നിലമ്പൂര്‍ പിടിച്ചെടുത്ത് എല്‍ഡിഎഫ്; കോണ്‍ഗ്രസിന്റെ ഏക മുന്‍സിപ്പാലിറ്റിയും നഷ്ടമായി, ബിജെപി 1
മലപ്പുറം: മുന്‍സിപ്പാലിറ്റിയായി മാറിയ ശേഷം കോണ്‍ഗ്രസാണ് നിലമ്പൂര്‍ ഭരിച്ചത്. 2010ലും 2015ലും കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ അധികാരത്തിലെത്തിയ യുഡിഎഫ് ഇത്തവണ വീണു. സംസ്ഥാനത്ത് ഉടനീളം ആഞ്ഞടിച്ച ഇടതു തരംഗം നിലമ്പൂരിലും പ്രതിഫലിച്ചു. ആകെയുള്ള 33 ഡിവിഷനുകളില്‍ 22 സീറ്റുകള്‍ എല്‍ഡിഎഫ് പിടിച്ചു. ഒമ്പതില്‍ യുഡിഎഫും ജയിച്ചു. ബിജെപിക്ക് ഒരു സീറ്റ് ലഭിച്ചു എന്നതാണ് ഇത്തവണ എടുത്തുപറയേണ്ട മറ്റൊരു പ്രത്യേകത. രണ്ടാം ഡിവിഷനില്‍ മല്‍സരിച്ച വിജയനാരായണന്‍ ബിജെപിക്ക് വേണ്ടി വെന്നിക്കൊടി നാട്ടി. സിപിഎമ്മിന്റെ ബാലകൃഷ്ണന്‍ രണ്ടാം സ്ഥാനത്തും യുഡിഎഫ് മൂന്നാം സ്ഥാനത്തുമെത്തി. എല്‍ഡിഎഫ് വികസന മുന്നണിയുടെ പേരില്‍ കൂടുതല്‍ സ്വതന്ത്രരെ അണി നിരത്തിയാണ് ജനവിധി തേടിയത്.
യുഡിഎഫിന്റെ കുത്തക അവസാനിപ്പിച്ചാണ് എല്‍ഡിഎഫ് മുന്നേറ്റം നടത്തിയിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനൊപ്പം നിന്ന നിലമ്പൂര്‍ തദ്ദേശ തിരഞ്ഞെടുപ്പിലും എല്‍ഡിഎഫിനെ പുല്‍കിയിരിക്കുകയാണിപ്പോള്‍. 2005ല്‍ ആര്യാടന്‍ ഷൗക്കത്തായിരുന്നു നിലമ്പൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്. 2010ലാണ് നിലമ്പൂര്‍ മുന്‍സിപ്പാലിറ്റിയായത്. നഗരസഭയുടെ ആദ്യ ചെയര്‍മാനായി ആര്യാടന്‍ ഷൗക്കത്ത് തന്നെ എത്തി. 2015ല്‍ കോണ്‍ഗ്രസിലെ പത്മിനി ഗോപിനാഥ് ചെയര്‍പേഴ്‌സണായി.
ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥികള്‍ക്കൊപ്പം നിറഞ്ഞുനിന്നിരുന്നു പിവി അന്‍വര്‍ എംഎല്‍എ. രാവും പകലും അന്‍വര്‍ എംഎല്‍എ പ്രചാരണത്തിന് ആവേശം നല്‍കി. രാത്രിയുള്ള ചില പ്രചാരണങ്ങള്‍ വിവാദമായി എന്നതും എടുത്തുപറയേണ്ടതാണ്. നിലമ്പൂര്‍ മുന്‍സിപ്പാലിറ്റിയുടെ ഭരണം എല്‍ഡിഎഫ് പിടിക്കുമ്പോള്‍ പിവി അന്‍വര്‍ എംഎല്‍എയ്ക്കും അതിന്റെ ക്രെഡിറ്റുണ്ട് എന്ന് പറയാതിരിക്കാനാകില്ല.
ആര്യാടന്‍മാരുടെ തട്ടകം ഇനി ഇടതുപക്ഷത്തിന് സ്വന്തം എന്നാണ് പിവി അന്‍വര്‍ എംഎല്‍എ പ്രതികരിച്ചത്. ഉമ്മന്‍ ചാണ്ടി, ആര്യാടന്‍ മുഹമ്മദ്, പികെ കുഞ്ഞാലിക്കുട്ടി എന്നിവരുള്‍പ്പെടെയുള്ള നേതാക്കള്‍ യുഡിഎഫിന് വേണ്ടി പ്രചാരണത്തിന് എത്തിയിരുന്നു. സിപിഎം നേതാക്കള്‍ക്ക് പുറമെ കേരള കോണ്‍ഗ്രസ് ജോസ് പക്ഷം നേതാവ് റോഷി അഗസ്റ്റിന്‍ എംഎല്‍എയും നിലമ്പൂരില്‍ എല്‍ഡിഎഫ് പ്രചാരണത്തിന് എത്തി.
