്ങളെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നു. അതുകൊണ്ടാണ് കമ്മ്യൂണിക്കേഷനെ നിയന്ത്രിക്കാന്‍ നിയമങ്ങള്‍ നിര്‍മ്മിക്കപ്പെട്ടത്.

പൊതുസമൂഹത്തില്‍ എന്ത് ആശയം പ്രചരിക്കണമെന്ന് തങ്ങള്‍ തീരുമാനിക്കുമെന്ന് ഉന്നത വര്‍ഗം ധരിച്ചിരിക്കുന്നു. മാധ്യമങ്ങളുടെ ഉടമകളെ നിയന്ത്രിക്കാനും അതിലൂടെ മാധ്യമങ്ങളെ നിയന്ത്രിക്കാനുമുള്ള ശ്രമമുണ്ടായപ്പോഴാണ് സമാന്തര മാധ്യമങ്ങള്‍ രൂപപ്പെട്ടത്. 27 വ്യവസായ കുടുംബങ്ങളാണ് ഇന്ത്യയിലെ 90 ശതമാനം മാധ്യമങ്ങളുടെ ഉള്ളടക്കത്തെയും നിയന്ത്രിക്കുന്നത്.

അമേരിക്കയില്‍ ഇത് കൂടുതല്‍ മോശമാണ്. 14 വ്യവസായ കുടുംബങ്ങളാണ് അമേരിക്കന്‍ മാധ്യമരംഗത്തെ 95 ശതമാനത്തിന്റെ ഉള്ളടക്കത്തെ നിയന്ത്രിക്കുന്നത്. ഏറ്റവും ലാഭകരമായ മൂലധന നിക്ഷേപം മാധ്യമമേഖലയാണെന്ന് എഫ്‌ഐസിസിഐ പ്രസിദ്ധീകരിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു. സ്വാതന്ത്ര്യലബ്ധിവരെ സാമൂഹിക ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ച മാധ്യമങ്ങളുടെ മാറ്റം പിന്നീട് കച്ചവട താല്‍പ്പര്യത്തിലേക്കായി. ഉദാരവല്‍ക്കരണം അത് പൂര്‍ണമാക്കി.

പരസ്യക്കാരനെയും മൂല്യമേറിയ ഉപഭോക്താവിനെയും ബന്ധിപ്പിക്കുന്ന പാലമായി മാധ്യമങ്ങള്‍ മാറി. പത്രധര്‍മ്മത്തിന് പുതിയ നിര്‍വചനങ്ങള്‍ രൂപപ്പെട്ടു. ബ്രിട്ടീഷ് പാരമ്പര്യത്തില്‍ നിന്ന് അമേരിക്കന്‍ മാതൃകയിലേക്കാണ് ഇന്ത്യയിലെ പത്രങ്ങള്‍ മാറിയത്. ധര്‍മ്മം നിയന്ത്രിക്കുന്ന സമൂഹത്തില്‍ നിയമങ്ങള്‍ അത്യാവശ്യമല്ല. ഭാരതത്തിലെയെങ്കിലും മാധ്യമങ്ങള്‍ ഇത്തരം ഔന്നത്യത്തിലേക്ക് ഉയരേണ്ടതുണ്ട്. ഭാരതീയ ധര്‍മ്മനീതിയായിരിക്കണം ഭാരതീയ മാധ്യമങ്ങളെ നയിക്കേണ്ടതും നിയന്ത്രിക്കേണ്ടതും- അദ്ദേഹം പറഞ്ഞു.

കേസരി മുഖ്യപത്രാധിപര്‍ ഡോ. എന്‍.ആര്‍. മധു അദ്ധ്യക്ഷത വഹിച്ചു. പി.വി.കെ. നെടുങ്ങാടി മാധ്യമ പുരസ്‌കാരം ജനം റിപ്പോര്‍ട്ടര്‍ എ.എന്‍. അഭിലാഷിന് പ്രൊഫ. കുട്യാല നല്‍കി. 11111 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. മാതൃഭൂമി റിട്ട. ഡെപ്യൂട്ടി എഡിറ്റര്‍ ടി. ബാലകൃഷ്ണന്‍, മലയാള മനോരമ റിട്ട. അസി. എഡിറ്റര്‍ പി. ദാമോദരന്‍ എന്നിവരെ മാധ്യമരംഗത്തെ സമഗ്ര സംഭാവനയെ മുന്‍നിര്‍ത്തി പ്രൊഫ. ബി.കെ. കുട്യാല ആദരിച്ചു. പ്രസ്‌ക്ലബ് ഐസിജെ ഡയറക്ടര്‍ വി.ഇ. ബാലകൃഷ്ണന്‍ ആശംസാപ്രസംഗം നടത്തി. ഭാഗ്യശീലന്‍ ചാലാട്, പി.വി.കെ. നെടുങ്ങാടി അനുസ്മരണ പ്രഭാഷണം നടത്തി. പി. ബാലകൃഷ്ണന്‍, ടി. വിജയന്‍, പി.വി. വിനോദ്കുമാര്‍, ഹരീഷ് കടയപ്രത്ത്, എം. ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

Kozhikode

English summary
Prof. BK Kutyala about journalism
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X