ദുരിതാശ്വാസക്യാംപില്‍ നിന്നും സാധനങ്ങള്‍ കടത്താന്‍ ശ്രമം: സ്‌പെഷല്‍ വില്ലേജ് ഓഫീസറും, അസിസ്റ്റന്റും അറസ്റ്റില്‍
പനമരം: ദുരിതാശ്വാസ ക്യാംപില്‍ നിന്നും സാധനങ്ങള്‍ കടത്താന്‍ ശ്രമിച്ചതിന് രണ്ട് റവന്യൂ ഉദ്യോഗസ്ഥര്‍ കൂടി അറസ്റ്റിലായി. പനമരം വില്ലേജ് ഓഫീസിലെ സ്പെഷല്‍ വില്ലേജ് ഓഫീസറായ എം.പി ദിനേശന്‍, വില്ലേജ് അസിസ്റ്റന്റ് സിനീഷ് തോമസ് എന്നിവരെയാണ് പനമരം പോലീസ് അറസ്റ്റ് ചെയ്തത്. മാനന്തവാടി തഹസില്‍ദാരുടെ പരാതി പ്രകാരമാണ് അറസ്റ്റ്. ഇന്ന് പുലര്‍ച്ചെ കാറുകളില്‍ സാധനങ്ങള്‍ കടത്താന്‍ ശ്രമിക്കുന്നതിനിടെ ദുരിതാശ്വാസക്യാംപിലുള്ളവര്‍ തടയുകയും തഹസീല്‍ദാറെ വിവരം അറിയിക്കുകയുമായിരുന്നു.
ക്യാംപിലേക്ക് കൊണ്ടുവന്ന സ്ത്രീകളുടെ അടിവസ്ത്രങ്ങളടക്കമുള്ള സാധനങ്ങളാണ് ഇരുവരും ചേര്‍ന്ന് കടത്തിക്കൊണ്ട് പോകാന്‍ ശ്രമിച്ചത്. ദിനേശനും, സിനീഷിനുമെതിരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മോഷണം നടത്തുന്നതിനെതിരെയുള്ള 351 വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഈ വകുപ്പ് പ്രകാരം ഏഴ് വര്‍ഷം വരെ തടവും, ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. വ്യാഴാഴ്ച രാത്രി ഇരുവരുടേയും കാറുകളില്‍ സാധനങ്ങള്‍ കയറ്റി വെക്കുന്നത് ക്യാമ്പ് അന്തേവാസികളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.

പിന്നീട് പുലര്‍ച്ചെയോടെ കാറുമെടുത്ത് പോകാനുള്ള നീക്കത്തിനിടെ ഇരുവരെയും ക്യാംപിലുള്ളവര്‍ തടയുകയായിരുന്നു. വേറെ സ്ഥലങ്ങളില്‍ വിതരണത്തിനായി കൊണ്ടു പോകുകയായിരുന്നുവെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. എന്നാല്‍ ഇത് ശരിയല്ലെന്നാണ് ലഭിക്കുന്ന വിവരം. പിന്നീട് തഹസില്‍ദാരുടെ പരാതി പ്രകാരം പനമരം പോലീസ് ഇരുവര്‍ക്കുമെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. നേരത്തെ ദുരിതാശ്വാസ ക്യാംപിലേക്കായി കൊണ്ടുവന്ന സാധനങ്ങള്‍ കടത്തിയതിന് സെക്യൂരിറ്റി ഗാര്‍ഡ് അറസ്റ്റിലായിരുന്നു.
17 വര്‍ഷം സൈനികനായി ജോലി ചെയ്ത് വിരമിച്ച വൈത്തിരി സ്വദേശി ജോസായിരുന്നു പിടിയിലായിരുന്നത്. മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവര്‍ക്കായി ജില്ലക്കകത്തും, പുറത്തും, അയല്‍സംസ്ഥാനങ്ങളില്‍ നിന്നും നിരവധി പേരാണ് ക്യാംപുകളിലുള്ളവര്‍ക്കായി വിവിധ സാധനങ്ങളെത്തിക്കുന്നത്. അടിസ്ഥാനാവശ്യങ്ങള്‍ക്കായി മറ്റുള്ളവര്‍ കൊടുക്കുന്ന സാധനങ്ങള്‍ പോലും കടത്തിക്കൊണ്ട് പോകാന്‍ ശ്രമിക്കുന്നത് ഉദ്യോഗസ്ഥര്‍ തന്നെയാണെന്നതാണ് ഏറെ കൗതുകം. വേലി തന്നെ വിളവ് തിന്നുന്ന ഇത്തരം നടപടികള്‍ക്കെതിരെ ശക്തമായ നടപടികള്‍ വേണമെന്നാണ് ജനങ്ങളുടെ ആവശ്യം.












Click it and Unblock the Notifications