തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നിപയ്ക്ക് ആരോഗ്യവകുപ്പിന്റെ മുന്‍കരുതല്‍; ആശങ്ക വേണ്ടെന്ന് തൃശൂർ കലക്ടര്‍, 30 ദിവസം ജാഗ്രത തുടരും!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: കൊച്ചിയില്‍ നിപ രോഗം സംശയാസ്പദമായി റിപ്പോര്‍ട്ടു ചെയ്തതിനെ തുടര്‍ന്ന് തൃശൂര്‍ ജില്ലയില്‍ ആരോഗ്യവകുപ്പ് മുന്‍കരുതല്‍ ശക്തമാക്കി. രോഗബാധയുണ്ടെന്നു കരുതുന്ന യുവാവ് നാലുനാള്‍ മാത്രമാണ് തൃശൂര്‍ ജില്ലയില്‍ തങ്ങിയതെന്നും കൂടെയുണ്ടായിരുന്നവര്‍ നിരീക്ഷണത്തിലാണെന്നും ഡി.എം.ഒ: ഡോ. കെ.ജെ. റീന അറിയിച്ചു. ആശങ്കപ്പെടേണ്ട അവസ്ഥയില്ലെന്നും പൊതുജനങ്ങള്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും കലക്ടര്‍ ടി.വി. അനുപമയും വ്യക്തമാക്കി. 30 ദിവസം ജാഗ്രത തുടരും.

<strong>കടൽഭിത്തിയില്ലെങ്കിലും കരിമണൽ ഖനനമുണ്ട്; അമ്പലപ്പുഴയിൽ കടലാക്രമണത്തിൽ ജീവിതം വഴിമുട്ടി തീരദേശവാസികൾ</strong>കടൽഭിത്തിയില്ലെങ്കിലും കരിമണൽ ഖനനമുണ്ട്; അമ്പലപ്പുഴയിൽ കടലാക്രമണത്തിൽ ജീവിതം വഴിമുട്ടി തീരദേശവാസികൾ

രോഗിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരുണ്ടെങ്കില്‍ മെഡിക്കല്‍ കോളജിലോ ജനറല്‍ ആശുപത്രിയിലോ ഡോക്ടറുടെ സഹായം തേടണമെന്ന് ഡി.എം.ഒ. അറിയിച്ചു. അടിയന്തര ഘട്ടത്തില്‍ രോഗികളെ പാര്‍പ്പിക്കേണ്ട സന്ദര്‍ഭം മുന്‍കൂട്ടി കണ്ടു ജനറല്‍ ആശുപത്രിയിലും മെഡിക്കല്‍കോളജിലും പ്രത്യേക ഐസലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കി. ആവശ്യത്തിനു മരുന്നുകളും സ്റ്റോക്കു ചെയ്തു.

Nipah Virus

ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഇന്നലെ അടിയന്തിരയോഗം ചേര്‍ന്നു നടപ്പാക്കേണ്ട കാര്യങ്ങളുടെ രൂപരേഖ തയ്യാറാക്കി. കലക്ടറുടെ ക്യാമ്പ് ഹൗസില്‍ ഡി.എം.ഒ അടക്കമുള്ള ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍, തൃശൂര്‍ ജനറല്‍ആശുപത്രി സൂപ്രണ്ട്, മറ്റു ഡോക്ടര്‍മാര്‍, മൃഗസംരക്ഷണവകുപ്പ്, പബ്ലിക് റിലേഷന്‍സ് വകുപ്പ്, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരാണ് സ്ഥിതിഗതി വിലയിരുത്തിയത്. ഡി.എം.ഒ: ഡോ. കെ ജെ.റീന നിപ്പയുമായി ബന്ധപ്പെട്ട നിലവിലെ സ്ഥിതിഗതികള്‍ വിശദീകരിച്ചു. നിലവില്‍ രോഗിയുമായി ഏതെങ്കിലും തരത്തില്‍ സമ്പര്‍ക്കം പുലര്‍ത്തിയിട്ടുള്ള എല്ലാവരുടെയും വിവരങ്ങള്‍ ശേഖരിക്കുകയും അനന്തര നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഡി.എം.ഒ. അറിയിച്ചു.


രോഗലക്ഷണ ഉറവിടം തൃശൂര്‍ അല്ല


നിപ വൈറസ് ബാധയുണ്ടെന്നു സംശയിക്കുന്ന യുവാവ് തൃശൂരില്‍ കഴിഞ്ഞ മേയ് 21 മുതല്‍ 24 വരെ നാലുദിവസമാണ് തങ്ങിയത്. അപ്പോള്‍ കടുത്ത പനിയും ക്ഷീണവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോളജിലെ ക്യാമ്പില്‍ നിന്നു സ്വകാര്യ ആശുപത്രികളിലേക്കു കൊണ്ടുപോയി. തുടര്‍ന്ന് കളമശേരിയിലേക്കു മാറ്റി. രോഗലക്ഷണത്തിന്റെ ഉറവിടം തൃശൂര്‍ ജില്ല അല്ലാത്തതിനാല്‍ ആശങ്ക വേണ്ടെന്നു ആരോഗ്യവകുപ്പ് അറിയിച്ചു.

കോളജില്‍ നിന്നു സുഹൃത്തുക്കള്‍ക്കൊപ്പമാണ് തൃശൂരിലേക്കു വന്നത്. വടക്കന്‍ പറവൂര്‍ സ്വദേശിയായ 23 കാരനെ സംശയം തോന്നിയതോടെ സ്‌പെഷല്‍ വാര്‍ഡിലേക്കു മാറ്റി. രണ്ടാഴ്ച്ചത്തെ തൊഴില്‍ പരിശീലനപരിപാടിക്കു വന്ന യുവാവ് തൊടുപുഴയിലെ കോളജിലാണ് പഠിച്ചിരുന്നത്. ഹോസ്റ്റല്‍ മുറിയില്‍ കൂടെ താമസിച്ച ആറുപേരടക്കം ഒട്ടാകെ 86 പേര്‍ നിരീക്ഷണത്തിലാണ്.

പനിബാധിച്ചയാളുടെ വീട്ടുകാരെയും ആരോഗ്യവകുപ്പ് പരിശോധിച്ചു വരുകയാണ്. വിദ്യാര്‍ഥി നാലുദിവസമാണ് തൃശൂരില്‍ തങ്ങിയതെങ്കിലും പനി പടരാന്‍ സാധ്യതയുള്ള വേളയായി കണക്കാക്കിയാണ് മുന്‍കരുതല്‍ ശക്തമാക്കിയത്.


നിപയെ പ്രതിരോധിക്കാം

*ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും മറയ്ക്കുക

*പൊതുസ്ഥലങ്ങളില്‍ തുപ്പാതിരിക്കുക

*ചുമയ്ക്കുമ്പോള്‍ ഒ.പി. ടിക്കറ്റ്, ന്യൂസ് പേപ്പര്‍ മുതലായവ കൊണ്ട് മുഖം മറയ്ക്കാതിരിക്കുക

*ചുമച്ചുകഴിഞ്ഞാല്‍ കൈകള്‍ സോപ്പുപയോഗിച്ചു കഴുകുക

*ഉപയോഗിച്ച ടിഷ്യു പേപ്പറുകള്‍, മാസ്‌ക് എന്നിവ വലിച്ചെറിയരുത്

*ആശുപത്രികളില്‍ വരുമ്പോള്‍ തൂവാല കരുതുക

മുന്‍കരുതലോടെ ആരോഗ്യവകുപ്പ്

ജില്ലയില്‍ നിപ വൈറസുമായി ബന്ധപ്പെട്ട് ആരും ആശങ്കപ്പെടേണ്ട സ്ഥിതിയില്ലെന്നും പൊതുജനങ്ങള്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും കലക്ടര്‍. രോഗിയുമായിസമ്പര്‍ക്കത്തിലേര്‍പ്പെടുന്നവര്‍ മെഡിക്കല്‍ കോളജിലോ ജനറല്‍ ആശുപത്രിയിലോ ഡോക്ടറുടെ സഹായം തേടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. രോഗികളെ പാര്‍പ്പിക്കേണ്ട സന്ദര്‍ഭം മുന്‍കൂട്ടി കണ്ടുകൊണ്ടു തൃശൂര്‍ ജനറല്‍ ആശുപത്രിയിലും മെഡിക്കല്‍ കോളജിലും പ്രത്യേക വാര്‍ഡുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും വ്യക്തമാക്കി.

ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും മറയ്ക്കാന്‍ ശ്രദ്ധിക്കുക. പൊതുസ്ഥലങ്ങളില്‍ തുപ്പാതിരിക്കുക, ചുമയ്ക്കുമ്പോള്‍ ഒ.പി. ടിക്കറ്റ്, ന്യൂസ് പേപ്പര്‍ മുതലായവകൊണ്ട് മുഖം മറയ്ക്കാതിരിക്കുക. ചുമച്ചുകഴിഞ്ഞാല്‍ കൈകള്‍ സോപ്പുപയോഗിച്ചു കഴുകുക .ഉപയോഗിച്ച ടിഷ്യു പേപ്പറുകള്‍,മാസ്‌ക് എന്നിവ അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക .ആശുപത്രികളില്‍ വരുമ്പോള്‍ തൂവാല നിര്‍ബന്ധമായും കൈയില്‍ കരുതുക ഇക്കാര്യങ്ങള്‍ മുന്‍കരുതലായി സ്വീകരിക്കണമെന്ന് ഡി.എം.ഒ. അറിയിച്ചു.

പനി ബാധിച്ചു വിദ്യാര്‍ഥി ചികിത്സ തേടിയ സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരെയും ജീവനക്കാരെയും നിരീക്ഷിക്കുന്നുണ്ട്. ഏഴു മുതല്‍ 14 ദിവസം കൊണ്ടാണ് നിപ വൈറസ് ബാധയുടെ ആദ്യലക്ഷണം പ്രകടമാകുക. അതിനാല്‍ 30 ദിവസം ജാഗ്രത തുടരും. ജനറല്‍ ആശുപത്രികളിലെ ജീവനക്കാര്‍ക്ക് രോഗീപരിചരണവുമായി ബന്ധപ്പെട്ട പരിശീലനം നല്‍കിയിട്ടുണ്ട്. തൃശൂര്‍ മെഡി. കോളജ് ആശുപത്രിയിലും ജനറല്‍ ആശുപത്രിയിലും മരുന്നുകള്‍ ലഭ്യമാക്കിയിട്ടുണ്ട്.

Thrissur
English summary
Thrissur district commector about Nipah virus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X