മഴ കനത്താല്‍ മറ്റൊരു ദുരന്തം, പുഞ്ചിരിമട്ടത്ത് വീണ്ടും ഉരുള്‍പ്പൊട്ടലുണ്ടാവാം; പഠന റിപ്പോര്‍ട്ട്
കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും മുന്നറിയിപ്പുമായി പുതിയ പഠനം. മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിന്റെ പ്രഭവ കേന്ദ്രമായ പുഞ്ചിരിമട്ടത്ത് കനത്ത മഴ പെയ്താല്‍ വീണ്ടും ഉരുള്‍പ്പൊട്ടലുണ്ടാവാമെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിലെ ഗവേഷകരുടെ പഠന റിപ്പോര്‍ട്ടിലുണ്ട്.
മഴ കനത്താല്‍ പുഞ്ചിരിമട്ടത്ത് ഇളകി നില്‍ക്കുന്ന പാറകളും മണ്ണും വീണ്ടും താഴേക്ക് കുത്തിയൊലിച്ചേക്കാമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നു. വയനാട്ടില്‍ പുനരധിവാസം സംബന്ധിച്ച കാര്യങ്ങളുമായി സര്‍ക്കാരും ജനങ്ങളും മുന്നോട്ട് പോകുന്നതിനിടെയാണ് പുതിയ അപകടസാധ്യതയിലേക്ക് വിരല്‍ചൂണ്ടുന്ന പഠന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

തുലാമഴ ശക്തമാകുന്ന സാഹചര്യത്തില്‍ മതിയായ മുന്‍കരുതല്‍ വേണമെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്. തുലാമഴ അതിശക്തമായി കേന്ദ്രീകരിക്കാനുള്ള സാഹചര്യം ഉണ്ടാവാം. ഇളകി നില്‍ക്കുന്ന പാറകളും മണ്ണും പുഞ്ചിരിമട്ടത്തിനോട് ചേര്‍ന്നുണ്ടായ പാറയിടുക്കില്‍ തങ്ങിയ ഡാമിങ് ഇഫക്ട് ഇനിയുമുണ്ടാവാം.
അതേസമയം അപകടസാധ്യത ശക്തമായി തന്നെ നിലനില്‍ക്കുന്നതിനാല്‍ ചെറിയ മഴ പെയ്താല്‍ പോലും ജനങ്ങളെ മാറ്റുന്ന കാര്യം ശ്രദ്ധിക്കേണ്ടി വരും. വീണ്ടും ദുരന്തം വയനാടിനെ പൂര്‍ണമായും തകര്‍ക്കുന്ന അവസ്ഥയിലേക്ക് എത്തിക്കും. നിലവിലെ പുനരധിവാസം തന്നെ വര്‍ഷങ്ങളെടുക്കും. അതിനിടയില്‍ മറ്റൊന്നിനെ നേരിടാന്‍ ജില്ലയ്ക്ക് സാധിക്കില്ല.
വയനാട്ടില്‍ ഉരുള്‍പ്പൊട്ടലിന്റെ പ്രഹരശേഷി കൂട്ടിയത് ഡാമിങ് ഇഫക്ട് കാരണമാണ്. നേരത്തെ പഠനം നടത്തിയവരെല്ലാം ഇത്തരത്തിലുള്ള വിലയിരുത്തലാണ് നല്‍കിയത്. ഇപ്പോഴത്തെ ആശങ്ക ഇങ്ങനെയാണ്, ഉരുള്‍പ്പൊട്ടല്‍ പ്രഭവ സ്ഥാനത്ത് വലിയ പാറകള്‍ ഇളകി നില്‍പ്പുണ്ട്. അവിടെയാണെങ്കില്‍ മണ്ണ് ഉറച്ചിട്ടുമില്ല. ഇത് വലിയ ഭീഷണിയായി നിലനില്‍ക്കുന്നുണ്ട്.
അതിശക്തമായ മഴ നിര്‍ത്താതെ പെയ്താല്‍ ഇതെല്ലാം താഴേക്ക് വീണ്ടും കുത്തിയൊലിക്കാം. പുഞ്ചിരിമട്ടത്തിന് തൊട്ടുമുകളിലായി കഴിഞ്ഞ ഉരുള്‍പ്പൊട്ടലില്‍ തെളിഞ്ഞുവന്ന വീതി കുറഞ്ഞ പാറയിടുക്കുണ്ട്. ഉരുള്‍ ഇവിടെ വന്ന് അടിയാനും സാധ്യതയുണ്ട്. ഇതെല്ലാം ഭീഷണിയാണ്. മര്‍ദം താങ്ങാതെ ഇവ അണക്കെട്ട് പൊട്ടുന്നതിന് സമാനമായി പൊട്ടിയൊഴുകാമെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്.












Click it and Unblock the Notifications