മന്ത്രി എസി മൊയ്തീന്റെ ബൂത്തിൽ ആദ്യ വോട്ട് ഏഴു മണിക്കു ശേഷം, വോട്ടിംഗ് യന്ത്രത്തിലെ രേഖപ്പെടുത്തൽ
തൃശ്ശൂർ;വോട്ടു ചെയ്ത പോളിംഗ് ബൂത്തിൽ പോളിംഗ് ആരംഭിച്ചത് രാവിലെ ഏഴിനു ശേഷമെന്ന് വോട്ടിംഗ് യന്ത്രത്തിലെ രേഖപ്പെടുത്തൽ. 7.11.12 എ എം എന്നാണ് യന്ത്രത്തിലെ വോട്ടിംഗ് സ്റ്റാർട്ട് ടൈമായി രേഖപ്പെടുത്തിയിരിക്കുന്നതെന്ന് വോട്ടെണ്ണൽ വേളയിൽ യന്ത്രം പരിശോധിച്ചപ്പോൾ വ്യക്തമായതായി ജില്ലാ കളക്ടർ അറിയിച്ചു.

മന്ത്രിയുടെ ബൂത്തായ തെക്കുംകര ഗ്രാമപഞ്ചായത്തിലെ പനങ്ങാട്ടുകര എം എന്‍ ഡി സ്‌കൂളിലെ ഒന്നാം ബൂത്തിലെ ഇലക്ട്രോണിക്ക് വോട്ടിംഗ് യന്ത്രമാണ് വിവാദമുണ്ടായ സാഹചര്യത്തിൽ പ്രത്യേകം പരിശോധിച്ചത്.വരണാധികാരി വടക്കാഞ്ചേരി സബ് രജിസ്ട്രാര്‍ പി എം അക്ബര്‍ ഇക്കാര്യം കലക്ടറെ അറിയിച്ചു. വോട്ടിംഗ് യന്ത്രത്തില്‍ രേഖപ്പെടുത്തിയ വോട്ടിംഗ് സ്റ്റാര്‍ട്ട് ടൈമിന്റെ പ്രിന്റൗട്ട് ജില്ലാ കലക്ടര്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി.
തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി മന്ത്രി വോട്ടെടുപ്പ് തുടങ്ങും മുന്നേ വോട്ട് രേഖപ്പെടുത്തിയെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും മന്ത്രി തിരഞ്ഞെടുപ്പ് ചട്ടപ്രകാരമുള്ള സമയത്തുതന്നെയാണ് വോട്ട് രേഖപ്പെടുത്തിയതെന്നും കലക്ടര്‍ പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്തിലേക്ക് വിതരണം ചെയ്ത തപാല്‍, സ്പെഷ്യല്‍ തപാല്‍ ബാലറ്റുകളില്‍ 91.66 ശതമാനവും വോട്ടു രേഖപ്പെടുത്തി തിരികെ ലഭിച്ചതായും ജില്ലാ കലക്ടര്‍ എസ്. ഷാനവാസ് അറിയിച്ചു. 23247 ബാലറ്റുകള്‍ ത്രിതല പഞ്ചായത്തുകളിലേക്ക് അനുവദിച്ചതില്‍ 21309 ബാലറ്റുകള്‍ തിരികെ ലഭിച്ചു.
വിതരണം ചെയ്ത തപാല്‍ ബാലറ്റുകളില്‍ ഭൂരിഭാഗവും തിരിച്ചെത്തിയെന്നും ബാലറ്റുകളുടെ വിതരണവുമായി ബന്ധപ്പെട്ട് യാതൊരു ക്രമക്കേടുകളും ഉണ്ടായിട്ടില്ലെന്നും കലക്ടര്‍ വ്യക്തമാക്കി.
ജില്ലയിൽ ഏറ്റവും മികച്ച രീതിയിലാണ് തിരഞ്ഞെടുപ്പ് ജോലികള്‍ പൂര്‍ത്തിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications