• search
  • Live TV
പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

മാരാമണ്‍ കണ്‍വന്‍ഷന്‍: ക്രമീകരണങ്ങള്‍ വിലയിരുത്തി,കണ്‍വെന്‍ഷന്‍ ഫെബ്രുവരി 10 മുതല്‍ 17വരെ!

  • By Desk

പത്തനംതിട്ട: 124-ാമത് മാരാമണ്‍ കണ്‍വന്‍ഷനോടനുബന്ധിച്ച് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ഏര്‍പ്പെടുത്തുന്ന ക്രമീകരണങ്ങള്‍ ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടര്‍ എസ് ശിവപ്രസാദിന്റെ അധ്യക്ഷതയില്‍ മാരാമണ്‍ റെട്രീറ്റ് സെന്ററില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. ഫെബ്രുവരി 10 മുതല്‍ 17 വരെയാണ് കണ്‍വന്‍ഷന്‍ നടക്കുക. ഒമ്പതിന് മുമ്പ് എല്ലാ വകുപ്പുകളും മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടര്‍ നിര്‍ദേശിച്ചു. കണ്‍വന്‍ഷന്‍ നഗറില്‍ സംഘാടകരുടേത് ഒഴികെയുള്ള ലഘുലേഖകളും പരസ്യങ്ങളും വിതരണം ചെയ്യുന്നത് നിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കണ്‍വന്‍ഷന്‍ കാലയളവില്‍ പമ്പ നദിയിലെ ജലവിതാനം ക്രമീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി മൂഴിയാര്‍ കെഎസ്ഇബി ജനറേഷന്‍ സര്‍ക്കിള്‍ പ്രതിനിധി അറിയിച്ചു. കണ്‍വന്‍ഷന്‍ നഗറിലും സമീപപ്രദേശങ്ങളിലും തടസമില്ലാതെ വൈദ്യുതി വിതരണം ഉറപ്പാക്കും. തകരാറിലായ തെരുവുവിളക്കുകള്‍ ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെ പ്രകാശിപ്പിക്കുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. നഗറില്‍ താല്‍ക്കാലിക ഡിസ്‌പെന്‍സറിയും ആംബുലന്‍സ് സൗകര്യവും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തും.

പത്തനംതിട്ട, ചെങ്ങന്നൂര്‍, പന്തളം, കൊട്ടാരക്കര, തിരുവല്ല, അടൂര്‍ എന്നീ സ്റ്റേഷനുകളില്‍ നിന്നും ആവശ്യാനുസരണം ബസ് സര്‍വീസുകള്‍ കെ.എസ്.ആര്‍.ടി.സി ക്രമീകരിക്കും. കണ്‍വന്‍ഷന്‍ നഗറിലേക്ക് എത്തുന്ന റോഡില്‍ താത്കാലിക ബസ് സ്റ്റോപ്പുകളും ക്രമീകരിക്കും. കണ്‍വന്‍ഷന്‍ നഗറില്‍ 24 മണിക്കൂറും കുടിവെള്ളം ലഭ്യമാക്കാനായി വാട്ടര്‍ അതോറിറ്റി രണ്ട് ആര്‍.ഒ പ്ലാന്റുകള്‍ സ്ഥാപിക്കും. ലഹരിവസ്തുക്കളുടെ ഉപയോഗവും വില്‍പനയും തടയുന്നതിനായി എക്സൈസ് വകുപ്പിന്റെ സേവനം കണ്‍വന്‍ഷന്‍ നഗറിലുണ്ടാകും. പോലീസ്, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ തുടങ്ങിയ വകുപ്പുകളുടേയും പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി. കണ്‍വന്‍ഷന്‍ നഗറിലേക്കുള്ള റോഡുകളില്‍ ആവശ്യമായ അറ്റകുറ്റ പണികള്‍ നടത്തിയതായി പൊതുമരാമത്ത് അധികൃതര്‍ അറിയിച്ചു. ശുചീകരണ, മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന് കോഴഞ്ചേരി, തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

കോഴഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ജെ പ്രകാശ്കുമാര്‍, ഡെപ്യൂട്ടി ഡി.എം.ഒ സി.എസ് നന്ദിനി, തോട്ടപ്പുഴശ്ശേരി വില്ലേജ് ഓഫീസര്‍ ദിവ്യ കോശി, കോഴഞ്ചേരി ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.ജയദീപ്, തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി.ജി പ്രദീപ്, എം.ജെ രാജേഷ്, സണ്ണിജോണ്‍, ബിനു ബേബി, പി.ജെ രാജേഷ് കുമാര്‍, കിരണ്‍ എബ്രഹാം തോമസ്, എസ് ഷാലികുമാര്‍, സന്തോഷ് ഏബ്രഹാം, സുവിശേഷ സംഘം ജനറല്‍ സെക്രട്ടറി റവ.ജോര്‍ജ്ജ് ഏബ്രഹാം, സെക്രട്ടറി സി.വി വര്‍ഗീസ്, സഞ്ചാര സെക്രട്ടറി റവ.സാമുവേല്‍ സന്തോഷം, ട്രഷറര്‍ അനില്‍ മാരാമണ്‍, വിവിധ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

English summary
news about maramon convention preparations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X