ബിജെപി വിട്ട് സിപിഎമ്മിലെത്തിയ കാപ്പ കേസ് പ്രതി ഡിവൈഎഫ്‌ഐക്കാരന്റെ തല അടിച്ചു പൊട്ടിച്ചു
പത്തനംതിട്ട: ബിജെപിയില്‍ നിന്നും സിപിഎമ്മില്‍ എത്തിയ കാപ്പാക്കേസ് പ്രതി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ തല അടിച്ചു പൊട്ടിച്ചു. പത്തനംതിട്ട മുണ്ടുകോട്ടയ്ക്കലില്‍ കഴിഞ്ഞ മാസം 29 നായിരുന്നു സംഭവം. മുണ്ടുകോട്ടയ്ക്കല്‍ സ്വദേശി രാജേഷിനാണ് പരിക്കേറ്റത്. മലയാലപ്പുഴ സ്വദേശി ഇഡ്ഡലി എന്ന് വിളിക്കപ്പെടുന്ന ശരണ്‍ ചന്ദ്രനാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ രാജേഷിനെ ആക്രമിച്ചത്.
ശരണ്‍ ചന്ദ്രന്‍ ബിയര്‍ ബോട്ടില്‍ കൊണ്ട് രാജേഷിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. ഒരു വിവാഹ സല്‍ക്കാര ചടങ്ങിനിടെയായിരുന്നു സംഭവം. തലയ്ക്കും മുഖത്തും പരിക്കേറ്റ രാജേഷ് അന്ന് തന്നെ ചികിത്സ തേടിയിരുന്നു. പൊലീസ് കാര്യമന്വേഷിക്കാന്‍ ആശുപത്രിയിലെത്തിയിരുന്നെങ്കിലും ഭീഷണി മൂലം രാജേഷ് ആദ്യം പരാതി കൊടുത്തിരുന്നില്ല. വാഹനത്തില്‍ നിന്ന് വീണു എന്നാണ് രാജേഷ് അന്ന് പൊലീസിനോട് പറഞ്ഞത്.

എന്നാല്‍ ഇന്നലെ രാത്രിയോടെ രാജേഷ് പത്തനംതിട്ട പൊലീസില്‍ ശരണ്‍ ചന്ദ്രനെതിരെ പരാതി നല്‍കി. രാജേഷിന്റെ പരാതിയില്‍ ശരണ്‍ ചന്ദ്രനെ പ്രതിയാക്കി പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ ശരണിനെതിരെ ദുര്‍ബല വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത് എന്നാണ് വിവരം. മാസങ്ങള്‍ക്ക് മുന്‍പാണ് ശരണ്‍ ചന്ദ്രന്‍ ബി ജെ പി വിട്ട് സി പി എമ്മില്‍ ചേര്‍ന്നത്.
ബിജെപി വിട്ടുവന്ന 62 പേരെ മന്ത്രിയും ജില്ലാ സെക്രട്ടറിയും ചേര്‍ന്നാണ് മാലയിട്ട് സിപിഎമ്മിലേക്ക് സ്വീകരിച്ചത്. ഇവര്‍ക്കൊപ്പമായിരുന്നു കാപ്പാ കേസ് പ്രതിയായ ശരണ്‍ ചന്ദ്രനും പാര്‍ട്ടിയില്‍ ചേര്‍ന്നത്. ഇത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഈ സംഘത്തില്‍ സിപിഎമ്മില്‍ ചേര്‍ന്ന യദു കൃഷ്ണനെന്ന യുവാവിനെ കഞ്ചാവുമായി എക്‌സൈസ് പിടികൂടിയത്. ഇഅതും പാര്‍ട്ടിക്ക് വലിയ തിരിച്ചടിയായി.
എസ്എഫ്‌ഐ പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവിലുള്ള പ്രതിയെയും അന്ന് സിപിഎമ്മിലേക്ക് സ്വീകരിച്ചിരുന്നു എന്ന വിവരവും പിന്നീട് പുറത്തായി. 2023 നവംബറിലെ വധശ്രമക്കേസില്‍ ഒന്നാം പ്രതിയായ ശരണ്‍ ചന്ദ്രന്‍ ഹൈക്കോടതിയില്‍ നിന്ന് ജാമ്യമെടുത്തിരുന്നു. ശരണ്‍ ചന്ദ്രന്‍ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനം നടത്തിയിരുന്നു എന്നാണ് ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് പ്രതികരിച്ചത്.
ഇതറിഞ്ഞപ്പോള്‍ തന്നെ ശരണിനെ പാര്‍ട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്തിയിരുന്നു എന്നും ഗുണ്ടാ സംഘങ്ങളുമായി അയാള്‍ക്ക് ബന്ധമുണ്ട് എന്നും അദ്ദേഹം പറഞ്ഞിരുന്നു. കാപ്പ ഒഴിവാക്കി തരാമെന്ന് വാഗ്ദാനത്തിലാണ് ശരണ്‍ സിപിഎമ്മില്‍ എത്തിയത് എന്നാണ് ബിജെപി ആരോപണം.












Click it and Unblock the Notifications