കടുവ മാത്രമല്ല പുലിയും വയനാട്ടില്‍; നായയെ പിടിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍
കല്‍പ്പറ്റ: വയനാട്ടില്‍ കടുവാ ഭീഷണിക്ക് പിന്നാലെ പുലി ഭീഷണിയും. മലവയല്‍ മേഖലയിലാണ് പുലി ഇറങ്ങിയിരിക്കുന്നത്. ഇവിടെ നേരത്തെ കടുവാ ഭീഷണിയുമുണ്ടായിരുന്നു. രണ്ട് ദിവസം മുമ്പ് ഈ മേഖലയിലെ മാനിവയലില്‍ കടുവയിറങ്ങിയതിന്റെ പേടി മാറും മുമ്പാണ് മലവയലില്‍ പുലിയെത്തിയത്. കഴിഞ്ഞ ദിവസം മാനിവയലില്‍ രാത്രി റോഡിലൂടെ കടുവ നടക്കുന്നത് നിരവധി പേര്‍ കണ്ടിട്ടുണ്ട്.
റോഡിലൂടെ വാഹന യാത്രക്കാര്‍ക്ക് മുമ്പിലെത്തിയ കടുവ, അവിടെ നിന്ന് വീടിന് പിന്നിലെത്തിയത് നാട്ടുകാരെ ആകെ ഭയപ്പെടുത്തിയിരുന്നു. നാട്ടുകാര്‍ ചോദിക്കുന്നത് എങ്ങനെ പുറത്തിറങ്ങുമെന്നാണ്. എന്നാല്‍ വനംവകുപ്പ് ഇതുവരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.

മലവയലില്‍ ഗോവിന്ദമൂലയില്‍ വീടിന്റെ അടുക്കളഭാഗത്താണ് പുലി എത്തിയത്. ഇവിടെ കിടന്നുറങ്ങുന്ന നായയെ പിടികൂടുകയും ചെയ്തു. ഇതോടെ ഒപ്പമുണ്ടായിരുന്ന മറ്റ് നായകളും പൂച്ചകളുമെല്ലാം പുലിയെ കണ്ട് ഓടി രക്ഷപ്പെട്ടു. ഇന്നലെ പുലര്‍ച്ചെ നാലരയ്ക്കാണ് പുലി എത്തിയത്.
ഇവിടെ താമസിക്കുന്ന സത്യന്‍ എന്നയാളുടെ വീട്ടിലെ നായയെയാണ് പുലി പിടിച്ചത്.അതേസമയം വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി ഇവിടെ എത്തിയത് പുലിയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. നാട്ടുകാരെല്ലാം ഇതിന് പിന്നാലെ ഭയത്തിലാണ്. ഏത് നിമിഷവും പുലി ചാടി വീഴാമെന്നാണ് ഇവര്‍ കരുതുന്നത്.
അതേസമയം ഈ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കുമെന്നും തുടര്‍ നടപടികള്‍ കൈക്കൊള്ളുമെന്നും വനംവകുപ്പ് അറിയിച്ചിട്ടുണ്ട്. അമ്പുകുത്തി സ്‌കൂളിലെ പ്രധാനാധ്യാപികയായ ഷീലയുടെ പൊന്നോമന നായയെയാണ് പുലി പിടിച്ചത്. ഇവര്‍ ഒരുപാട് ഇഷ്ടപ്പെടുന്ന കിങ്ങിണി എന്ന പേരിട്ടിരിക്കുന്ന നായയാണിത്.
വളര്‍ത്തുമൃഗങ്ങളെ ഒരുപാട് ഇഷ്ടമാണ് ഷീലയ്ക്ക്. വീട്ടില്‍ മൂന്ന് നായ്ക്കളും ആറ് പൂച്ചകളുമുണ്ട്. വളര്‍ത്തുമൃഗങ്ങളെ രാത്രിയായാല്‍ ഇവര്‍ തുറന്ന് വീടും. നായ്ക്കളുടെ കുര കേട്ട് ഇവര്‍ നോക്കിയപ്പോള്‍ ഒന്നും കണ്ടില്ലെങ്കിലും, സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പുലിയെ കണ്ടെത്തുകയായിരുന്നു.
നേരത്തെ കടുവയെ കണ്ട പ്രദേശത്ത് അഞ്ച് ക്യാമറകള്‍ സ്ഥാപിച്ചെന്ന് വനംവകുപ്പ് പറഞ്ഞിരുന്നു. പക്ഷേ കടുവയോ പുലിയോ വരുന്ന പാതകളൊന്നും കണ്ടെത്താന്‍ സാധിച്ചില്ല. വീടിന് പിന്നില്‍ വരെ കടുവയെത്തിയത് ഗൗരവപ്പെട്ട കാര്യമായിട്ടാണ് നാട്ടുകാര്‍ കാണുന്നത്.
കടുവ ഓടിപ്പോയ വീടിന്റെ അയല്‍പക്കത്തുള്ള വീടുകളിലെല്ലാം കാല്‍പാടുകള്‍ പതിഞ്ഞിട്ടുണ്ട്. വനപാലകര്‍ ഇത് കടുവയുടേതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് ഇവയെ പിടിക്കാന്‍ വൈകുന്നതെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നു.












Click it and Unblock the Notifications