'കറുത്ത വസ്ത്രം ധരിക്കരുത്', ഡൽഹി സർവ്വകലാശാലയിലെ പ്രധാനമന്ത്രിയുടെ പരിപാടിക്കെത്തുന്നവർക്ക് ഈ നിർദേശങ്ങൾ
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടിക്കെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കി ഡല്‍ഹി സര്‍വ്വകലാശാലയിലെ
ഏതാനും കോളേജുകള്‍. പരിപാടിക്കെത്തുന്നവര്‍ കറുത്ത വേഷം ധരിക്കരുത്, എല്ലാവരും നിര്‍ബന്ധമായും പരിപാടിയില്‍ പങ്കെടുക്കണം എന്നിവ അവയില്‍ ചിലതാണ്.
ഡല്‍ഹി സര്‍വ്വകലാശാലയുടെ ശതാബ്ദി ആഘോഷങ്ങളിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നത്. പരിപാടി ഡല്‍ഹി സര്‍വ്വകലാശാലയ്ക്ക് കീഴിലുളള കോളേജുകളില്‍ ലൈവായി സംപ്രേഷണം ചെയ്യും. എല്ലാ വിദ്യാര്‍ത്ഥികളും ജീവനക്കാരും പരിപാടി കാണാനെത്തണം എന്നാണ് ഹിന്ദു കോളേജ്, ഡോ. ഭീം റാവു അംബേദ്കര്‍ കോളേജ്, സക്കീര്‍ ഹുസൈന്‍ ഡല്‍ഹി കോളേജ് എന്നീ സ്ഥാപനങ്ങള്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഹിന്ദു കോളേജിലെ അധ്യാപക വിഭാഗത്തിലെ ചുമതലക്കാരിയായ മീനു ശ്രീവാസ്തവയുടെ പേരില്‍ പുറത്തിറങ്ങിയ നോട്ടീസില്‍ പറയുന്നത് പ്രധാനമന്ത്രിയുടെ പരിപാടിയുടെ ലൈവ് സംപ്രേഷണത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 5 അറ്റന്‍ഡന്‍സ് ലഭിക്കുമെന്നാണ്. പരിപാടിയില്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്. ആദ്യ പിരിയഡ് ആരംഭിക്കുന്ന സമയമായ 8..50നും 9നും ഇടയില്‍ തന്നെ വിദ്യാര്‍ത്ഥികള്‍ കോളേജില്‍ എത്തണമെന്നും ഐഡി കാര്‍ഡുകള്‍ കൊണ്ടുവരണമെന്നും നോട്ടീസില്‍ പറയുന്നു.
എന്നാല്‍ ഇത്തരത്തിലൊരു നോട്ടീസ് കോളേജ് അധികൃതര്‍ പുറത്തിറക്കിയിട്ടില്ല എന്നാണ് ഹിന്ദു കോളേജ് പ്രിന്‍സിപ്പല്‍ അഞ്ജു ശ്രീവാസ്തവ പറയുന്നത്. പ്രചരിക്കുന്നത് ചില തെറ്റിദ്ധാരണകളാകാമെന്നും ഇത്തരമൊരു നോട്ടീസിനെ കുറിച്ച് അറിയില്ലെന്നും പ്രിന്‍സിപ്പല്‍ പിടിഐയോട് പ്രതികരിച്ചു. പരിപാടിയെ കുറിച്ച് അറിയിച്ച് കൊണ്ടും പങ്കെടുക്കണം എന്ന് ആവശ്യപ്പെട്ട് കൊണ്ടും താന്‍ വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും മെയില്‍ അയച്ചിരുന്നു. എന്നാല്‍ പങ്കാളിത്തം നിര്‍ബന്ധമാക്കിയിട്ടില്ലെന്നും പ്രിന്‍സിപ്പല്‍ പറയുന്നു.
അതേ സമയം ഡല്‍ഹി സര്‍വ്വകലാശാല നല്‍കിയ നിര്‍ദേശ പ്രകാരം എല്ലാ ജീവനക്കാരും കോളേജ് ലൈബ്രറിയില്‍ എത്തി പരിപാടിയുടെ ലൈവ് സംപ്രേഷണം കാണേണ്ടതാണ് എന്നാണ് സക്കീര്‍ ഹുസൈന്‍ ഡല്‍ഹി കോളേജ് അധികൃതരുടെ പ്രതികരണം. വിദ്യാര്‍ത്ഥികളോടും അധ്യാപകരോടും പരിപാടിയില്‍ പങ്കെടുക്കാന്‍ അഭ്യര്‍ത്ഥിക്കുക മാത്രമാണ് ചെയ്തിട്ടുളളതെന്നും പരിപാടിയില്‍ പങ്കെടുക്കുന്നതിന് അറ്റന്‍ഡന്‍സ് നല്‍കുന്നില്ലെന്നുമാണ് മറ്റ് കോളേജുകളുടെ പ്രതികരണം.












Click it and Unblock the Notifications