അപ്രഖ്യാപിത ഹര്‍ത്താല്‍ അക്രമം: പതിനാലാം പ്രതി പിടിയില്‍, പോലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെട്ടു!
മലപ്പുറം: ഇക്കഴിഞ്ഞ ഏപ്രില്‍ 16ന് നടന്ന അപ്രഖ്യാപിത ഹര്‍ത്താലിനോടനുബന്ധിച്ചുണ്ടായ അക്രമ സംഭവങ്ങളില്‍ ഇന്നലെ ഒരാളെ കൂടി മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി പുല്‍പ്പറ്റ ഷാപ്പിന്‍കുന്ന് വട്ടപ്പറമ്പില്‍ നിഷാദ് (39) നെയാണ് മഞ്ചേരി സി ഐ എന്‍ ബി ഷൈജു, എസ് ഐ ജലീല്‍ കറുത്തേടത്ത്, എ എസ് ഐ നാസര്‍, സി പി ഒ മാരായ മിഷ, ദിനേശ് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.
സംഭവ ദിവസം കിടങ്ങഴിയില്‍ റോഡില്‍ മാര്‍ഗ്ഗ തടസ്സം സൃഷ്ടിക്കുകയും തടയാനെത്തിയ പൊലീസിന്റെ ഔദ്യോഗിക കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. ജസ്റ്റിസ് ഫോര്‍ ആസിഫ, യൂത്ത് ഓഫ് എംജെഐ 5 പിഎം അറ്റ് ഐജിബിടി, നമ്മുടെ സ്വന്തം മുള്ളമ്പാറ, മുപ്പത്തിരണ്ടിലെ സ്‌നേഹിതര്‍ എന്നീ കൂട്ടായ്മകളാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. അറസ്റ്റിലായ പ്രതിക്കെതിരെ പൊലീസ് പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ് 2012 (പോക്‌സോ) പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതിയെ മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

അതേ സമയം എടക്കര ബസ് സ്റ്റാന്റില്‍ ചുമട്ടുതൊഴിലാളികളെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികളായ മൂന്ന് പേരെ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) വെറുതെ വിട്ടു. എസ് ഡി പി ഐ പ്രവര്‍ത്തകരും മരുത മുരിങ്ങാമുണ്ട സ്വദേശികളുമായ പാവുക്കാടന്‍ ഉസ്മാന്‍, നൂറേമൂച്ചി മുജീബ് റഹ്മാന്‍, ചെറവലങ്ങ് മീത്തല്‍ മുഹമ്മദ് നജീബ് എന്നിവരെയാണ് കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടത്. കേസിലെ ആദ്യ രണ്ട് പ്രതികളായ സാദിഖ്, നിയാസ് എന്നിവരെ കോടതി ഇന്ത്യന്‍ ശിക്ഷാനിയമം 307 പ്രകാരം അഞ്ചു വര്‍ഷം കഠിന തടവിനും 35000 രൂപ പിഴയടക്കാനും ശിക്ഷിച്ചിരുന്നു. 2010 ഫെബ്രുവരി 20നാണ് കേസിന്നാസ്പദമായ സംഭവം.












Click it and Unblock the Notifications