അര്‍ധരാത്രി വരെ 5 മുസ്ലിം ലീഗ് നേതാക്കളുടെ ചര്‍ച്ച; പ്രശ്‌നം തീര്‍ത്തിട്ടേ പോകൂ... ഒടുവില്‍ കെട്ടടങ്ങി
മലപ്പുറം: എംഎസ്എഫ് നേതാക്കളും ഹരിത ഭാരവാഹികളും തമ്മിലുള്ള വിവാദം തീരുന്നു. ഹരിത നേതാക്കളുടെ ആവശ്യം മുസ്ലിം ലീഗ് നേതൃത്വം അംഗീകരിച്ചുവെന്ന് സൂചന. എംഎസ്എഫിന്റെ മൂന്ന് നേതാക്കള്‍ക്കെതിരെ നടപടിയെടുക്കും. ഹരിത ഭാരവാഹികള്‍ വനിതാ കമ്മീഷനില്‍ നല്‍കിയ പരാതി പിന്‍വലിക്കും. ഇന്ന് മുസ്ലിം ലീഗ് നേതൃത്വം ഇക്കാര്യത്തിലെ തീരുമാനങ്ങള്‍ പ്രഖ്യാപിക്കുമെന്നാണ് വിവരം.
ആഴ്ചകളായി മുസ്ലിം ലീഗ് നേതാക്കള്‍ക്ക് തലവേദനയായി നിന്നിരുന്ന വിവാദമാണ് അവസാനിക്കുന്നത്. അഞ്ച് പ്രമുഖ ലീഗ് നേതാക്കള്‍ മലപ്പുറത്തെ ഓഫീസില്‍ അര്‍ധരാത്രി വരെ നടത്തിയ ചര്‍ച്ചയിലാണ് പരിഹാര ഫോര്‍മുല തയ്യാറായത്. നേതാക്കള്‍ക്കിടയില്‍ ഭിന്ന അഭിപ്രായം ഉയര്‍ന്നതിനാലാണ് ചര്‍ച്ച വൈകിയത്. വിശദാംശങ്ങള്‍ ഇങ്ങനെ...
അനാര്‍ക്കലിയില്‍ അതി സുന്ദരിയായി പ്രിയ വാര്യര്‍; വൈറല്‍ ഫോട്ടോഷൂട്ട് കാണാം

ഇടി മുഹമ്മദ് ബഷീര്‍ എംപി ഉള്‍പ്പെടെയുള്ള നേതാക്കളുടെ ചര്‍ച്ചകളാണ് സമവായത്തിലേക്ക് എത്തിയത്. ഹരിത നേതാക്കളെയും എംഎസ്എഫ് നേതാക്കളെയും അദ്ദേഹം കണ്ടിരുന്നു. നേരത്തെ പാണക്കാട്ടെ കൊടപ്പനക്കല്‍ തറവാട്ടില്‍ നടന്ന ചര്‍ച്ച തീരുമാനമാകാതെ പിരിയുകയാണ് ചെയ്തത്. പരാതി പിന്‍വലിക്കണമെന്ന ആവശ്യം കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ മുന്നോട്ട് വച്ചെങ്കിലും ഹരിത ഭാരവാഹികള്‍ തയ്യാറായിരുന്നില്ല.

എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ്, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വിഎ വഹാബ്, കബീര്‍ മുതുപറമ്പ് എന്നിവര്‍ക്കെതിരെയാണ് ഹരിത നേതാക്കളുടെ പരാതി. ഇവര്‍ ലൈംഗിക അധിക്ഷേപം നടത്തിയെന്നാണ് ആരോപണം. മുസ്ലിം ലീഗ് നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്നും തുടര്‍ന്നാണ് വനിതാ കമ്മീഷനെ സമീപിച്ചതെന്നും ഭാരവാഹികള്‍ പറഞ്ഞു.

എംഎസ്എഫ് നേതാക്കള്‍ക്കെതിരെ വനിതാ കമ്മീഷനില്‍ പരാതി നല്‍കിയതോടെയാണ് മുസ്ലിം ലീഗ് നേതൃത്വം പരിഹാരത്തിന് ഇടപെട്ടത്. തുടര്‍ന്നായിരുന്നു പാണക്കാട്ടെ ചര്‍ച്ച. ഹരിത നേതാക്കള്‍ നിലപാടില്‍ ഉറച്ച് നിന്നു. അതോടെ ഹരിത സംസ്ഥാന കമ്മിറ്റിയെ മുസ്ലിം ലീഗ് മരവിപ്പിച്ചു. നിലവില്‍ ഹരിത സംസ്ഥാനകമ്മിറ്റിയില്ല. ഇനി സജീവമാക്കാനും ആലോചിക്കുന്നില്ലെന്നാണ് വിവരം. അതേസമയം, കേസുമായി ബന്ധപ്പെട്ട് പോലീസ് നടപടി ആരംഭിക്കുകയും ചെയ്തു.

ഹരിത സംസ്ഥാന കമ്മിറ്റിയിലെ 10 നേതാക്കളാണ് വനിതാ കമ്മീഷനെതിരെ പരാതി നല്‍കിയത്. എന്നാല്‍ ഇവരെ കേള്‍ക്കാതെ മുസ്ലിം ലീഗ് നേതൃത്വം ഹരിത സംസ്ഥാന കമ്മിറ്റി മരവിപ്പിച്ചു എന്ന ആക്ഷേപം ഉയര്‍ന്നു. ഹരിത നേതാക്കളുടെ നിലപാടിനോട് പൂര്‍ണമായും വിയോജിക്കാന്‍ എംകെ മുനീര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ തയ്യാറായിരുന്നില്ല. കെപിഎ മജീദും വനിതാ നേതാക്കളുടെ നിലപാട് മാനിക്കണമെന്ന് ആവശ്യപ്പെട്ടു.

തുടര്‍ന്നായിരുന്നു ഇന്നലെ മലപ്പുറത്തെ ലീഗ് ഓഫീസില്‍ അഞ്ച് പ്രമുഖരായ മുസ്ലിം ലീഗ് നേതാക്കള്‍ പങ്കെടുത്ത ചര്‍ച്ച നടന്നത്. ഹരിത നേതാക്കളുമായും എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസുമായും ചര്‍ച്ച നടന്നു. എംഎസ്എഫിന്റെ ജില്ലാ നേതാക്കളെ യോഗത്തിലേക്ക് വിളിപ്പിച്ചില്ല. പികെ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീര്‍, പിഎംഎ സലാം, എംകെ മുനീര്‍, സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

രാത്രി 12 മണി വരെ നടന്ന ചര്‍ച്ചയില്‍ ചില ധാരണകളിലെത്തുകയായിരുന്നു. പ്രശ്‌നം തീരാതെ പോകില്ല എന്നായിരുന്നു ലീഗ് നേതൃത്വത്തിന്റെ നിലപാട്. എംഎസ്എഫ് നേതാക്കളെ സസ്‌പെന്റ് ചെയ്യാനാണ് ഒരു തീരുമാനം. ഹരിത നേതാക്കള്‍ പരാതി പിന്‍വലിക്കണമെന്നും നിര്‍ദേശിച്ചു. എംഎസ്എഫ് നേതാക്കള്‍ക്കെതിരെ നടപടിയെടുത്താല്‍ പരാതി പിന്‍വലിക്കുമെന്ന് ഹരിത ഭാരവാഹികള്‍ നേരത്തെ നേതൃത്വത്തെ അറിയിച്ചിരുന്നു.

പികെ നവാസിനെ രണ്ടാഴ്ചത്തേക്കാണ് സസ്‌പെന്റ് ചെയ്യുക എന്നാണ് വിവരം. കബീര്‍ മുതുപറമ്പ്, വിഎ അബ്ദുല്‍ വഹാബ് എന്നിവര്‍ക്കെതിരെയും നടപടിയുണ്ടാകും. ജൂണില്‍ കോഴിക്കോട് ചേര്‍ന്ന എംഎസ്എഫ് യോഗത്തില്‍ വനിതാ നേതാക്കള്‍ക്കെതിരെ സംസ്ഥാന അധ്യക്ഷന്‍ ലൈംഗിക അധിക്ഷേപം നടത്തിയെന്നാണ് ആരോപണം. ജില്ലാ നേതാവ് ഫോണില്‍ വിളിച്ചും അധിക്ഷേപിച്ചുവെന്ന് ഹരിത ഭാരവാഹികള്‍ പറഞ്ഞിരുന്നു.

അതേസമയം, വിവാദം ഉയര്‍ത്തിയ ഹരിത നേതാക്കളെ ഇനി പുതിയ ഭാരവാഹിത്വത്തിലേക്ക് പരിഗണിച്ചേക്കില്ല. നേതൃത്വത്തെ എതിര്‍ത്തവര്‍ ഇനി സംഘടനാ തലത്തില്‍ ഭാരവാഹികളാകേണ്ടെന്നാണ് മുസ്ലിം ലീഗ് നേതാക്കളുടെ പൊതുവികാരം. എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയയെ പുനഃസംഘടനാ വേളയില്‍ മാറ്റി നിര്‍ത്തുമെന്നാണ് സൂചന.
എന്തൊരു സുന്ദരിയാ കാണാന്‍; ട്രെന്‍ഡിംഗായി നയന്‍താര ചക്രവര്‍ത്തിയുടെ ചിത്രങ്ങള്‍












Click it and Unblock the Notifications