മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചേകന്നൂര്‍ മൗലവി കേസ് ചുരുളഴിക്കാന്‍ എന്‍ഐഎ അന്വേഷിക്കണമെന്ന് കുടുംബം

  • By Desk
Google Oneindia Malayalam News

മലപ്പുറം: ചേകന്നൂര്‍ മൗലവി കേസിന്റെ ചുരുളഴിക്കാന്‍ എന്‍ഐഎ അന്വേഷിക്കണമെന്ന് കുടുംബം. കേസ് എന്‍ഐഎ അന്വേഷണിക്കണമെന്ന നിലപാടിലാണ് തങ്ങളെന്നും ഇക്കാര്യം കുടുംബത്തിലെ മുഴുവന്‍പേരുമായി ആലോചിച്ച് ശേഷം തുടര്‍നടപടികളെടക്കുമെന്നും മരുമകന്‍ എന്‍വി അയ്യൂബ്ഖാന്‍ പറഞ്ഞു. ചേകന്നൂര്‍ മൗലവിക്കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം വീണ്ടും കോടതിയെ സമീപിക്കും. ഒന്നാംപ്രതി വിവി ഹംസയെ കോടതി വെറുതെ വിട്ടതോടെയാണ് കേസ് ഇനി എന്‍ഐഎ അന്വേഷിക്കണമെന്ന നിലപാടിലെത്താന്‍ കാരണം.

<strong>അയ്യപ്പൻ സ്ത്രീവിരോധിയാണെന്ന് കരുതുന്നില്ല, വ്രതമെടുത്ത് മലചവിട്ടാനൊരുങ്ങി സൂര്യാ ദേവാർച്ചന</strong>അയ്യപ്പൻ സ്ത്രീവിരോധിയാണെന്ന് കരുതുന്നില്ല, വ്രതമെടുത്ത് മലചവിട്ടാനൊരുങ്ങി സൂര്യാ ദേവാർച്ചന

എന്നാല്‍ ഇതിനുവേണ്ടി ഏതുരീതിയില്‍ ഇനി മുന്നോട്ടുപോകണമെന്ന കാര്യം കുടുംബം കൂടിയിലിരുന്ന് അലോചിച്ച ശേഷം തീരുമാനിക്കുമെന്നു ചേകന്നൂര്‍ മൗലവിയുടെ മക്കളും മരുമക്കളും പറഞ്ഞു. കേസില്‍ അന്വേഷണ സംഘത്തിന് ലഭിച്ച തെളിവുകള്‍ കോടതിയില്‍ എത്താത്തതാണ് പ്രതി രക്ഷപ്പെടാന്‍ കാരണമായതെന്നും കുടുംബം ചൂണ്ടിക്കാട്ടി. പുതിയ ഹൈക്കോടതി വിധിയോടെ ചേകന്നൂര്‍ മൗലവി കേസ് വീണ്ടും തിരോധാന കേസായി മാറി. 25വര്‍ഷം മുമ്പ് മതപ്രഭാഷണം നടത്താന്‍ പോയ ചേകന്നൂര്‍ മൗലവി കൊല്ലപ്പെട്ടു എന്നത് അനുമാനം മാത്രമാണെന്ന് കോടതി നിരീക്ഷിച്ചതോടെയാണ് പുനരന്വേഷണം എന്ന ആവശ്യവുമായി കുടുംബം വീണ്ടും രംഗത്തുവരുന്നത്.

Saleem

രണ്ടുഭാര്യമാരിലായി ചേകന്നൂര്‍ മൗലവിക്ക് ഏഴുമക്കളാണുള്ളത്. ആദ്യഭാര്യ ഹവ്വാഉമ്മയില്‍ സുഹ്‌റ, സല്‍മ, റസിയ എന്നീ മൂന്നു പെണ്‍മക്കളാണുള്ളത്. ഇതില്‍ മൂത്തമകള്‍ സുഹ്‌റ ഭര്‍ത്താവ് നസ്‌റുദ്ദീനൊപ്പം തൃശൂര്‍ കൊടുങ്ങല്ലൂരിലാണ് താമസം. തഴെയുള്ള സല്‍മയും റസിയയും ഭര്‍ത്താക്കന്‍മാരായ ഇഖ്ബാലിനും എന്‍.വി അയ്യൂബ്ഖാനും കൂടെ പാലക്കാട് കുമരനെല്ലൂരിലാണ്. ഹവ്വാഉമ്മ മൂന്നു മക്കളുടെ വീടുകളിലായി മാറി മാറി താമസിക്കുന്നു. രണ്ടാംഭാര്യ സുബൈദ തിരൂര്‍ പറവണ്ണയിലാണ് താമസം. ഇവരിലെ മക്കളായ യാസര്‍, സവാദ്, ഷിയാസ്, ആസിഫ് എന്നിവര്‍ വിദേശത്താണ്.

കേസില്‍ പ്രതിയെ വെറുതെവിട്ടത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും അറിയില്ലെന്നും വിഷയം കുടുംബത്തിലുള്ളവരുമായി ചര്‍ച്ചചെയ്യുമെന്നും ശേഷം തുടര്‍നടപടിയെടുക്കുമെന്നും മൂത്തമകള്‍ സുഹ്‌റ പറഞ്ഞു. പ്രതിക്കെതിരെ ലഭിച്ച തെളിവുകള്‍ കോടതിയില്‍ എത്താത്തതിനാലാണ് പ്രതി രക്ഷപ്പെടാന്‍ കാരണമായതെന്നും കേസിന്റെ തുടക്കംമുതല്‍ നിയമനടപടികള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന ചേകന്നൂര്‍ മൗലവിയുടെ അമ്മാവനായ സാലിം ഹാജി പറഞ്ഞു.

സി.ബി.ഐ അന്വേഷിച്ചുകണ്ടെത്തിയ പ്രധാനതെളിവുകള്‍ ഒന്നുംതന്നെ കോടതിയില്‍ എത്തിയില്ലെന്നും കേസിലെ പ്രതികളെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടും വിവരങ്ങള്‍ കോടതിയില്‍ എത്താതെ അട്ടിമറിക്കപ്പെടുകയാണ് ചെയ്തതെന്നും സലീം ഹാജി പറഞ്ഞു. പ്രതികള്‍ ശിക്ഷിക്കപ്പെടാനുള്ള നിരവധി തെളിവുകള്‍ സി.ബി.ഐക്ക് ലഭിച്ചിരുന്നു. എന്നാല്‍ ഇവയെല്ലാം ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയും സാക്ഷികളെ മാറ്റിയും അന്വേഷണ സംഘം അട്ടിമറക്കുകയായിരുന്നുവെന്നും സലീം ഹാജി പറഞ്ഞു.

25വര്‍ഷം മുമ്പ് മഴ തൂങ്ങിനില്‍ക്കുന്ന രാത്രിയിലാണ് ഒരുസംഘം ആളുകള്‍ ചേകനൂര്‍ മൗലവിയെ കൂട്ടിക്കൊണ്ടുപോയത്. അദ്ദേഹം പിന്നീട് തിരിച്ചുവന്നില്ല. മൗലവിയെ കൊലപ്പെടുത്തിയെന്ന് കണ്ടെത്താന്‍ വര്‍ഷങ്ങളുടെ അന്വേഷണം വേണ്ടിവന്നു. ആ കൂട്ടിക്കൊണ്ടുപോകലിന് 25 വര്‍ഷം പിന്നിടുമ്പോള്‍ മൃതദേഹംപോലും കിട്ടിയില്ലെന്ന വിഷമം മാത്രമല്ല കുടുംബത്തിന്. 25വര്‍ഷത്തിനിപ്പുറവും ഒറ്റപ്രതികള്‍ പോലും ശിക്ഷിക്കപ്പെട്ടില്ലെന്ന ദു:ഖംകൂടിയുണ്ട്. കോളിളക്കമുണ്ടാക്കിയ കേസിലെ ഒമ്പത് പ്രതികളില്‍ ഒരാളെ മാത്രം ഇരട്ടജീവപര്യന്തത്തിനു ശിക്ഷിച്ചു.

അവസാനം ഇയാളെയും കോടതി വെറുതെ വിട്ട അവസ്ഥയാണിപ്പോള്‍. ചേകനൂര്‍ മൗലവി (58) എന്ന ചേകനൂര്‍ പി.കെ.അബുല്‍ ഹസ്സന്‍ മൗലവിയുടെ മതപരമായ ആശയങ്ങളോടുള്ള വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമായതെന്നായിരുന്നു കേസ്. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരടക്കം ആരോപണത്തിന്റെ മുള്‍മുനയില്‍ നില്‍ക്കുകയും ഒരു ഘട്ടത്തില്‍ പ്രതിചേര്‍ക്കപ്പെടുകയും പിന്നീട് കോടതി ഒഴിവാക്കുകയും ചെയ്തത് കൂടി ചേര്‍ന്നതാണ് ചേകന്നൂര്‍ കേസിന്റെ നാള്‍വഴികള്‍.

ഖുറാന്‍ സുന്നത്ത് സൊസൈറ്റിയുടെ സ്ഥാപകനായ ചേകന്നൂര്‍ മൗലവി മതഗ്രന്ഥങ്ങളുടെ വേറിട്ട വ്യാഖ്യാനമാണു നടത്തിയത്. 1993 ജൂലൈ 29ന് ആണ് എടപ്പാള്‍ കാവില്‍പ്പടിയിലെ വീട്ടില്‍നിന്ന് ചേകനൂര്‍ മൗലവിയെ രണ്ടുപേര്‍ കൂട്ടിക്കൊണ്ടുപോയത്. ജൂലൈ 31ന് മൗലവിയുടെ ഭാര്യ ഹവ്വാ ഉമ്മയും അമ്മാവന്‍ സാലിം ഹാജിയും പൊന്നാനി പോലീസില്‍ പരാതി നല്‍കി. ഓഗസ്റ്റ് 16ന് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. 1996 ഓഗസ്റ്റ് രണ്ടിനു സി.ബി.ഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. 2000നവംബര്‍ 27ന് ആദ്യ രണ്ടു പ്രതികളെ തൃശൂരില്‍നിന്ന് അറസ്റ്റ് ചെയ്തു. ഒമ്പതു പ്രതികളുണ്ടായിരുന്ന കേസില്‍ 2010 സെപ്റ്റംബര്‍ 29ന് ആലങ്ങോട് കക്കിടിപ്പുറം വി.വി.ഹംസയ്ക്ക് ഇരട്ടജീവപര്യന്തം വിധിച്ചു.

ഇറക്കിക്കൊണ്ടുപോകല്‍, കൊലപാതകം, മൃതദേഹം മറവുചെയ്യല്‍, മറവുചെയ്തിടത്തുനിന്നു മാറ്റല്‍ എന്നിങ്ങനെ നാലു സംഘങ്ങളായാണ് കുറ്റകൃത്യം നടപ്പാക്കിയതെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നെന്ന് സാലിം ഹാജി പറയുന്നു.മതപഠന ക്ലാസിനെന്നു പറഞ്ഞ് മൗലവിയെ രണ്ടുപേര്‍ വാഹനത്തില്‍ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. കക്കാട്ടുനിന്ന് അഞ്ചുപേര്‍ കൂടി വാഹനത്തില്‍ കയറി. ശ്വാസം മുട്ടിച്ചുകൊന്ന ശേഷം പുളിക്കല്‍ ചുവന്നകുന്നിനോടു ചേര്‍ന്നുള്ള ആന്തിയൂര്‍കുന്നില്‍ കുഴിച്ചിട്ടുവെന്നായിരുന്നു പറയപ്പെട്ടിരുന്നത്.

പിന്നീട് ഇവിടെനിന്നും മൃതദേഹം മാറ്റിയെന്നും പറയുന്നു. കേസ് ഡയറി കാണാനില്ലെന്ന ഉദ്യോഗസ്ഥരുടെ നിലപാട്, തെളിവുകള്‍കൈകാര്യം ചെയ്യുന്നില്‍ വന്ന വീഴ്ച, വ്യക്തമായ സൂചനകള്‍ പോലും പ്രയോജനപ്പെടുത്താതിരുന്ന സി.ബി.ഐ നിലപാട്. ഇങ്ങനെ പല ഘടകങ്ങളും വിധി പ്രതികള്‍ക്ക് അനുകൂലമാക്കിയെന്ന് കേസ് നടത്തിപ്പിന് നേതൃത്വം നല്‍കിയ അമ്മാവന്‍ സലീം ഹാജി പറഞ്ഞു. കേസിലെ യഥാര്‍ഥ സാക്ഷികളില്‍ പലരും ഇതിനോടകം മരണപ്പെട്ടുവെന്നും ഇനി ജീവിച്ചിരിക്കുന്നത് ഒരു സാക്ഷി മാത്രമാണെന്നും സലീം ഹാജി പറയുന്നു.

Malappuram
English summary
Family's comment about Chekannoor Moulavi case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X