വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇനി സ്വന്തം വീട്ടിലുറങ്ങാം, വയനാട്ടിൽ തലചായ്ക്കാനിടമില്ലാത്തവർക്ക് വീടൊരുക്കി പിണറായി സർക്കാർ

Google Oneindia Malayalam News

വയനാട്: വയനാട്ടിലെ തലചായ്ക്കാനിടമില്ലാത്ത കുടുംബങ്ങൾക്ക് വീടൊരുക്കി പിണറായി സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. പുൽപ്പള്ളി പഞ്ചായത്തിലെ മരകാവിൽ നിർമ്മിച്ച വീടുകൾ 26 കുടുംബങ്ങൾക്കാണ് കൈമാറിയത്. 109 കുടുംബങ്ങള്‍ക്ക് വേണ്ടിയാണ് വീട് നിർമ്മാണം. മറ്റുളള വീടുകളുടെ നിർമ്മാണം പുരോഗമിക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്: '' ഭൂരഹിത പട്ടികവർഗ്ഗക്കാരുടെ പുനരധിവാസ പദ്ധതിയിൽ നിർമ്മാണം പൂർത്തീകരിച്ച വീടുകൾ കൈമാറി. വയനാട്ടിലെ പുൽപ്പള്ളി പഞ്ചായത്തിലെ പാളക്കൊല്ലി കോളനിയിൽ നിന്നും മാറ്റിപ്പാർപ്പിച്ച കുടുംബങ്ങൾക്കായി, പുൽപ്പള്ളി പഞ്ചായത്തിലെ മരകാവിൽ നിർമ്മിച്ച വീടുകളാണ് കൈമാറിയത്. നൂല്‍പുഴ പഞ്ചായത്തിലെ കാക്കത്തോട്, ചാടകപ്പുര, പുല്‍പ്പള്ളി പഞ്ചായ ത്തിലെ പാളക്കൊല്ലി, പണിയ കോളനി നിവാസികള്‍ മഴക്കാലത്ത് വളരെയേറെ ദുരിതം അനുഭവിക്കുന്നവരാണ്.

കോളനികളില്‍ വെള്ളം കയറി താമസം, കൃഷി, തൊഴില്‍ തുടങ്ങിയ ജീവിത സാഹചര്യവും നഷ്ടപ്പെട്ട് മാസങ്ങളോളം കഷ്ടപ്പാടിലും ദുരിതത്തിലും ആയിരിക്കും. ഈ കുടുംബങ്ങളുടെ ദുരിതത്തിന് ഒരു ശാശ്വത പരിഹാരം കാണണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കുകയും അതിനായി ഒരു പുനരധിവാസ പദ്ധതി ആവിഷ്കരിക്കുകയും ചെയ്തു. ഈ മൂന്ന് കോളനികളിലുമായി 110 കുടുംബങ്ങളാണ് താമസിച്ചിരുന്നത്.13.48 ഏക്കര്‍ ഭൂമി പുല്‍പ്പള്ളി പഞ്ചായത്തിലെ മരകാവില്‍ വാങ്ങി ഒരു പുനരധിവാസ പദ്ധതി നടപ്പാക്കുകയായിരുന്നു. എല്ലാ കുടുംബങ്ങള്‍ക്കും 10 സെന്‍റ് ഭൂമി വീതം രജിസ്റ്റര്‍ ചെയ്തു നല്‍കി.109 കുടുംബങ്ങള്‍ക്ക് അടിയ/പണിയ പാക്കേജില്‍ ഉള്‍പ്പെടുത്തി ആറ് ലക്ഷം രൂപ നിരക്കില്‍ വീടും അനുവദിക്കുന്നതാണ് പുനരധിവാസ പദ്ധതി.

cm

ഇതിൽ 26 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. ഈ ഗുണഭോക്താക്കളുടെ താക്കോല്‍ദാനമാണ് ഇന്ന് നടന്നത്. അവിടെ ബാക്കി 28 വീടുകളുടെ നിര്‍മ്മാണം 90 ശതമാനവും പൂര്‍ത്തിയായി കഴിഞ്ഞു. ജില്ലാ നിര്‍മ്മിതി കേന്ദ്രമാണ് നിര്‍മ്മാണം ഏറ്റെടുത്തിട്ടുള്ളത്. ഈ കോളനി പ്രദേശത്തെ കുടി വെള്ളത്തിനായി 37 ലക്ഷം രൂപ വാട്ടര്‍ അതോറിറ്റിക്കും വൈദ്യുതീകരണത്തിനായി 4.48 ലക്ഷം രൂപ വൈദ്യുതി ബോര്‍ഡിനും സർക്കാർ നല്‍കി.

കാക്കത്തോട്, ചാടകപ്പുര കോളനികളിലെ 55 കുടുംബങ്ങള്‍ക്കുള്ള വീട് നിര്‍മ്മാണവും നടന്നുവരികയാണ്. ഇവിടെ കുടിവെള്ളത്തിന് 49.3 ലക്ഷം രൂപയും വൈദ്യുതീകരണത്തിന് 4.42 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. വയനാട് ജില്ലയിലെ ഈ പുനരധിവാസ പദ്ധതിക്ക് ആകെ 10.20 കോടി രൂപയാണ് ചിലവഴിക്കുന്നത്. എല്ലാവര്‍ഷവും മഴക്കാലത്ത് മാറ്റി പാര്‍പ്പിക്കുന്ന ഈ കുടുംബങ്ങള്‍ക്ക് ഇനി തങ്ങളുടെ സ്വന്തം സ്ഥലത്ത് സുരക്ഷിത ഭവനത്തില്‍ സന്തോഷത്തോടെ കഴിയാം.

Wayanad
English summary
CM Pinarayi Vijayan handed over 26 houses to homeless families in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X