മഴക്കെടുതിയില്‍ വീട് നഷ്ടമായ അലക്‌സാണ്ടറിന് വീടൊരുക്കുന്നത് പോലീസുകാര്‍
മലപ്പുറം: കാക്കിക്കുള്ളിലെ കാരുണ്യത്തില്‍ അലക്‌സാണ്ടറിന് വീടൊരുങ്ങുന്നു. ഇതോടെ മഹാമാരിവിതച്ച ദുരിതകയത്തില്‍ നിന്നും പ്രതീക്ഷയുടെ ചിറകിലേറി ഒരു കുടുംബം ജീവിത തീരത്തേക്കണയുന്നു. ഇക്കഴിഞ്ഞ കാലവര്‍ഷ കെടുതിയിലാണ് എടക്കര കൗക്കാട് വാഴത്തോട്ടത്തില്‍ ഉലഹന്നാന്റെ മകന്‍ അലക്‌സാണ്ടറുടെ വീട് നിലംപൊത്തിയത്. ഭാര്യ ഷൈബിയും ഏഴിലും മൂന്നിലും പഠിക്കുന്ന മക്കളായ ആല്‍ബിനും അസിനുമൊത്ത് ഇനി എങ്ങോട്ടു പോകണമെന്നറിയാതെ പകച്ചു നില്‍ക്കുമ്പോഴാണ് എടക്കര സി.ഐ സുനില്‍ പുളിക്കന്‍ ആശ്വാസമേകി ഇവര്‍ക്കരികിലെത്തിയത്.
തുടര്‍ന്ന് വില്ലേജ് അധികാരികളുമായി സഹകരിച്ച് വാടക വീട്ടില്‍ താത്കാലിക താമസ സൗകര്യമൊരുക്കി. പ്രളയം വിഴുങ്ങിയ കേരളത്തെ പുനരുജ്ജീവിപ്പിക്കാന്‍ നാടാകെ കൈകോര്‍ക്കുന്ന വാര്‍ത്തകള്‍ ദിനം പ്രതി പുറത്ത് വരുമ്പോള്‍ കാക്കിക്കുള്ളിലെ സുമനസ്സുകളും ഉണര്‍ന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി യിലേക്കു സര്‍ക്കാര്‍ ജീവനക്കാരുടെ പങ്ക് നല്‍കേണ്ടതായുണ്ടെങ്കിലും അതിലൊതുങ്ങാന്‍ കാക്കി മനസ്സ് തയ്യാറായില്ല.

തുടര്‍ന്നാണ് മേഖലയിലെ വീട് തകര്‍ന്നവര്‍ക്ക് ഒരു വീടെങ്കിലും വച്ച് കൊടുക്കാന്‍ സി.ഐ സുനില്‍ പുളിക്കന്റെ നേതൃത്വത്തില്‍ കൂടിയ പോലീസ് കൂട്ടായ്മയില്‍ തീരുമാനമായത്. ഇതിനായി തെരഞ്ഞെടുത്തതാവട്ടെ വീട് തകര്‍ന്ന ഘട്ടത്തില്‍ പോലീസ് ഓടിയെത്തിയ അലക്‌സാണ്ടറിന്റെ വീട് തന്നെ. 640 സ്‌ക്വയര്‍ ഫീറ്റിലാണ് വീട് നിര്‍മിച്ചു നല്‍കുക. ഇതിനായുള്ള തുക മുഴുവനായും എടക്കര സേ്റ്റഷനിലെ പോലീസുകാര്‍ നല്‍കും. ഏകദേശം 9 ലക്ഷം രൂപ ചെലവ് വരുമെന്നിവര്‍ പറയുന്നു. ചൊവ്വാഴച തന്നെ തറ പണിക്കായി അസ്ഥിവാരം കീറും. എടക്കര സി.ഐ സുനില്‍ പുളിക്കന്‍ വീടിന്റെ കുറ്റിയടിക്കല്‍ കര്‍മം നിര്‍വഹിച്ചു. 3 മാസത്തിനകം പണി തീര്‍ത്ത് താക്കോല്‍ കൈമാറാനാണ് തീരുമാനമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. എസ്.ഐ എ.സജിത്ത്, എ.എസ്.ഐ മാരായ സന്തോഷ്, കുഞ്ഞുമുഹമ്മദ്, ഗോവിന്ദനുണ്ണി പ്രസംഗിച്ചു.












Click it and Unblock the Notifications