മലപ്പുറത്ത് കൊറോണ രോഗികളേക്കാള്‍ കൂടുതല്‍ രോഗമുക്തര്‍; ആശ്വാസം, ചികിത്സയില്‍ 10,503 പേര്‍
മലപ്പുറം: ജില്ലയില്‍ ചൊവ്വാഴ്ച 1,093 പേര്‍ വിദഗ്ദ ചികിത്സക്ക് ശേഷം കോവിഡ് രോഗമുക്തരായതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇതോടെ 32,542 പേരാണ് ജില്ലയില്‍ രോഗമുക്തി നേടിയത്. രോഗം ഭേദമാകുന്നരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ദ്ധനവ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരുന്നതായി ജില്ലാ കലക്ടര്‍ പറഞ്ഞു. കൃത്യമായ ആരോഗ്യ ജാഗ്രത ഉറപ്പാക്കാനായാല്‍ കൂടുതല്‍ രോഗ വ്യാപനം തടയുന്നതിനും സാധാരണ ജീവിതത്തിലേക്കുള്ള മടങ്ങി വരവിന് ആക്കം കൂട്ടാനും സാധിക്കുമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.

അതേസമയം 786 പേര്‍ക്കാണ് ചൊവ്വാഴ്ച പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചതെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഇതില്‍ 692 പേര്‍ നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായപ്പോള്‍ 78 പേര്‍ക്ക് ഉറവിടമറിയാതെയാണ് രോഗബാധയുണ്ടായത്. കൂടാതെ അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസ്ബാധ സ്ഥിരീകരിച്ചവരില്‍ നാല് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ഏഴ് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.
54,449 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 10,503 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 457 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 1,187 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്. ഇതുവരെ ജില്ലയില്‍ നിന്ന് പരിശോധനക്കയച്ച 2,34,050 സാമ്പിളുകളില്‍ 5,210 സാമ്പിളുകളുടെ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്. ഇതുവരെ 190 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്.
സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് 19 വ്യാപനമാണ് ജില്ലക്ക് ഭീഷണിയാകുന്നതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന. നിലവിലെ സാഹചര്യത്തില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഒരു കാരണവശാലും വീഴ്ച പാടില്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ഥിച്ചു.












Click it and Unblock the Notifications