ഗള്‍ഫില്‍നിന്നും കേരളത്തിലേക്ക് മടങ്ങുകയായിരുന്ന വീട്ടമ്മയെ ഭീഷണിപ്പെടുത്തി സ്വര്‍ണക്കടത്ത് കാരിയറാക്കി, സംഘം ഭീഷണി തുടരുന്നതായി വീട്ടമ്മ പോലീസില്‍ പരാതി നല്‍കി
മലപ്പുറം: ഗള്‍ഫില്‍നിന്നും, കേരളത്തിലേക്ക് മടങ്ങുകയായിരുന്ന മലപ്പുറത്തെ വീട്ടമ്മയെ വിമാനത്തവളത്തില്‍ വെച്ച് ഭീഷണിപ്പെടുത്തി സ്വര്‍ണക്കടത്ത് കാരിയറാക്കിതെന്നും സംഘം ഇപ്പോഴും ഭീഷണി തുടരുന്നതായും മലപ്പുറത്തെ വീട്ടമ്മയുടെ പരാതി. കേരളത്തിലേക്ക് കൊണ്ടുവരാന്‍ ബഹ്‌റയ്ന്‍ വിമാനത്താവളത്തില്‍വച്ചു നല്‍കിയ സ്വര്‍ണം എത്തിച്ചുനല്‍കിയില്ലെന്ന കാരണത്താല്‍ കൊടുവള്ളി സ്വദേശികളായ സലീം, മുഹമ്മദ് എന്നിവരാണ് തന്നെ ഭീഷണിപ്പെടുത്തുന്നതായി വീട്ടമ്മ ആരോപിച്ചു.

25 പവൻ സ്വർണ്ണം
ചാപ്പനങ്ങാടി സ്വദേശിനിയായ വീട്ടമ്മ ഗള്‍ഫില്‍ ഹൗസ് മെയ്ഡായി ജോലിചെയ്തുവരികയായിരുന്നു. 25 പവന്‍ സ്വര്‍ണം എത്തിച്ചുനല്‍കിയാല്‍ കേരളത്തിലേക്കുള്ള വിമാനടിക്കറ്റ് എടുത്തുനല്‍കാമെന്നായിരുന്നു വാഗ്ദാനം ചെയ്തിരുന്നത്. പറഞ്ഞപ്രകാരം അവര്‍ വിമാനത്താവളത്തില്‍ കൊണ്ടുവന്നത് 50 പവനിലേറെയായിരുന്നു. ഇത്രയും തൂക്കം സ്വര്‍ണം കൊണ്ടുപോവാന്‍ കഴിയില്ലെന്നു പറഞ്ഞെങ്കിലും എതിര്‍കക്ഷികള്‍ വഴങ്ങിയില്ല. തുടര്‍ന്ന് സ്വര്‍ണം വിമാനത്താവളത്തിലെ ചവറ്റുകുട്ടയില്‍ എറിഞ്ഞശേഷം വീട്ടമ്മ കേരളത്തിലേക്ക് പോരുകയായിരുന്നുവെന്ന് പറയുന്നു.

ദുബായിലെ ഏജന്റുമാർ
തങ്ങളുടെ 54 പവന്‍ സ്വര്‍ണം തരണമെന്നു പറഞ്ഞ് എതിര്‍കക്ഷികള്‍ തന്നെ നിരന്തരം വീടുകയറി ഭീഷണിപ്പെടുത്തുന്നതായി കാട്ടി വീട്ടമ്മ കോട്ടയ്ക്കല്‍ പോലിസില്‍ പരാതി നല്‍കി. 25 പവന്‍ സ്വര്‍ണം നല്‍കാമെന്ന് സമ്മതിച്ചിട്ടും തന്നെ എതിര്‍കക്ഷികള്‍ പിന്നെയും വേട്ടയാടുകയാണെന്നും വീട്ടമ്മ പറയുന്നു. നാട്ടിലേക്ക് അവധിക്കുപോരുന്ന മലയാളി പ്രവാസികളെ സ്വര്‍ണക്കടത്ത് കാരിയര്‍മാരാക്കാന്‍ ദുബായിയില്‍ ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നതായി ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം വണ്‍ ഇന്ത്യ വാര്‍ത്ത നല്‍കിയിരുന്നു. ഇതെ രീതിയിലുള്ള കാരിയര്‍ സംഘമാണ് ഈ വീട്ടിമ്മയേയും സമീപിച്ചത്. ഇത്തരത്തില്‍ സ്വര്‍ണവുമായി എത്തുന്നവരില്‍ പിടിയിലാകുന്നത് സാധാരണ യാത്രക്കാരാണെന്ന് കസ്റ്റംസ് വിഭാഗം അധികൃതര്‍ പറയുന്നു.

മലയാളികൾ ഇരകൾ
മലയാളികളായ പ്രവാസികളെ സ്വര്‍ണക്കടത്ത് കാരിയര്‍മാരാക്കാനായി യു.എ.ഇയിലെ ദുബായ്, ഷാര്‍ജ വിമാനത്തവളങ്ങള്‍ കേന്ദ്രീകരിച്ചാണ് ഏജന്റുമാര്‍കൂടുതലായും പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ കരിപ്പൂര്‍ വിമാനത്തവളത്തില്‍ സ്വര്‍ണവുമായി പിടിയിലായ കാരിയര്‍മാരെ ചോദ്യം ചെ്തതില്‍നിന്നാണ് ഇത്തരത്തില്‍ വ്യാപകമായി ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നതായി കസ്റ്റംസ് അധികൃതര്‍ക്ക് വിവരം ലഭിച്ചത്. സാധാരണക്കാരായ പ്രവാസിയാത്രക്കാര്‍വശം രൂപംമാറ്റിയ സ്വര്‍ണം നല്‍കുകയും വിമാനടിക്കറ്റും പതിനായിരംരൂപയും നല്‍കിയാണ് കാരിയര്‍മാരായി അയക്കുന്നത്. ചിലര്‍ക്ക് 20,000രൂപവരെ നല്‍കുന്നുണ്ട്. കുടുംബവുമായി യാത്രചെയ്യുന്നവരേയും ഇത്തരം ഏജന്റുമാര്‍ സമീപിക്കുന്നുണ്ട്.

രൂപം മാറ്റിയെത്തിക്കും
രൂപമാറ്റിയും ദ്രാവക രൂപത്തിലാക്കിയുമാണ് ഇപ്പോള്‍ കൂടുതലായി സ്വര്‍ണംകടത്തുന്നത്. സ്ഥിരം കാരിയര്‍മാരായി പ്രവര്‍ത്തിക്കുന്നത് മാറ്റി സാധാരക്കാരായ യാത്രക്കാര്‍വശം സ്വര്‍ണം അയക്കുന്നത് പിടിക്കപ്പെടാനുള്ള സാധ്യത കുറവാണെന്നതിന് പുറമെ സ്വര്‍ണക്കടത്ത് സംഘത്തിന് ചെറിയ തുകക്ക് കാര്യം സാധിക്കുമെന്നതിനാലുമാണ് ഈ രീതിയില്‍ കുടുതല്‍ കടത്ത് നടക്കുന്നത്. ഇതിന് പുറമെ ഇത്തരം കാരിയര്‍മാര്‍ക്ക് സ്വര്‍ണം ആര്‍ക്കുവേണ്ടിയാണ് എത്തിക്കുന്നതെന്ന് പോലും അറിയുകയുമില്ല.

വെളിപ്പെടുത്തിയത് ഇങ്ങനെ
കഴിഞ്ഞ ദിവസം കരിപ്പൂരില്‍ പിടിയിലായ രണ്ടു പ്രതികളും ഇതെ രീതിയില്‍ ദുബായ് വിമാനത്തവളത്തില്‍നിന്നും സ്വര്‍ണക്കടത്ത് കാരിയര്‍മാരായി മാറിയവരാണ്. ജോലികഴിഞ്ഞ നാട്ടിലേക്ക് അവധിക്കുവരികയായിരുന്ന രണ്ട് യുവാക്കളോട് ദുബായ് വിമാനത്തവളത്തില്‍വെച്ചു കാരിയര്‍മാര്‍ കാണുകയും സ്വര്‍ണം ഏല്‍പിക്കുകയുമായിരുന്നു. പിടിക്കപ്പെടില്ലെന്നും തങ്ങള്‍ സ്ഥിരമായി ഇത്തരത്തില്‍ അയക്കുന്നുണ്ടെന്ന് പറഞ്ഞ് ദൈര്യവും നല്‍കി. തുടര്‍ന്നാണ് മിശ്രിത രൂപത്തിലാക്കിയ സ്വര്‍ണം കോണ്ടത്തിന്റെ കവറിനുള്ളിലാക്കി കൈമാറിയത്. ഇവ ശരീരത്തില്‍ ഒളിപ്പിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

ശരീരത്തിനകത്ത് സ്വർണം
നേരത്തെ ശരീരത്തിനകത്തു ഒളിപ്പിച്ചു കടത്താന്‍ പ്രത്യേക പരിശീലനം നേടിയവരാണ് കൊണ്ടുവന്നിരുന്നതെങ്കില്‍ നിലവില്‍ സാധാരണ യാത്രക്കാരോടും ഇതെ രീതിയിലാണ് സ്വര്‍ണക്കടത്ത് ഏജന്റുമാര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ യാതൊരു പരിശീലനവും ലഭിക്കാതെ ഈ രീതിയില്‍ കടത്തുന്നത് രക്ഷപ്പെടാനുള്ള സാധ്യതയോടൊപ്പംതന്നെ പിടിക്കപ്പെടാനുള്ള സാധ്യതയും കൂടുതലാണെന്ന് കസ്റ്റംസ് അധികൃതര്‍ പറഞ്ഞു. ഇന്നലെ ഈ രീതിയില്‍ മലദ്വരത്തിലൂടെ സ്വര്‍ണം ഒളിപ്പിച്ചു കടത്തിയ കാരിയര്‍ കരിപ്പൂര്‍ വിമാനത്തവളത്തിലെത്തിയപ്പോള്‍ കടുത്ത വേദനയെ തുടര്‍ന്ന് പുറത്തെടുക്കുകയും കസ്റ്റംസ് പിടിയിലാവുകയും ചെയ്തു.












Click it and Unblock the Notifications