കോണ്‍ഗ്രസ് വിമതരുടെ പിന്തുണ; പത്തനംതിട്ട നഗരസഭാ ഭരണം പിടിച്ചെടുത്ത് എല്‍ഡിഎഫ്
പത്തനംതിട്ട: പത്തനംതിട്ട നഗരസഭയില്‍ അധികാരം പിടിച്ചെടുത്ത് ഇടതുമുന്നണി. മൂന്ന് കോണ്‍ഗ്രസ് വിമതരുടെ പിന്തുണയോടെയാണ് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റ് അംഗം കൂടിയായ ടി സക്കീര്‍ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടത്. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച സക്കീറിന് 16 വോട്ടുകള്‍ ലഭിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച എംസി ഷെറീഫിന് 13 വോട്ടാണ് ലഭിച്ചത്. കോണ്‍ഗ്രസ് വിമതയായി വിജയിച്ച ആമിന ഹൈദരാലിയാണ് പത്തനംതിട്ടയിലെ ഉപാധ്യക്ഷ. മൂന്ന് അംഗങ്ങള്‍ ഉള്ള എസ്ഡിപിഐ വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു.
പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പത്തനതിട്ട നഗരസഭയില്‍ എല്‍ഡിഎഫിന് അധികാരം ലഭിക്കുന്നത്. 32 അംഗ പത്തനംതിട്ട നഗരസഭയില്‍ യുഡിഎഫിനും എല്‍ഡിഎഫിനും 13 സീറ്റുകള്‍ വീതമായിരുന്നു ലഭിച്ചത്. മൂന്നിടത്ത് എസ് ഡി പി ഐയും മൂന്നിടത്ത് കോണ്‍ഗ്രസ് വിമതരും ജയിച്ചു. ഉപതിരഞ്ഞടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ച ആമിന ഹൈദരാലിക്ക് ഇത്തവണ സീറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് വിമതയായി ജനവിധി തേടുകയായിരുന്നു. തുടര്‍ന്ന് ഇവരെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.

അതേസമയം, ഉപാധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ട ആമിന ഹൈദരാലി തങ്ങളുടെ പിന്തുണയോടെയാണ് ജയിച്ചതെന്ന അവകാശവാദവുമായി എസ് ഡി പി ഐ രംഗത്ത് എത്തിയിട്ടുണ്ട്. എന്നാല്‍ ജനകീയ മുന്നണി രൂപീകരിച്ച് സ്വതന്ത്രമായിട്ടാണ് അമിന ഹൈദരാലി മത്സരിച്ച് വിജയിച്ചതെന്നാണ് ഇവരുടെ കൂടെയുള്ളവര്‍ പറയുന്നത്. മൂന്ന് അംഗങ്ങളുള്ള എസ് ഡി പി ഐ വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നത് എല്‍ഡിഎഫുമായുള്ള ധാരണയെ തുടര്‍ന്നാണെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്.
അതേസമയം, ഇടതുമുന്നണിക്ക് അധികാരം ലഭിച്ച അടൂര്‍ നഗരസഭയില്‍ അധ്യക്ഷ സ്ഥാനം സിപിഐക്ക് ലഭിച്ചു. സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഡി സജി ചെയർമാനയി. ആദ്യ രണ്ട് വർഷമായിരിക്കും സജി ചെയർമാൻ സ്ഥാനം വഹിക്കുക. അവസാനത്തെ മൂന്ന് വർഷം സിപിഎമ്മിനായിരിക്കും ചെയര്‍മാന്‍ സ്ഥാനം. സിപിഎമ്മിലെ ദിവ്യ റെജി മുഹമ്മദ് ഇപ്പോൾ വൈസ് ചെയർപേഴ്സൺ ആകും. ആകെയുള്ള 28 അംഗ നഗരസഭയില്‍ 14 സീറ്റാണ് എല്‍ഡിഎഫിനുള്ളത്. ഇതില്‍ ഏഴ് സീറ്റുകള്‍ നേടിയ സിപിഐ ആണ് ഏറ്റവും വലിയ ഒറ്റകക്ഷി.












Click it and Unblock the Notifications