വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച പോലീസുകാര്‍ കുടുങ്ങും; നടപടിക്ക് എസ്പി, ഡ്യൂട്ടിയിലായിരുന്നില്ലെന്ന് സൂചന
മലപ്പുറം: കിഴിശേരിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ മഫ്തിയിലെത്തിയ പോലീസുകാര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ നടപടിക്ക് സാധ്യത. വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ പോലീസ് മേധാവി ആവശ്യപ്പെട്ടു. ഗുണ്ടാ സ്റ്റൈലിന്‍ പോലീസുകാര്‍ ഇടപെട്ടതാണ് വിവാദമായത്. പരാതിയുടെ അടിസ്ഥാനത്തില്‍ കുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് എസ്പി അറിയിച്ചു.

കുഴിമണ്ണ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിക്കാണ് മര്‍ദ്ദനമേറ്റത്. കലോല്‍സവത്തിനിടെ സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. പരിഹരിക്കാനെത്തിയ അധ്യാപകര്‍ക്ക് നേരെയും കൈയ്യേറ്റശ്രമം നടന്നു. ഈ വേളയിലാണ് ബസ് സ്റ്റോപ്പില്‍ ബസ് കാത്തുനിന്നിരുന്ന വിദ്യാര്‍ഥികളെ രണ്ടു പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്. സംഘര്‍ഷത്തിന്റെ ഭാഗമല്ലായിരുന്നവരെയാണ് രണ്ടു പേര്‍ മര്‍ദ്ദിച്ചത്. ഇതിന്റെ വീഡിയോ പുറത്തുവന്നു. ഇതോടെയാണ് രണ്ടുപേരും പോലീസുകാരാണ് എന്ന വാര്‍ത്ത പ്രചരിച്ചത്. ഇവര്‍ നാട്ടുകാരാണ്. ഒരാള്‍ കോഴിക്കോട് ജില്ലയിലെ മാവൂര്‍ സ്‌റ്റേഷനിലാണ്. മറ്റൊരാള്‍ എടവണ്ണ പോലീസ് സ്‌റ്റേഷനിലും.
ഡ്യൂട്ടിയില്‍ അല്ലാതിരുന്ന വേളയിലാണ് പോലീസുകാര്‍ നാട്ടിലെ വിഷയത്തില്‍ ഇടപെട്ടത് എന്നാണ് പുറത്തുവരുന്ന വിവരം. കേസ് ഒതുക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് കുട്ടിയുടെ വീട്ടുകാര്‍ പറയുന്നു. ഒത്തുതീര്‍പ്പിലെത്തിക്കൂടേ എന്ന് പോലീസുകാര്‍ ചോദിച്ചുവെന്ന് ഇവര്‍ പറയുന്നു. എടവണ്ണ പോലീസ് സ്‌റ്റേഷനില്‍ നിന്ന് കുട്ടിയുടെ പിതാവിന്റെ സഹോദരനെ രമ്യതയിലെത്താന്‍ വേണ്ടി പോലീസ് ബന്ധപ്പെടുകയും ചെയ്തു. എന്നാല്‍ കേസുമായി മുന്നോട്ട് പോകുമെന്ന് തന്നെയാണ് വീട്ടുകാര്‍ പറയുന്നത്. കുട്ടിക്ക് നേരത്തെ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞിരുന്നു.
ചുവന്ന ഷര്‍ട്ടിട്ട വ്യക്തിയാണ് തന്നെ ക്രൂരമായി മര്‍ദ്ദിച്ചതെന്ന് വിദ്യാര്‍ഥി പറയുന്നു. തന്നെ പിടിച്ചുവലിച്ചു. മുഖത്തടിച്ചു. മുഖം പിടിച്ച് ചുമരില്‍ ചേര്‍ത്ത് തല്ലി. മുട്ടുകാല്‍ കൊണ്ട് നാഭിക്ക് ചവിട്ടിയെന്നും വിദ്യാര്‍ഥി പറഞ്ഞു. എടവണ്ണ സ്‌റ്റേഷനിലെ പോലീസുകാരനാണ് മര്‍ദ്ദിച്ചതെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. ഖാദര്‍ എന്ന വ്യക്തി പോലീസുകാരനാണ് എന്ന് ഞങ്ങള്‍ക്ക് മനസിലായിട്ടുണ്ടെന്നും കുട്ടിയുടെ പിതാവ് പറയുന്നു. കൊണ്ടോട്ടി പോലീസ് പരാതിയില്‍ നടപടിയെടുക്കാന്‍ വൈകിയെന്നാണ് ബന്ധുക്കള്‍ പറയുന്നത്. തുടര്‍ന്നാണ് എസ്പിക്ക് പരാതി നല്‍കിയത്. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടി സ്വീകരിക്കുമെന്ന് എസ്പി അറിയിച്ചു.












Click it and Unblock the Notifications