ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകം: പോപ്പുലര്‍ ഫ്രണ്ട് നേതാവ് അറസ്റ്റിൽ
പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. പോപ്പുലര്‍ ഫ്രണ്ട് നേതാവാണ് അറസ്റ്റിലായിരിക്കുന്നത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത വ്യക്തിയാണ് ഇയാളെന്ന് പോലീസ് പറയുന്നു. അതേസമയം ഇയാളുടെ പേരോ മറ്റ് വിവരങ്ങളോ പുറത്ത് വന്നിട്ടില്ല പ്രതിയുടെ പേര് നിലവില്‍ വെളിപ്പെടുത്താന്‍ സാധിക്കില്ലെന്ന് പാലക്കാട് എസ് പി ആര്‍ വിശ്വനാഥ് വ്യക്തമാക്കി. പ്രതിയെ ദൃക്‌സാക്ഷികള്‍ തിരിച്ചറിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. എസ് പി ആര്‍ വിശ്വനാഥിന്റെ നേതൃത്വത്തിലുളള 34 അംഗ സംഘമാണ് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകക്കേസ് അന്വേഷിക്കുന്നത്.
നവംബര്‍ പതിനഞ്ച് തിങ്കളാഴ്ച രാവിലെയാണ് പാലക്കാട് വെച്ച് എലപ്പുളളി സ്വദേശിയായ സഞ്ജിത്ത് കൊല്ലപ്പെടുന്നത്. ആര്‍എസ്എസ് തേനാരി മണ്ഡലം ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് ആയിരുന്നു. ഭാര്യയുമായി ബൈക്കില്‍ സഞ്ചരിക്കെ തടഞ്ഞ് നിര്‍ത്തിയായിരുന്നു കൊലപാതകം. കാറിലെത്തിയ സംഘം ഭാര്യയുടെ മുന്നിലിട്ടാണ് സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. സഞ്ജിത്തിന്റെ ശരീരത്തില്‍ മുപ്പതിലേറെ വെട്ടുകളാണ് കണ്ടെത്തിയത്. തലയ്ക്ക് ഏറ്റ വെട്ടാണ് മരണകാരണമായത് എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

കൊലപാതകം രാഷ്ട്രീയ പ്രേരിതമാണെന്നാണ് പോലീസ് പറയുന്നത്. കൊലപാതകം നടന്നതിന് പിന്നാലെ തന്നെ പിന്നില്‍ എസ്ഡിപിഐ ആണെന്ന് ബിജെപി നേതൃത്വം ആരോപിച്ചിരുന്നു. കൊലപാതകം നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് കേസില്‍ ആദ്യത്തെ അറസ്റ്റുണ്ടായിരിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് ആര്‍ വിശ്വനാഥ് വ്യക്തമാക്കി. ഇന്ന് രാവിലെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പാലക്കാട് സ്വദേശി സുബൈര്‍, നെന്മാറ സ്വദേശികളായ സലാം, ഇസഹാക്ക് എന്നിവരാണ് പിടിയിലായത്.
സുബൈര്‍ മുണ്ടക്കയത്തുളള ബേക്കറി തൊഴിലാളിയാണ്. നാല് മാസം മുന്‍പാണ് ഇയാള്‍ ബേക്കറിയില്‍ ജോലിക്ക് ചേര്‍ന്നത്. ഇയാള്‍ക്കൊപ്പമാണ് സലാമും ഇസഹാക്കും താമസിച്ചിരുന്നത്. സുബൈറിന് താമസിക്കുന്നതിന് വേണ്ടി ബേക്കറി ഉടമ വാടകവീട് എടുത്ത് നല്‍കിയിരുന്നു. ഇവിടെ മറ്റ് രണ്ട് പേര്‍ കൂടി താമസിക്കുന്ന വിവരം ബേക്കറി ഉടമയെ അറിയിച്ചിരുന്നില്ല. ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ഈ മൂന്ന് പേര്‍ക്കും എന്തെങ്കിലും പങ്കുണ്ടോ എന്നത് സംബന്ധിച്ചുളള വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. അതേസമയം പോലീസ് അന്വേഷണം ഫലപ്രദമല്ലെന്നും കേസ് എൻഐഎ അന്വേഷിക്കണം എന്നുമാണ് ബിജെപി നേതൃത്വം ആവശ്യപ്പെടുന്നത്.












Click it and Unblock the Notifications