മന്ത്രി കെടി ജലീലിന്റെ വാർഡിൽ യുഡിഎഫ് ജയിച്ചോ? പൊട്ടക്കിണറ്റിലെ തവളകൾ, ജലീലിന്റെ ചുട്ട മറുപടി
മലപ്പുറം: ഇക്കുറി തദ്ദേശ തിരഞ്ഞെടുപ്പില്‍ പല പ്രമുഖ നേതാക്കളുടേയും വാര്‍ഡുകളില്‍ എതിര്‍ പാര്‍ട്ടിക്കാരാണ് ജയിച്ചത്. രമേശ് ചെന്നിത്തലയുടേയും ഉമ്മന്‍ ചാണ്ടിയുടേയും വി മുരളീധരന്റെയും അടക്കം വാര്‍ഡുകളില്‍ ജയിച്ചത് എതിര്‍ പാര്‍ട്ടിക്കാരായിരുന്നു.
മന്ത്രി കെടി ജലീലിന്റെ വാര്‍ഡായ വളാഞ്ചേരി നഗരസഭയിലെ കാരാട് ജയിച്ചത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ്. എല്‍ഡിഎഫ് പിന്തുണച്ച വളാഞ്ചേരി ഡെവലപ്പ്‌മെന്റ് ഫോറം സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ചത് മുസ്ലീം ലീഗിന്റെ മുന്‍സിപ്പല്‍ കമ്മിറ്റി പ്രസിഡണ്ടായിരുന്ന അഷ്‌റഫ് അമ്പലത്തിങ്ങലാണ്. ജലീലിന്‌റെ വാര്‍ഡിലെ എല്‍ഡിഎഫ് തോല്‍വി യുഡിഎഫ് കാര്യമായി ആഘോഷിക്കുന്നതിനിടെ മന്ത്രി മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ്.

എന്താണ് നിജസ്ഥിതി?
തൊട്ടവനെ തൊട്ട് സായൂജ്യമടയുന്നവരോട് എന്ന തലക്കെട്ടിലാണ് കെടി ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പ്. പൂർണരൂപം വായിക്കാം: '' എൻ്റെ വാർഡിൽ യുഡിഎഫ് ജയിച്ചു എന്നാണല്ലോ ഇമ്മിണി വലിയ അവകാശവാദം. എന്താണ് നിജസ്ഥിതി? വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ അഞ്ചാം വാർഡിൽ 2015 ൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലും ജയിച്ചത് യുഡിഎഫ് ആയിരുന്നു. മുനിസിപ്പാലിറ്റി ഭരിച്ചതും യുഡിഎഫ് തന്നെ.

ഇങ്ങിനെയുണ്ടോ ഒരു രാഷ്ട്രീയ പക!
കഴിഞ്ഞ ഭരണസമിതിയിൽ എൽഡിഎഫിന് 12 സീറ്റായിരുന്നു. ആ പന്ത്രണ്ട് ഇത്തവണയും നിലനിർത്തി. എന്നാൽ യുഡിഎഫിൻ്റെ അംഗബലം 21 ൽ നിന്ന് 19 ആയി. ഒരിടത്ത് ഇക്കുറി ബിജെപി ജയിച്ചു. മറ്റൊരിടത്ത് ഒരു മുന്നണിയിലും പെടാത്ത സ്വതന്ത്ര സ്ഥാനാർത്ഥിയും വിജയിച്ചു. ലീഗ് വിട്ട ശേഷം ഇതുവരെ എന്നെ ഒരിടത്തും തോൽപ്പിക്കാൻ കഴിയാത്തവർ എങ്ങിനെയൊക്കെയാണ് ആത്മസായൂജ്യമടയുന്നത്? ഇങ്ങിനെയുണ്ടോ ഒരു രാഷ്ട്രീയ പക!

പൊട്ടക്കിണറ്റിലെ തവളകളോട് എന്തുപറയാൻ?
എവിടെയും തോൽപ്പിക്കാൻ കഴിയില്ലെങ്കിൽ പിന്നെ, ഞാൻ വോട്ട് ചെയ്ത സ്ഥാനാർത്ഥിയെ തോൽപ്പിച്ചുവെന്ന് പറഞ്ഞ് ആഹ്ളാദഭരിതരാകുന്ന പൊട്ടക്കിണറ്റിലെ തവളകളോട് എന്തുപറയാൻ? അത്തരക്കാർ മലപ്പുറത്തിനപ്പുറത്തേക്ക് കണ്ണൊന്ന് തുറന്ന് നോക്കണം. എങ്ങും എവിടെയും ചുവപ്പാണ്. മലപ്പുറത്തുതന്നെ പൊന്നാനിയും തവനൂരും നിലമ്പൂരും ചുവന്നുതന്നെ ഇരിപ്പിണ്ട്.

തവനൂരിലെ ഫലം
എ.കെ. ആൻ്റെണി, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, കേന്ദ്രമന്ത്രി വി. മുരളീധരൻ തുടങ്ങിയ ദേശീയ പ്രമുഖരുടെ വീട് നിൽക്കുന്ന വാർഡുകളിൽ വിജയിച്ചത് സ്വന്തം പാർട്ടിക്കാരാണോയെന്ന് തദ്ദേശ ഗവേഷകർ അന്വേഷിച്ച് മനസ്സിലാക്കുന്നത് നന്നാകും. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ തവനൂർ അസംബ്ലി മണ്ഡലത്തിലെ 7 പഞ്ചായത്തുകളിൽ നാലിടത്ത് എൽഡിഎഫും മൂന്നിടത്ത് യുഡിഎഫും ഭൂരിപക്ഷം നേടി.

രാജകീയ വിജയം
തവനൂർ മണ്ഡലത്തിൻ്റെ വിവിധ ഭാഗങ്ങൾ ഉൾക്കൊള്ളുന്ന 4 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ മൂന്നിടത്തും (ചങ്ങരങ്കുളം, എടപ്പാൾ, മംഗലം) ഇത്തവണ വിജയിച്ചത് എൽഡിഎഫ് സ്ഥാനാർത്ഥികളാണ്. തവനൂർ മണ്ഡലം ഉൾക്കൊള്ളുന്ന രണ്ടു ബ്ലോക്ക് പഞ്ചായത്തുകളിലും (പൊന്നാനി, തിരൂർ) രാജകീയ വിജയം നേടി അധികാരത്തിലെത്തിയതും ഇടതു മുന്നണിയാണ്. മറക്കണ്ട. 2020 ലെ അപവാദ പ്രചരണങ്ങളുടെ മഹാപ്രളയത്തെ നേരിൻ്റെ പ്രതിരോധം തീർത്ത് തടഞ്ഞുനിർത്തി, സഖാവ് പിണറായി വിജയൻ്റെ കരങ്ങൾക്ക് ശക്തി പകർന്ന എല്ലാ നല്ലവരായ വോട്ടർമാർക്കും നന്ദി... നന്ദി...നന്ദി''