മദ്യ ലഹരിയിൽ ഭാര്യയെ കഴുത്തുവെട്ടി കൊന്നു; തിരുവനന്തപുരത്ത് സഹോദരന്റെയും അമ്മയുടെയും മുന്നിൽവെച്ച് നടന്നത് ഞെട്ടിക്കുന്ന ക്രൂരത, സംഭവം ഇങ്ങനെ...
തിരുവനന്തപുരം : കുടുംബവഴക്കിനെ തുടർന്ന് നെടുമങ്ങാട് കരകുളം മുല്ലശേരിയിൽ യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു. മുല്ലശേരി ആനൂർ ഹൗസിൽ സജീവ് കുമാറിന്റെ ഭാര്യ സ്മിതയാണ് (38) കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് സജീവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
നെടുമങ്ങാട് മെഡിക്കൽ ഷോപ്പ് ജീവനക്കാരിയായ സ്മിത ഇന്നലെ രാത്രി 8 മണിയോടെ ജോലി കഴിഞ്ഞ് വീട്ടിൽ വന്നപ്പോൾ സജീവുമായി വഴക്കുണ്ടായതായി പൊലീസ് പറഞ്ഞു. കാർപ്പെന്ററായി ജോലി നോക്കുന്ന സജീവ് മദ്യപിക്കുന്ന സ്വഭാവക്കാരനാണ്. മദ്യപിച്ചെത്തി വീട്ടിൽ വഴക്കുണ്ടാക്കാറുള്ള സജീവ് സ്മിതയെ ഉപദ്രവിക്കാറുമുണ്ട്. ഉപദ്രവം ഭയന്ന് ഇന്നലെ വഴക്കിനിടെ വീട്ടിൽ നിന്നിറങ്ങി ഓടിയ സ്മിത രാത്രി പതിനൊന്നുമണിയോടെയാണ് വീട്ടിൽ തിരിച്ചെത്തിയത്.

മദ്യലഹരിയിലായിരുന്ന സജീവ് ഇതേ ചൊല്ലി വീണ്ടും സ്മിതയുമായി വഴക്കുണ്ടാക്കുകയും വഴക്കിനിടെ കഴുത്തിൽ വെട്ടുകയുമായിരുന്നു. വെട്ടേറ്റ് നിലത്തുവീണ സ്മിതയുടെ മുതുകിൽ ആഴത്തിൽ കുത്തുകയും ചെയ്തിട്ടുണ്ട്. കഴുത്തിൽ ആഴത്തിലുള്ള വെട്ടേറ്റ സ്മിത തൽക്ഷണം മരിച്ചു. സജിയുടെ മാതാവും സഹോദരനും മറ്റ് കുടുംബാംഗങ്ങളും ഈ സമയം വീട്ടിലുണ്ടായിരുന്നെങ്കിലും അക്രമസ്വഭാവം കാട്ടുന്ന പ്രകൃതക്കാരനായതിനാൽ അവർക്ക് ഒന്നും ചെയ്യാനായില്ല. വിവരമറിഞ്ഞെത്തിയ നെടുമങ്ങാട് സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സജിയെ കസ്റ്റഡിയിലെടുത്തു. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. വിദ്യാർത്ഥികളായ പാർവതി, ഭദ്ര എന്നിവർ മക്കളാണ്.












Click it and Unblock the Notifications