തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പത്താം ക്ലാസ് വരെ മാത്രം പഠനം, ജോലി ബസ് കണ്ടക്ടര്‍: ആഗ്രഹം പോലീസ് ആകാന്‍, സ്വയം ഡിഐജി ചമഞ്ഞ് വന്‍ തുകയുടെ തട്ടിപ്പ്, 21 വയസിനിടെ രണ്ട് കല്യാണം, അവസാനം ശരിക്കുള്ള പോലീസിന്റെ കൈയ്യില്‍ അകപ്പെട്ടു

  • By Desk
Google Oneindia Malayalam News

തൃശുര്‍: ഡിഐജി ചമഞ്ഞ് തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ യുവാവ് നിരവധി തട്ടിപ്പു കേസില്‍ പ്രതിയാണെന്ന് കണ്ടെത്തി. ചേര്‍പ്പ് സ്വദേശി കുന്നത്തുള്ളി വീട്ടില്‍ മിഥുനെയാണ് കഴിഞ്ഞ ദിവസം തൃശൂര്‍ സിറ്റി ക്രൈംബ്രാഞ്ചും മണ്ണുത്തി പോലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ആര്‍. ഭാനുകൃഷ്ണ ഐ.പി.എസ്. എന്ന പേരില്‍ ഡി.ഐ.ജി. റാങ്കിലുള്ള ഉദ്യോഗസ്ഥനാണെന്ന് തെറ്റിധരിപ്പിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്. പോലീസില്‍ ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് രണ്ടാം ഭാര്യയുടെ സഹോദരില്‍നിന്ന് അഞ്ചു ലക്ഷം വാങ്ങിയെന്ന പരാതിയിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയതത്.

Cheating case

പഠനം പത്താംക്ലാസ് വരെ: മോഹം ഐപിഎസ്

പഠിപ്പു പത്താംക്ലാസുവരെയുള്ളൂവെങ്കിലും മനസില്‍ മോഹം പോലീസ് ഓഫീസറാകാനായിരുന്നു. ശരിക്കും ഓഫീസറാകാന്‍ കഴിയാതെ വന്നപ്പോള്‍ പോലീസ് വേഷം സ്വയം എടുത്തണിഞ്ഞു. വേഷം കണ്ടാല്‍ ആരും പറഞ്ഞുപോകും. എന്താ സ്‌റ്റൈല്‍.

സുരേഷ്‌ഗോപിയുടെ കിടിലന്‍ ഡയലോഗുകള്‍ കണ്ടാണ് പോലീസ് മോഹമുദിച്ചത്. ഒടുവില്‍ തൃശൂര്‍ റേഞ്ച് ഐ.ജി.യായി സ്വയം അവതരിച്ചു. അതും ആര്‍.ബാനുകൃഷ്ണ ഐ.പി.എസ്. എന്ന പേരില്‍. ഒടുവില്‍ തട്ടിപ്പുനടത്തിയതിനു കുടുങ്ങി അറസ്റ്റിലായി. ചേര്‍പ്പ് ഇഞ്ചമുടി കുന്നത്തുള്ളി മിഥുനാണ് (21) പോലീസ് വേഷത്തിലുള്ള തട്ടിപ്പിനു പിടിയിലായത്.

ബസ് കണ്ടക്ടറില്‍നിന്ന് 'എസ്.ഐ'യുടെ യൂണിഫോമിലേക്ക്

ബസ് കണ്ടക്ടറുടെ യൂണിഫോം അഴിച്ചുവെച്ചാണ് എസ്.ഐ. വേഷം സ്വന്തമാക്കിയത്. 17 -ാം വയസിലാണ് അരങ്ങേറ്റം. ചേര്‍പ്പിലെ ഒരു കുടുംബത്തെ പരിചയപ്പെട്ടു എസ്.ഐ. ആണെന്ന പേരില്‍ പണം തട്ടാനൊരുങ്ങിയിരുന്നു.

സംശയം തോന്നിയ വീട്ടുകാര്‍ ചേര്‍പ്പ് എസ്.ഐയെ വിളിച്ചതോടെ മിഥുന്‍ അകത്തായി. അന്നു പ്രായപൂര്‍ത്തിയാകാതിരുന്നതിനാല്‍ കേസെടുത്തില്ല. പിന്നീടാണ് ഐ.ജി. പദവി സ്വയം എടുത്തണിഞ്ഞത്. രണ്ടാംഭാര്യയുടെ സഹോദരന് സിവില്‍ പോലീസ് ഓഫീസറായി ജോലി ശരിയാക്കി നല്‍കാമെന്നു പറഞ്ഞ് അഞ്ചുലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തു. നെയിംബോര്‍ഡോടു കൂടിയ എയര്‍പിസ്റ്റളുമായി ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച പോലീസ് ജീപ്പില്‍ സഞ്ചരിച്ച ഇയാളെ കണ്ട് പന്തികേടു തോന്നി ചിലര്‍ക്കുണ്ടായ സംശയമാണ് കുരുക്കിയത്. സ്ഥലംമാറി തൃശുരിലെത്തിയതായി വിശ്വസിപ്പിക്കാന്‍ ഉത്തരവിന്റെ കോപ്പിയും സംഘടിപ്പിച്ചിരുന്നു. പെരിങ്ങോട്ടുകര സ്വദേശിനിയെ വിവാഹം കഴിച്ചുവെന്നു പറയുന്നത് 20 -ാം വയസില്‍. ഇതിനു നിയമപരമായി നിലനില്‍പ്പില്ല.

ഡി.ഐ.ജി ചമഞ്ഞ് രണ്ടാംഭാര്യയെ പാട്ടിലാക്കി

മണ്ണുത്തി വലക്കാവിനടുത്ത് താളിക്കുണ്ട് പ്രദേശത്തു താമസിക്കുന്ന രണ്ടാംഭാര്യയെ പാട്ടിലാക്കിയതു ഡി.ഐ.ജി ചമഞ്ഞാണ്. ചിയ്യാരത്തെ ഒരു സുഹൃത്തുമായി ബന്ധം സ്ഥാപിച്ചാണ് അവിടെ സന്ദര്‍ശകനായത്. താന്‍ ഡി.ഐ.ജിയാണെന്നും ചെറിയ കുരുക്കില്‍ പെട്ട് സസ്‌പെന്‍ഷനിലാണെന്നും പെണ്‍കുട്ടിയുടെ വീട്ടുകാരെ ധരിപ്പിച്ചു. അഞ്ചു ലക്ഷം രൂപ സംഘടിപ്പിച്ചു തന്നാല്‍ സഹോദരനെ പോലീസിലെടുക്കാമെന്നും വാഗ്ദാനം ചെയ്തു. ഇതിനിടെ സഹോദരിയുമൊന്നിച്ച് യാത്രകളും നടത്തി. അവരുടെ കൈയിലുണ്ടായിരുന്ന 16 പവന്‍ സ്വര്‍ണവും അടിച്ചെടുത്തു.

കെട്ടിട ഉടമയെ കബളിപ്പിച്ചും തട്ടിപ്പ്

തൃശൂര്‍ മുളങ്കുന്നത്തുകാവ് മെഡി.കോളജിനടുത്തു ലോഡ്ജില്‍ താമസിച്ച അവസരത്തില്‍ കെട്ടിട ഉടമയെ കബളിപ്പിച്ചു ലക്ഷങ്ങള്‍ തട്ടിയകേസിലും ഇയാള്‍ കുടുങ്ങി. പോലീസ് ഉദ്യോഗസ്ഥനായി സെലക്ഷന്‍ ലഭിച്ചുവെന്നു പറഞ്ഞ മിഥുന്‍ ഐ.പി.എസ് പരിശീലനത്തിനു പോകണമെന്നു പറഞ്ഞാണ് പണം ചോദിച്ചത്. തിരുവനന്തപുരത്ത് പരിശീലനത്തിനു ജീപ്പും ലാപ്‌ടോപ്പും തോക്കും വാങ്ങാനെന്ന പേരില്‍ അഞ്ചുലക്ഷത്തോളം രൂപ കൈപ്പറ്റി. ലോഡ്ജ് ഉടമയോടു തനിക്ക് ഐ.പി.എസ്. സെലക്ഷന്‍ ശരിയായി എന്നറിയിച്ച മിഥുന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ നിന്നു സുഭിക്ഷമായി ഭക്ഷണവും കഴിച്ചാണ് രണ്ടാംഭാര്യയുടെ വീട്ടിലേക്ക് ജീപ്പില്‍ ചെത്തിയത്. അവിടെ വെച്ചാണ് കള്ളം പൊളിഞ്ഞത്.

നായകന്‍ പ്രതിനായകനായി

ക്രൈംബ്രാഞ്ച് സംഘം പുതിയ 'ഡി.ഐ.ജി'യെ തേടിയെത്തിയപ്പോള്‍ നായകന്‍ പ്രതിനായകനായി. തിരിച്ചറിയല്‍ കാര്‍ഡ് ചോദിച്ചതോടെ വാക്കുകള്‍ക്കു വേണ്ടി പരതി. ശാരീരികമായി തളര്‍ന്നുവീഴുമെന്ന ഘട്ടത്തില്‍ മെഡി.കോളജ് ആശുപത്രിയിലാക്കി. ചെന്നൈയില്‍ നിന്നാണ് പോലീസ് വേഷം വാങ്ങിയതെന്നാണ് മിഥുന്‍ മൊഴിനല്‍കിയത്.

21 വയസിനകം രണ്ടു വിവാഹം

ചെറുപ്രായത്തില്‍ തന്നെ തട്ടിപ്പുകള്‍ക്ക് പുതുരൂപം നല്‍കിയ മിഥുന്‍ ഐ.ജിയായി അഭിനയിച്ചത് തന്മയത്വത്തോടെ. തൃശൂര്‍ റേഞ്ച് ഐ.ജി: അജിത്കുമാര്‍ ശബരിമലയിലേക്കു പോകുന്നുവെന്നറിഞ്ഞതോടെ ആ ഒഴിവിലേക്കു തനിക്കു നിയമനം ലഭിച്ചുവെന്നു കാട്ടിയാണ് ഇയാള്‍ പ്രചാരണം നടത്തിയത്.

താന്‍ പാവപ്പെട്ട കുടുംബത്തിലെ അംഗമാണ് എന്നു പറഞ്ഞാണ് മെഡി.കോളജിനടുത്ത ലോഡ്ജ് ഉടമയെ മിഥുന്‍ ആദ്യം സമീപിച്ചത്. ഇദ്ദേഹം ട്രഷറി ഓഫീസറായി റിട്ടയര്‍ ചെയ്തശേഷമാണ് ലോഡ്ജ് തുടങ്ങിയത്. അലിവു തോന്നി മിഥുനു താമസിക്കാന്‍ എല്ലാ സൗകര്യവും നല്‍കി. താന്‍ സ്ഥലം വിട്ടുനല്‍കി താമസിപ്പിച്ച പാവപ്പെട്ട യുവാവ് സ്വന്തം നാട്ടില്‍ ഐ.ജിയായി എന്നു വിശ്വസിച്ച ലോഡ്ജ് ഉടമ മിഥുന് നല്ല ട്രീറ്റും നല്‍കി. ഐ.പി.എസ് കിട്ടിയെന്നു പറഞ്ഞശേഷമാണ് പരിശീലനത്തിനായി ബൊലേറോ ജിപ്പ് ഉള്‍പ്പെടെ വാങ്ങാന്‍ പലപ്പോഴായി അഞ്ചുലക്ഷം കൈക്കലാക്കിയത്.

ലോഡ്ജ് ഉടമയുടെ വീട്ടിലെ സല്‍ക്കാരത്തിനു രണ്ടു ഭാര്യമാരെയും ഇയാള്‍ അണിനിരത്തി. രണ്ടാംഭാര്യയോടു സഹോദരിയും മകളുമാണെന്നു പറഞ്ഞു വിശ്വസിപ്പിച്ചു. 21 വയസാകുമ്പോഴേക്കും രണ്ടു പെണ്ണുകെട്ടിയ മിഥുന്‍ നിഷ്‌കളങ്കമായാണ് ഇടപെട്ടിരുന്നതെന്ന് വീട്ടുകാരും നാട്ടുകാരും പറയുന്നു. ആദ്യ പെണ്‍കുട്ടിയില്‍ ആറു മാസം പ്രായമായ കുട്ടിയുമുണ്ട്. 20 വയസില്‍ കഴിഞ്ഞ കല്യാണത്തിനു നിയമപ്രകാരം അംഗീകാരമില്ല. ലോഡ്ജ് ഉടമ വാങ്ങി നല്‍കിയ ജീപ്പിലായിരുന്നു കറക്കം. യൂനിഫോമിലും അല്ലാതെയും സഞ്ചരിച്ചു. രണ്ടാംഭാര്യയുടെ വീട്ടില്‍ നിന്നാണ് കഴിഞ്ഞദിവസം പിടിയിലാകുന്നത്.

എസ്.ഐ. ചമഞ്ഞും തട്ടിപ്പ്

എസ്.ഐ. ചമഞ്ഞ് ചേര്‍പ്പില്‍ ഒരാളെ ഭീഷണിപ്പെടുത്തി പണം കൈപറ്റിയിരുന്നുവെന്ന് പ്രതി അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതിനിടെ സ്‌റ്റേഷനില്‍ വെച്ച് ശാരീരാകാസ്വാസ്ഥ്യം അനുഭവപ്പെട്ട പ്രതിയെ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണ്ണുത്തി എസ്.ഐ: പി.എം.രതീഷിന്റെയും ഷാഡോ പോലീസ് എസ്.ഐ: ഗ്‌ളാഡ്സ്റ്റന്റെയും നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. സിറ്റിപോലീസ് കമ്മീഷ്ണര്‍ ജി.എച്ച്. യതീഷ് ചന്ദ്രയുടെ നിര്‍ദേശമനുസരിച്ചാണ് അന്വേഷണം നടത്തിയത്.

Thrissur
English summary
Cheating case in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X