ഇന്ന് സിൽവർലൈൻ പദ്ധതിയിൽ കല്ലിടൽ നടക്കുമോ? അനിശ്ചിതത്വം തുടരുന്നു
തിരുവനന്തപുരം : സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട കല്ലിടലിൽ അനിശ്ചിതത്വം തുടരുന്നു. സമര സമിതികളിൽ നിന്നും നാട്ടുകാരിൽ നിന്നും പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ കല്ലിടൽ നടപടികൾ നിർത്തിവച്ചിട്ടുണ്ട്. ഈ തീരുമാനത്തിൽ കെ റെയിൽ ഒരു വ്യക്തത വരുത്താത്ത സാഹചര്യത്തിൽ ഇന്ന് കല്ലിടൽ നടക്കുമോ എന്ന കാര്യത്തിലാണ് അനിശ്ചിതത്വം തുടരുന്നത്.
അതേ സമയം കല്ലിടൽ നടപടികളുമായി മുന്നോട്ട് പോയാൽ പ്രതിഷേധം ശക്തമാക്കാനാണ് സമരസമിതികളുടെയും യുഡിഎഫിന്റെയും തീരുമാനം. പല സ്ഥലങ്ങളിലും സർവെ നടപടികൾ നിലവിൽ നിലച്ച സാഹചര്യമാണ് ഉള്ളത്. കല്ലിടൽ നടപടികളുമായി മുന്നോട്ട് പോകണമെങ്കിൽ കൂടുതൽ പൊലീസ് സംരക്ഷണം ആവശ്യമാണെന്നാണ് സർവെ ഏജൻസികളുടെ നിലപാട്. ഇത് ഏജൻസികൾ കെ റെയിലിനെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.

കെ റെയിലിനെതിരെയുള്ള പ്രതിഷേധം പല പ്രദേശങ്ങളിലും ശക്തമായതിനെ തുടർന്നാണ് സർവെ നടപടികൾ നിർത്തിവച്ചിരിക്കുന്നത്. കോട്ടയത്തെയും കോഴിക്കോടിലെയും പ്രതിഷേധങ്ങൾ സംഘർഷത്തിൽ കലാശിച്ചിരുന്നു. കല്ലിടൽ നടക്കുന്ന സ്ഥലങ്ങളിലെല്ലാം പ്രതിഷേധവുമായി നിരവധി പേരാണ് തടസം സൃഷ്‌ടിച്ച് കൊണ്ടു മുന്നോട്ട് വരുന്നത്. ഈ സാഹചര്യത്തിലാണ് കല്ലിടൽ നിർത്തിവച്ചിരിക്കുന്നത്. എന്നാല്‍ പദ്ധതി പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമെന്നാണ് സർക്കാർ നിലപാട്.

അതേ സമയം ബിജെപിയുടെയും യുഡിഎഫിന്റെയും ആരോപണങ്ങൾക്ക് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ രംഗത്തെത്തിയിരുന്നു. പ്രതിപക്ഷം ജനങ്ങളില്‍ ആശങ്ക നിറയ്ക്കുകയാണെന്നും മികച്ച നഷ്ടപരിഹാരം നല്‍കാതെ ഒരാളുടേയും ഭൂമി ഏറ്റെടുക്കില്ലെന്നുമായിരുന്നു കോടിയേരി ബാലകൃഷ്‌ണന്റെ പ്രതികരണം.

സംസ്ഥാനത്ത് എല്‍ഡിഎഫിന് ഭരണത്തുടർച്ച ഉണ്ടായാൽ കെ റെയിൽ എന്ന ആശയം യാഥാർഥ്യമാക്കുമെന്ന് ജനങ്ങൾക്ക് പിണറായി സർക്കാർ വാഗ്‌ദാനം നൽകിയിരുന്നു. ഈ വാഗ്‌ദാനമാണ് സർക്കാർ പാലിക്കാൻ ശ്രമിക്കുന്നത്. എന്നാൽ യുഡിഎഫും ബിജെപിയും മതതീവ്രവാദ ശക്തികളും ചേർന്ന് കുപ്രചാരണം നടത്തുകയും സർക്കാരിനെതിരെ അരാജക സമരം നടത്തുകയുമാണെന്ന് കോടിയേരി ആരോപിച്ചു. വോട്ടർമാരുടെ അംഗീകാരം വാങ്ങി നടപ്പാക്കുന്ന പ്രഖ്യാപിത പദ്ധതിയാണ് ഇതെന്ന കാര്യം ഇവർ ഓർക്കണമെന്നും കോടിയേരി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്.

അതേ സമയം കെ റെയിൽ പദ്ധതിക്ക് കല്ലിടൽ നടക്കുന്നത് സാമൂഹ്യ ആഘാത പഠനത്തിന് അല്ലെന്ന് ഇ ശ്രീധരൻ പറഞ്ഞു. സാമൂഹ്യ ആഘാത പഠനത്തിന് കല്ലിടൽ നടത്തേണ്ട ആവശ്യമില്ലെന്നും ഇപ്പോൾ നടക്കുന്നത് ഭൂമി ഏറ്റെടുക്കാനുള്ള നടപടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കെ.റെയില്‍ പദ്ധതിയിലുള്ള പ്രശ്‌നങ്ങൾ റെയിൽവെ മന്ത്രിയെ അറിയിച്ചിട്ടുണ്ട്. സാങ്കേതിക പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും കത്ത് നൽകിയിട്ടുണ്ട്. 64000 കോടിയിൽ നിലവിലെ പദ്ധതി നടക്കില്ലെന്നും ഇ ശ്രീധരൻ വിശദീകരിച്ചു.












Click it and Unblock the Notifications