ആറന്മുള വള്ളംകളി: എ ബാച്ചിൽ ഇടശ്ശേരിമല പള്ളിയോടവും ബി ബാച്ചിൽ ഇടക്കുളം പള്ളിയോടവും വിജയികൾ
ആറന്മുള: ആറന്മുള വള്ളം കളിയിൽ എ ബാച്ചിൽ ഇടശ്ശേരിമല പള്ളയോടവും ബി ബാച്ചിൽ വിജയിയായി ഇടക്കുളം പള്ളിയോടവും വിജയികളായി. ഫൈനൽ മത്സരം 5 മണിക്ക് നടക്കുമെന്ന് അറയിച്ചിരുന്നത് എങ്കിലും സന്ധ്യ കഴിഞ്ഞും മത്സരം നീണ്ടു .എ ബാച്ചിൽ ഇടമശ്ശേരിമല ജേതാക്കൾ ആയപ്പോൾ രണ്ടാം സ്ഥാനത്ത് ഇടപ്പാവൂർ പേരൂർ ആയിരുന്നു.
നെടുമ്പ്രയാർ ആണ് മൂന്നാം സ്ഥാനത്ത്, ബി ബാച്ചിൽ ഇടക്കുളം ഒന്നാമതെത്തിയപ്പോൾ ഇടപ്പാവൂർ രണ്ടാം സ്ഥാനത്തും തോട്ടുപ്പുഴശ്ശേരി മൂന്നാം സ്ഥാനത്തും എത്തി ഇടയ്ക്ക് മഴ പെയ്തെങ്കിലും മത്സരം ആവേശത്തോടെ തന്നെ തുടർന്നു. 2017 ന് ശേഷം ആദ്യമായിട്ടാണ് എല്ലാ പരമ്പരാഗത ശൈലിയും പിന്തുടർന്ന് വള്ളം കളി നടന്നത്.

ഇത്തവണ മത്സരത്തിന് 48 പള്ളിയോടങ്ങളാണ് ഉണ്ടായിരുന്നത്. നേരത്തെ ഹീറ്റ്സ് മത്സരം പുരോഗമിക്കുന്നതിനിടെ പള്ളിയോടങ്ങൾ മറിഞ്ഞിരുന്നു. ഉടൻ ഫയർഫോഴ്സ് എത്തി രക്ഷാപ്രവർത്തനം നടത്തി. നാല് പേരെ കാണാനില്ലെന്ന് തുഴച്ചിലുകാർ പറഞ്ഞിരുന്നു. വരുൺ, ഉല്ലാസ്, വൈഷ്ണവ്, അനന്ദു എന്നിവരെ കാണാതയി എന്നാണ് പറഞ്ഞിരുന്നത്. പിന്നാലെ ഇവരെ കണ്ടെത്തി, അപകടത്തിൽ ആർക്കും പരിക്ക് പറ്റിയിരുന്നില്ല.
വള്ളംകളിയുടെ തുടക്കം മുതൽ തന്നെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു, പുറത്ത് നിന്നുള്ള തുഴച്ചിൽക്കാരെ എത്തിച്ചുവെന്നാണ് ഉയർന്ന ആരോപണം. പിന്നാലെ പള്ളിയോടങ്ങൾ തമ്മിൽ പുഴയിൽ വെച്ചും തർക്കം ഉണ്ടായിരുന്നു. പള്ളിയോടം മറ്റൊരു പള്ളിയോടത്തിന് കുറുകെയിട്ട് തർക്കം ഉണ്ടായി.
നേരത്തെ പമ്പയിൽ വെള്ളം കുറഞ്ഞതിനാൽ വള്ളം കളിയിൽ ആശങ്ക നിലനിന്നിരുന്നു. ആറന്മുള ജലമേളയുമായി ബന്ധപ്പെട്ട് ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി മൂഴിയാർ, മണിയാർ ഡാമുകൾ തുറക്കാനാണ് തീരുമാനിച്ചിരുന്നത്. ജില്ലയുടെ കിഴക്കൻ മലയോരത്ത് മഴ കനക്കുകയും ഉരുൾ പൊട്ടൽ സംഭവിക്കുകയും ചെയ്തതോടെ സ്ഥിതി മാറി.
മഴ ഇടയ്ക്ക് പെയ്തിരുന്നുവെങ്കിലും കാണികൾ ആവേശത്തിലായിരുന്നു. മഴ കണക്കാക്കാതെ കാണികൾ തുഴച്ചലുകാരുടെ താളത്തിനൊപ്പം തന്നെ താളം പിടിച്ചു. ആവേശം നിറഞ്ഞ പോരാട്ടം. അവസാനം വരേയ്ക്കും ആവേശം കുറഞ്ഞതേയില്ല. ആദ്യം എ ബാച്ച് പള്ളിയോടങ്ങളുടെ ഹീറ്റ്സും സെമി ഫൈനലുമാണ് നടന്നത്, തുടർന്നാണ് ബി ബാച്ച് പള്ളിയോടങ്ങളുടെ ഹീറ്റ്സും സെമി ഫൈനലും നടന്നത്. രണ്ട് ബാച്ചിലേയും സെമി ഫൈനൽ വിജയികളാണ് ഫൈനലിൽ മത്സരിച്ചത്.












Click it and Unblock the Notifications