പത്ത് ഏക്കർ കൃഷി നശിച്ചു, സാമ്പത്തിക ബാധ്യത: തിരുവല്ലയില്‍ കർഷകന്‍ ആത്മഹത്യ ചെയ്തു
തിരുവല്ല: പത്തനംതിട്ടയില്‍ കർഷക ആത്മഹത്യ. തിരുവല്ല നിരണത്ത് കാണാത്ര പറമ്പില്‍ രാജീവാണ് ഇന്നലെ രാത്രിയോടെ തൂങ്ങി മരിച്ചത്. കർഷകനായിരുന്ന രാജീവിന് വലിയ സാമ്പത്തി പ്രതിസന്ധിയുണ്ടായിരുന്നു. ഇതാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. കൃഷിക്കായി രാജീവ് സമീപത്തെ ബാങ്കുകളില്‍ നിന്ന് വായ്പ എടുത്തിരുന്നുവെന്നും കൃഷിനാശം സഭവിച്ചതിനാല്‍ തിരിച്ചടവ് പലതവണ മുടങ്ങിയിരുന്നെന്നുമാണ് ബന്ധുക്കള്‍ അഭിപ്രായപ്പെടുന്നത്.
ഞായറാഴ്ച വൈകീട്ടോടെ രാജിവിനെ പാട്ടത്തിനെടുത്ത സ്ഥലത്തെ പുരയിടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പോലീസ് എത്തി മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. തിങ്കളാഴ്ച രാവിലെയോട് പോസ്റ്റ്മോർട്ടം നടപടികള്‍ പൂർത്തിയാക്കി മൃതദേഹം വീട്ടിലെത്തിച്ചു. സംസ്കാരം വൈകീട്ടോടെ നടക്കും .

കൃഷിക്കായി പത്ത് ഏക്കറോളം ഭൂമിയും ചിലവുകള്‍ക്കായി ബാങ്കില്‍ നിന്ന് വായ്പയും എടുത്തിരുന്നു. നെല്ല് ഉള്‍പ്പടേയുള്ളവരായിരുന്നു രാജീവ് കൃഷി ചെയ്തിരുന്നത്. എന്നാല്‍ മഴ ശക്തമായതോടെ കഴിഞ്ഞ വര്‍ഷം വ്യാപക കൃഷിനാശം ഉണ്ടായി. കൃഷിനാശത്തിന് സർക്കാർ നഷ്ടപരിഹാം നല്‍കിയെങ്കിലും ഇത് വളരെ തുച്ഛമാണെന്ന് കാണിച്ച് രാജീവ് ഉള്‍പ്പെടെയുള്ള കര്‍ഷകര്‍ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ട രാജീവ് ഏറെ നാള്‍ അതിന്റെ മനഃപ്രയാസത്തിലായിരുന്നുവെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്. ഇത്തവണ വേനല്‍ മഴയിലും കൃഷിനാശം സംഭവിച്ചത് രാജീവിനെ കൂടുതല്‍ തളർത്തി.
അതേസമയം കർഷകന്റെ ആത്മഹത്യയുടെ കാരണം അന്വേഷിക്കാന്‍ ആവശ്യപ്പെട്ടെന്ന് കാർഷിക വകുപ്പ് മന്ത്രി പി പ്രസാദ് അറിയിച്ചു. ആര്‍ക്കും ആത്മഹത്യ ചെയ്യേണ്ട സാഹചര്യം സംസ്ഥാനത്തില്ലെന്നും കര്‍ഷകന്‍റെ ആത്മഹത്യ വേദനിപ്പിക്കുന്നതാണെന്നും പി പ്രസാദ് കൂട്ടിച്ചേർത്തു. കൃഷിനാശം ഉണ്ടായാല്‍ ഉടന്‍ നഷ്ടപരിഹാരം നല്‍കാന്‍ നടപടി സ്വീകരിക്കും. ഇതിനായി ഇന്‍ഷൂറന്‍സിന്‍റെ വ്യവസ്ഥ പുതുക്കും. കൃഷി നശിച്ച കര്‍ഷകര്‍ക്ക് കഴിയുന്നത്ര സഹായം നല്‍കും. കാര്‍ഷിക മേഖലയില്‍ സംരക്ഷണം സര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രി ഉറപ്പുനല്‍കി. അതേസമയം കർഷകന്റെ ആത്മഹത്യയില്‍ സർക്കാറിനെതിരേയും കൃഷി വകുപ്പിനേതിരേയും വലിയ വിമർശനങ്ങളാണ് പ്രതിപക്ഷത്ത് നിന്നും ഉയരുന്നത്. കൃഷിനാശം ഉണ്ടായാല്‍ ഉചിതമായ നഷ്ടപരിഹാരം എത്രയം പെട്ടെന്ന് കർഷകരിലേക്ക് എത്തിക്കണമെന്ന് കർഷകരും ആവശ്യപ്പെട്ടു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056).
ഉന്തല്ലേ.. തള്ളല്ലേ..; ആരാധക സ്നേഹത്തില്‍ വീർപ്പുമുട്ടി ഭാവന, വൈറല്‍ ദൃശ്യങ്ങള്‍












Click it and Unblock the Notifications