'പെണ്‍കുട്ടി ജ്യൂസ് ചലഞ്ച് നടത്തി, സ്ഥിരമായി നല്‍കി'; കഷായം കുടിച്ചത് ഷാരോണ്‍ ആദ്യം പറഞ്ഞില്ല
തിരുവനന്തപുരം: പാറശാല സ്വദേശി ഷാരോണിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വാട്‌സാപ്പ് സന്ദേശങ്ങള്‍ പുറത്ത്. കുടുംബമാണ് ഇപ്പോള്‍ കൂടുതല്‍ സന്ദേശങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. പെണ്‍സുഹൃത്തും ഷാരോണും തമ്മില്‍ അവസാന ദിവസങ്ങളില്‍ നടത്തിയ വാട്‌സാപ്പ് ഓഡിയോ സന്ദേശങ്ങളാണ് പുറത്തുവരുന്നത്. കഷായം കുടിച്ച കാര്യം ഞാന്‍ വീട്ടില്‍ പറഞ്ഞില്ലെന്നും ജ്യൂസ് കുടിച്ചതാണ് ഛര്‍ദ്ദിലിന് കാരണമെന്നാണ് വീട്ടുകാരെ അറിയിച്ചതെന്ന് ഷാരോണ്‍ പെണ്‍കുട്ടിയോട് വാട്‌സാപ്പില്‍ പറയുന്നുണ്ട്. ശബ്ദ സന്ദേശം ഇങ്ങനെയാണ്...

'എടീ ചേട്ടന്റെ അടുത്ത് കഷായം കുടിച്ചെന്ന് ഒന്നും പറയാന്‍ പറ്റില്ലല്ലോ. ഞാന്‍ വീട്ടില്‍ പറഞ്ഞത് നമ്മള്‍ അന്ന് കുടിച്ചില്ലേ, ജ്യൂസ്, അതാണെന്നാണ്. എക്സിപിയറി ഡേറ്റ് കഴിഞ്ഞത്, കയ്പ്പുള്ളത്. അതുപോലത്തെ സാധനം കുടിച്ചെന്നാണ് ഞാന്‍ പറഞ്ഞത്. അത് കുടിച്ചത് തൊട്ട് ഛര്‍ദിലാണെന്നാണ് ഞാന്‍ വീട്ടില്‍ പറഞ്ഞത്'- ഷാരോണ്‍ ശബ്ദ സന്ദേശത്തില്‍ പറഞ്ഞു.

ഇതിന് മറുപടിയായി പെണ്‍കുട്ടി പറഞ്ഞത് ഇങ്ങനൊയിരുന്നു, 'എനിക്കും ഈ ജ്യൂസില്‍ എന്തോ ഡൗട്ട് തോന്നുന്നുണ്ട്. അത് നോര്‍മല്‍ ടേസ്റ്റ് ആയിരുന്നോ, കുഴപ്പമൊന്നും ഇല്ലല്ലോ. ഇനി അത് റിയാക്ട് ആയതാണോ എന്തോ' അതേസമയം, ഷാരോണിന് ഇതാദ്യമായല്ല, പെണ്‍കുട്ടി ജ്യൂസ് നല്‍കിയത്. ഇതിന് മുമ്പും ജ്യൂസ് നല്‍കിയിട്ടുണ്ടെന്ന് കുടുംബം പറയുന്നു.

സ്ഥിരമായി ഷാരോണിന് പെണ്‍കുട്ടി ജ്യൂസ് നല്‍കിയിരുന്നതായും ഇക്കാര്യം ഷാരോണ്‍ അമ്മയോടും അനുജനോടും നേരത്തെ പറഞ്ഞിട്ടുണ്ടെന്നും മൂത്ത സഹോദരനായ ഷിമോണ്‍ പറഞ്ഞു. ഇരുവരും പുറത്തുപോകുമ്പോള്‍ സ്ഥിരമായി പെണ്‍കുട്ടി ജ്യൂസ് കൊണ്ടുവന്നിരുന്നതായും ഇത് ഷാരോണിന് നല്‍കിയിരുന്നതായും സഹോദരന്‍ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോയും ഷാരോണിന്റെ കുടുംബം പുറത്തുവിട്ടിട്ടുണ്ട്.

അതേസമയം, ഇരുവരും തമ്മില്‍ ജ്യൂസ് ചലഞ്ച് നടത്തിയതായും സൂചനകളും പുറത്തുവരുന്നുണ്ട്. ഷാരോണ്‍ മരിക്കുന്നതിന് രണ്ടാഴ്ച മുന്‍പാണ് ജ്യൂസ് ചലഞ്ച് നടത്തിയത്. ഇതിന്റെ വീഡിയോയും ഷാരോണിന്റെ ബന്ധുക്കള്‍ പുറത്തുവിട്ടിട്ടുണ്ട്. അന്നും ഷാരോണ്‍ ഛര്‍ദിച്ചെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ഷാരോണും പെണ്‍കുട്ടിയും ഒരുമിച്ചുള്ള വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ജ്യൂസ് ചാലഞ്ച് എന്ന പേരിലാണ് പെണ്‍കുട്ടി ജ്യൂസ് കുപ്പികള്‍ കൊണ്ടുവന്നത്. രണ്ട് കുപ്പികളാണ് പെണ്‍കുട്ടിയുടെ കയ്യില്‍ ഉണ്ടായിരുന്നത്. ഈ സമയത്ത് ഷാരോണ്‍ എന്താണ് ചാലഞ്ചെന്ന് ചോദിക്കുമ്പോള്‍ അതൊക്കെ പിന്നീട് പറയാമെന്നും വീഡിയോ റെക്കോര്‍ഡ് ചെയ്യേണ്ടെന്നും പെണ്‍കുട്ടി പറയുന്നു.

നേരത്തെ യുവതിയുമായുള്ള ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകളും പുറത്തുവന്നിരുന്നു. ഷാരോണ്‍ വീട്ടിലേക്ക് വന്നത് ഒറ്റയ്ക്കല്ല, സുഹൃത്തുമായാണ്, അപ്പോള്‍ ഞാന്‍ എന്തെങ്കിലും ചെയ്യുമോ എന്നും പെണ്‍കുട്ടി ചോദിക്കുന്നുണ്ട്. ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകളാണ് പുറത്തുവന്നത്. ഇതിനിടെ, ഷാരോണിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടുകളും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. 14ാം തീയതി അഡ്മിറ്റ് ചെയ്തപ്പോള്‍ വൃക്കയുടെയും കരളിന്റെയും പ്രവര്‍ത്തനം സാധാരണ നിലയിലായിരുന്നു. എന്നാല്‍ 17ാം തീയതി വീണ്ടും അഡ്മിറ്റ് ചെയ്തപ്പോള്‍ വൃക്കയുടെയും കരളിന്റെയും എല്ലാം പ്രവര്‍ത്തനം നിലച്ചതായാണ് കാണുന്നത്.












Click it and Unblock the Notifications