മാസപൂജയ്ക്ക് പ്രതിദിനം 15000 പേർക്ക് പ്രവേശനം: കൊവിഡ് സർട്ടിഫിക്കറ്റോ രണ്ട് ഡോസ് വാക്സിനോ നിർബന്ധം
പത്തനംതിട്ട: ശബരിമലയിൽ മാസപൂജയ്ക്ക് ദിവസേന 15,000 പേർക്ക് പ്രവേശനം അനുവദിക്കാൻ തീരുമാനമായി. ആഗസ്റ്റ് 15 ശബരിമല ക്ഷേത്ര നട തുറക്കുമ്പോൾ 72 മണിക്കൂറിനുള്ളിൽ കൊവിഡ് എടുത്തിട്ടുള്ള നെഗറ്റീവ് സർട്ടിഫിക്കറ്റോ രണ്ട് ഡോസ് കൊവിഡ് വാക്സിനോ എടുത്തവർക്ക് പ്രവേശനം അനുവദിക്കുമെന്ന് മുഖ്യമന്ത്രിയാണ് വ്യക്തമാക്കിയത്. എന്നാൽ വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്യുന്നവർക്ക് മാത്രമായിരിക്കും ബുക്കിംഗ് അനുവദിക്കുക. കൊവിഡ് അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വിശദീകരിച്ചിട്ടുള്ളത്. കൊവിഡ് വ്യാപനത്തോടെ ശബരിമലയിൽ ഭക്തരെ പ്രവേശിപ്പിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങളായിരുന്നു സർക്കാർ ഏർപ്പെടുത്തിയിരുന്നത്. ഇതിന് പിന്നാലെയാണ് ആഗസ്റ്റ് മുതൽ കൂടുതൽ ഇളവുകൾ സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്.
ഓണം അടുത്ത സാഹചര്യത്തിൽ ഓണത്തോടനുബന്ധിച്ച് ആള്‍ക്കൂട്ടമുണ്ടാവുന്ന പരിപാടികള്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ബീച്ചുകളിലും നിയന്ത്രണമുണ്ടാകുമെന്നും ലൈസന്‍സ് ഉള്ളവര്‍ക്കു മാത്രമാകും വഴിയോരക്കച്ചവടത്തിന് അനുമതി നൽകുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തില്‍ വ്യാപാരികളുടെ യോഗം വിളിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഒരു പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വ്യത്യസ്ത തദ്ദേശ സ്ഥാപനങ്ങളുണ്ടെങ്കില്‍ ഓരോ സ്ഥാപനത്തിന്റെയും യോഗം വെവ്വേറെ വിളിക്കും. തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്‍ കൂടി പങ്കെടുത്തുകൊണ്ടാകും യോഗമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

"ഇതുവരെ വാക്‌സിന്‍ ലഭ്യമാകാത്തവര്‍ക്കും ചില അസുഖങ്ങള്‍ കാരണം വാക്‌സിന്‍ സ്വീകരിക്കാന്‍ കഴിയാത്തവര്‍ക്കും അവശ്യസാധനങ്ങള്‍ വാങ്ങുന്നതിനു കടകളില്‍ പോകാന്‍ അനുവദിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. കടകളിലും മറ്റും പോകാന്‍ അര്‍ഹതാ മാനദണ്ഡമുള്ള ആരും തന്നെ വീട്ടിലില്ലെങ്കില്‍ അവശ്യസാധനങ്ങള്‍ വാങ്ങാന്‍ കടകളില്‍ പോകാവുന്നതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള വീടുകളില്‍ ഹോം ഡെലിവറി ചെയ്യാന്‍ വ്യാപാരികള്‍ ശ്രദ്ധിക്കണമെമന്നും നിർദേശമുണ്ട്. അവര്‍ക്ക് കടകളില്‍ പ്രത്യേക പരിഗണന നല്‍കണമെന്നും മുഖ്യമന്ത്രി പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. കടകളിൽ പ്രവേശിക്കുന്നതിന് വാക്സിൻ സർട്ടിഫിക്കറ്റോ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ നിർബന്ധമാക്കിയതോടെ വിമർശനങ്ങളുയർന്ന സാഹചര്യത്തിലാണ് സർക്കാർ നേരിയ ഇളവുകൾ അനുവദിച്ചിട്ടുള്ളത്.
സംസ്ഥാനത്തെ പീഡിയാട്രിക് സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്നും വിദേശത്തു പോകാനായി വിമാനത്താവളങ്ങളില്‍ എത്തുന്നവര്‍ക്ക് ആര്‍ ടി പി സി ആര്‍ ടെസ്റ്റ് നടത്തുന്നതിനു ഏകീകൃത നിരക്ക് നിശ്ചയിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം സ്വകാര്യ ആശുപത്രികള്‍ക്കു നല്‍കാനായി 20 ലക്ഷം ഡോസ് വാക്‌സിന്‍ വാങ്ങാനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ഏതൊക്കെ ആശുപത്രികള്‍ക്ക് എത്ര വാക്‌സിന്‍ എന്നത് നേരത്തെ ധാരണയുണ്ടാക്കണമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വാക്‌സിന്‍ നല്‍കാനുള്ള സൗകര്യങ്ങള്‍ മുന്‍കൂട്ടി ഒരുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications