തിരുവനന്തപുരത്ത് തെരുവുനായ ആക്രമണം: കുട്ടികളടക്കം എട്ടുപേർക്ക് കടിയേറ്റു!!
കോവളം: കെഎസ് റോഡിലെ വേടർ കോളനിക്കടുത്ത് കുട്ടികളടക്കം എട്ടുപേർക്ക് തെരുവുനായയുടെ കടിയേറ്റു. കഴിഞ്ഞദിവസം വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം. കോവളം കെഎസ് റോഡിൽ വേടർകോളനിയിൽ അക്ഷയ നിവാസിൽ രതീഷ്കുമാർ (34), ഭാര്യ ദീപ (30), ലീലാസദനത്തിൽ ലീല ടി(64), അനിത എസ് (42) എന്നിവർക്കും വഴിയാത്രക്കാരായ കുട്ടികളടക്കം നാലുപേർക്കുമാണ് കടിയേറ്റത്.
കന്നുകാലികളടക്കം നിരവധി വളർത്തുമൃഗങ്ങൾക്കും കടിയേറ്റതായി നാട്ടുകാർ പറയുന്നു. കന്നുകാലികളെ മാറ്റികെട്ടുന്നതിനിടയിലും വീട്ടുമുറ്റത്ത് നിൽക്കുമ്പോഴുമായിരുന്നു വേടർകോളനിയിലുള്ളവർക്ക് നായകളുടെ കടിയേറ്റത്. ആക്രമിച്ച നായ്ക്കളെ ഓടിക്കാൻ ശ്രമിക്കുമ്പോഴാണ് രതീഷ്കുമാറിൻെറ മുഖത്തും താടിക്കും കടിയേറ്റത്. ദീപയ്ക്ക് കൈയിലും, ലീലയ്ക്ക് കാലിനും, അനിതയ്ക്ക് ഇടത് കൈയിലും, സമീപവാസികളായ അഖിൽ (20), ശാലു (35) എന്നിവർക്ക് നായുടെ ആക്രമണത്തിൽ പരിക്കേറ്റു. വാറുവിള വീട്ടിൽ രത്നകുമാരിയുടേയും അരശ് നിന്ന പൊറ്റവിള വീട്ടിൽ രാജൻറേയും വളർത്തുമൃഗങ്ങൾക്കാണ് കടിയേറ്റത്. നായ്ക്കളുടെ ആക്രമണത്തിനിരയായവർ വിഴിഞ്ഞം കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിൽ ചികിത്സതേടി. ഇവരെ ജനറൽ ആശുപത്രിയിലേക്കും മെഡിക്കൽ കോളേജിലേയ്ക്കും കൊണ്ടുപോയി.

കോഴി ഫാമിൽ നിന്നും 50 ഓളം കോഴികളെ ഇന്നലെ രാത്രി തെരുവു നായ്ക്കൾ കൊന്നു. പുതുശ്ശേരി 10ാം വാർഡിൽ താജുദ്ദിന്റെ ഉടമസ്ഥതയിലുള്ള ഫാമിൽ നിന്നാണ് കോഴികളെ കൂട് നശിപ്പിച്ച് തെരുവു നായ്ക്കൾ കൊന്നത്. ഈ പ്രദേശത്ത് നായശല്യം കൂടുതലാണെന്ന പരാതി വ്യാപകമാണ്. സ്കൂളിൽ പോകുന്ന കുട്ടികളെയും വഴിയാത്രക്കാരെയും തെരുവുനായ്ക്കൾ ആക്രമിക്കാറുണ്ട്.












Click it and Unblock the Notifications