വെള്ളറടയിൽ വീട്ടമ്മയുടെ മരണം മൂന്നുപേർ പിടിയിൽ
വെള്ളറട: കത്തിപ്പാറ ഷാജി ഭവനിൽ പരേതനായ സെൽവരാജിന്റെ ഭാര്യ ബേബിയെ (58) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയും ആഭരണങ്ങൾ മോഷണം പോകുകയും ചെയ്ത സംഭവത്തിൽ ഇവരുടെ കൂട്ടുകാരിയുടെ സുഹൃത്തുൾപ്പെടെ മൂന്നുപേരെ പൊലീസ് പിടികൂടി. ഇവരെ വിശദമായി ചോദ്യം ചെയ്യുന്നു.
ബേബിയുടെ മരണം ഹൃദ്രോഗം മൂലമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സൂചനയുണ്ടായിരുന്നെങ്കിലും മൃതദേഹം കാണപ്പെട്ട മുറി പുറത്തുനിന്ന് പൂട്ടിയതും ആഭരണങ്ങൾ നഷ്ടപ്പെട്ടതും ദുരൂഹതകൾക്ക് കാരണമായിരുന്നു. വെള്ളറട പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ചിലർ വീട്ടിൽ വന്നതായി സൂചന ലഭിച്ചത്. തുടർന്നാണ് മൂന്നുപേരെ കസ്റ്റഡിയിലെടുത്തത്.

കിടപ്പുമുറിയിലെ കട്ടിലിലാണ് ബേബിയുടെ മൃതദേഹം കാണപ്പെട്ടത്. മുറിയുടെ താക്കോൽ വീട്ടിനുള്ളിൽ നിന്ന് തന്നെ കണ്ടെത്തുകയും ചെയ്തിരുന്നു. നാവ് പുറത്തേക്ക് നീട്ടി കടിച്ചുപിടിച്ച നിലയിലാണ് ബേബിയുടെ മൂന്നുദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. നാവ് പുറത്തേക്ക് നീട്ടിയിരിക്കുന്നതായി കണ്ടതോടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന സംശയം പൊലീസിനുണ്ടായെങ്കിലും ഹൃദ്രോഗത്തെ തുടർന്ന് ശ്വാസതടസം നേരിട്ടാലും ഇതിന് സാദ്ധ്യതയുണ്ടെന്നാണ് പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാർ വെളിപ്പെടുത്തിയത്. ശരീരത്തിൽ മറ്റ് പരിക്കുകളൊന്നുമുണ്ടായിരുന്നില്ല.
ജൂൺ 20ന് ഉച്ചവരെ ഫോണിൽ സംസാരിച്ച മാതാവിനെ പിന്നീട് ഫോണിൽ കിട്ടാത്തതിനെ തുടർന്ന് ഇളയമകൾ അന്വേഷിച്ചെത്തിയെങ്കിലും മുറി പൂട്ടിയിരിക്കുന്നതിനാൽ അമ്മ പുറത്തുപോയിരിക്കുകയാണെന്ന് കരുതി. രാത്രിവരെ കാത്തിരുന്നിട്ടും തിരികെ വരാതായപ്പോൾ പാറശാല താമസിക്കുന്ന മൂത്തസഹോദരിയെ വിവരം അറിയിച്ചു. ഇരുവരും ചേർന്ന് നടത്തിയ തെരച്ചിലിൽ മാതാവിന്റെ മുറിയുടെ താക്കോൽ സ്റ്റെയർകേസിന്റെ അടിയിൽ ഉപേക്ഷിക്കപ്പെട്ടനിലയിൽ കണ്ടെത്തിയിരുന്നു.
കതക് തുറന്ന് നോക്കുമ്പോഴാണ് ബേബിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബേബിയുടെ മരണാനന്തര ചടങ്ങുകൾക്ക് ശേഷം കുടുംബാംഗങ്ങളിൽ നിന്ന് വിശദമായ മൊഴി രേഖപ്പെടുത്തിയ പൊലീസ് ബേബിയുമായി അടുപ്പമുള്ള പലരേയും ചോദ്യം ചെയ്തതിരുന്നു.
നെയ്യാറ്റിൻകര ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പിടിയിലായവരുടെ ഫോൺകോൾ വിശദാംശങ്ങളും ശേഖരിക്കുന്നുണ്ട്. ബേബിയുടെ ആഭരണങ്ങൾ കവർച്ച ചെയ്ത സംഭവത്തിൽ ഇവർക്ക് ബന്ധമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.












Click it and Unblock the Notifications