ഓണം വാരാഘോഷം:ട്രാഫിക് നിയന്ത്രണം, മഫ്തി പൊലീസ്; സുരക്ഷാച്ചുമതലയ്ക്ക് 960 പൊലീസുകാര്‍
തിരുവനന്തപുരം: കേരളത്തിലെ ഓണം വാരാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിൽ സുരക്ഷ ഒരുക്കാൻ 960 പൊലീസുകാർ. പരിപാടികളുടെ സുഗമമായ നടത്തിപ്പും ആളുകളുടെ സുരക്ഷയും മുന്നിൽകണ്ടാണ് തിരുവനന്തപുരം ജില്ലയിൽ മികച്ച സുരക്ഷാ സംവിധാനമൊരുക്കുന്നത്.
ട്രാഫിക് നിയന്ത്രണം, മഫ്തി പൊലീസ് നിരീക്ഷണം, ഇവിടെ എത്തുന്നവർക്കുള്ള അടിയന്തര സഹായം,സ്നാച്ചിങ്- മിസിങ് കേസുകൾ, ജനക്കൂട്ട നിയന്ത്രണം, സിസിടിവി നിരീക്ഷണം, തുടങ്ങിയ ദൗത്യങ്ങൾ ആണ് ഇവിടെ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്കുള്ളത്. ജില്ലയിലെ 32 പ്രധാന വേദികളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. ജില്ലാ പോലീസ് കൺട്രോൾ സെന്ററിന് കീഴിൽ ഓണം വാരാഘോഷത്തിന്റെ അവസാന ദിനം വരെയും കൺട്രോൾ റൂമുകൾ പ്രവർത്തിക്കും.

ഓണം വാരാഘോഷത്തിന്റെ പ്രധാനവേദികളിലൊന്നായ കനകക്കുന്നിൽ മാത്രം മുന്നൂറോളം പൊലീസുകാരാണ് ഡ്യൂട്ടിയിലുള്ളത്. ഡിസിപിയുടെ നേതൃത്വത്തിൽ അഞ്ച് സിഐമാർ, ഒരു ഡിവൈഎസ്പി, 10 എസ് ഐമാർ എന്നിവർ അടങ്ങുന്നതാണ് കൺട്രോൾ റൂം. 36 സുരക്ഷാ ക്യാമറകളിലൂടെ കനകക്കുന്നിന്റെ മുക്കും മൂലയും നിരീക്ഷിക്കാൻ നിശാഗന്ധിക്ക് സമീപത്തുള്ള കൺട്രോൾ റൂമിലെ സ്‌ക്രീനുകളും സജ്ജമാണ്.
അതേസമയം, രണ്ടുവർഷത്തെ ഇടവേളക്ക് ശേഷം ആണ് സംസ്ഥാനത്ത് വീണ്ടും ഓണാഘോഷം വിപുലമായി ആഘോഷിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി സംസ്ഥാന വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷം സെപ്തംബർ ആറുമുതൽ 12 വരെയാണ്.
കനകക്കുന്നിൽ നടന്ന ഓണം വാരാഘോഷത്തിന്റെ ഉദ്ഘാടനത്തിന് മുഖ്യാഥിയായി എത്തിയത് ദുൽഖർ സൽമാൻ ആയിരുന്നു. പ്രളയവും കൊവിഡും മൂലം നഷ്‌ടമായ ഓണം ഇക്കുറി മനസ് തുറന്നു ആഘോഷിക്കാമെന്നും ഓണം തനിക്ക് ഏറെ പ്രിയപ്പെട്ട ആഘോഷമാണെന്നും നടൻ പറഞ്ഞിരുന്നു. .കുറച്ച് നാളുകൾക്ക് ശേഷമാണ് താൻ തിരുവനന്തപുരത്ത് വീണ്ടും എത്തുന്നത് എന്നും അതിന് അവസരം നൽകിയ കേരള സർക്കാരിന് നന്ദി അറിയിക്കുന്നതായും നടൻ പറഞ്ഞു.
'ഒരുപാട് നാളുകൾക്ക് ശേഷം ഇതുപോലൊരു വേദിയിൽ മുണ്ടുടുക്കാൻ ഒരവസരം കൂടി കിട്ടി എനിക്ക്. കഴിഞ്ഞ മൂന്ന്-നാല് വർഷങ്ങളായി നമ്മൾ ഇതുപോലെ ആഘോഷിച്ചിട്ടില്ല. പ്രളയത്തിനും കൊവിഡിനും ശേഷം വീണ്ടും ഇത്ര വലിയൊരു ഒത്തുചേരലിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷം. ഓണം എന്റെ പ്രിയപ്പെട്ട ആഘോഷംആണ്. ഈ ഓണം എല്ലാവർക്കും മനസ് തുറന്നു ആഘോഷിക്കാം', അദ്ദേഹം പറയുന്നു.
സൗന്ദര്യം കൂടി വരുവാണല്ലോ!!!!..... ഓണാശംസകളുമായി മഡോണ എത്തി..ചിത്രം ഏറ്റെടുത്ത് ആരാധകർ
സെപ്റ്റംബർ 12 വരെയുള്ള ഓണം വാരാഘോഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. ദുൽഖറിനൊപ്പം അപർണ ബാലമുരളിയും മുഖ്യാതിഥിയായിരുന്നു.












Click it and Unblock the Notifications