പത്തനംതിട്ട അരിവാപ്പുലം പഞ്ചായത്തില്‍ മെമ്പറുടെ അതിക്രമം: ഓഫീസ് അടിച്ച് തകർത്തു
പത്തനംതിട്ട: പത്തനംതിട്ട അരിവാപ്പുലം പഞ്ചായത്തില്‍ പഞ്ചായത്ത് മെമ്പറുടെ അതിക്രമം. പഞ്ചായത്തിലെ അഞ്ചാം വാർഡ് മെമ്പർ സിന്ധുവാണ് അതിക്രമം നടത്തിയത്. തൊഴിലുറപ്പുമായി ബന്ധപ്പെട്ട തർക്കമാണ് അതിക്രമത്തിലേക്ക് നയിച്ചതെന്നാണ് പഞ്ചായത്ത് സെക്രട്ടറിയെ ഉദ്ധരിച്ചുകൊണ്ട് മീഡിയവണ്‍ ചാനല്‍ റിപ്പോർട്ട് ചെയ്യുന്നത്. രാവിലെ പത്ത് മണിയോടെയായിരുന്നു അതിക്രമം.
സിപിഎം നേതൃത്വത്തിലുള്ള ഇടതുമുന്നയിയാണ് പഞ്ചായത്ത് ഭരിക്കുന്നത്. അക്രമം നടത്തിയ സിന്ധുവും സിപിഎം അംഗമാണ്. പാർട്ടിക്കുള്ളിലെ ആഭ്യന്തര തർക്കങ്ങളും മെമ്പറുടെ അതിക്രമണത്തിന് കാരണമായെന്നാണ് സൂചന. വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയർപേഴ്സണ്‍ കൂടിയാണ് സിന്ധു.

അക്രമത്തില്‍ പഞ്ചായത്ത് സെക്രട്ടറി കോന്നി പൊലീസില്‍ പരാതി നല്‍കി. പഞ്ചായത്ത് ഓഫീസിലെ കമ്പ്യൂട്ടർ ഉള്‍പ്പടേയുള്ള ഉപകരണങ്ങള്‍ തകർത്തിട്ടുണ്ട്. അതേസമയം സംഭവത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പടേയുള്ളവർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതേസമയം, ലൈഫ് പദ്ധതിയില്‍ പേര് ഉള്‍പ്പെടുത്തിയില്ലെന്ന് ആരോപിച്ചെത്തിയ യുവാവ് കഴിഞ്ഞ ദിവസം മലപ്പുറം കീഴാറ്റൂർ പഞ്ചായത്ത് ഓഫീസിന് തീയിട്ടിരുന്നു. കീഴാറ്റൂര്‍ സ്വദേശിയായ മുജീബ് റഹ്‌മാനാണ് പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിനുള്ളില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയത്. അക്രമത്തില്‍ ആർക്കും പരിക്കേറ്റില്ലെങ്കിലും കമ്പ്യൂട്ടര്‍, ലാപ്‌ടോപ്പ്, പ്രിന്റര്‍ തുടങ്ങിയ ഉപകരണങ്ങളും ഫര്‍ണീച്ചറുകളും ഫയലുകളും കത്തിനശിച്ചു. ആക്രമണത്തിന് ശേഷം കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.












Click it and Unblock the Notifications