ഒരാഴ്ച്ച പിന്നിട്ട് തിരച്ചില്‍, കുങ്കിയാനകള്‍ അരിച്ചുപെറുക്കിയിട്ടും നരഭോജി കടുവ കാണാമറയത്ത്
ബത്തേരി: വയനാട്ടില്‍ നരഭോജി കടുവയെ കണ്ടെത്താനുള്ള തിരച്ചില്‍ ഒരാഴ്ച്ച പിന്നിട്ടു. പ്രജീഷ് എന്ന യുവ കര്‍ഷകനെ കൊലപ്പെടുത്തിയ കടുവയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. തിരച്ചില്‍ ഒരാഴ്ച്ച പിന്നിട്ട പശ്ചാത്തലത്തില്‍ പ്രദേശത്ത് സര്‍വകക്ഷി യോഗം ചേര്‍ന്നിരിക്കുകയാണ്. അതേസമയം കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്ന് ആര്‍ആര്‍ടി സംഘം നാളെ വാകേരിയില്‍ എത്തും.
ശശി തരൂര്‍ എംപി ആക്രമണത്തില്‍ കൊല്ലപ്പെട്ടയാളുടെ വീട് സന്ദര്‍ശിച്ചു. കുങ്കിയാനകളുടെ നേതൃത്വത്തില്‍ കാടിളക്കി തന്നെയാണ് തിരച്ചില്‍ നടത്തുന്നത്. വിക്രമും ഭരതും ഉള്‍പ്പെട്ട കുങ്കിയാനകളും, ഷൂട്ടിംഗ്, മയക്കുവെടി വിദഗ്ധരുമടങ്ങിയ ഡാര്‍ട്ടിങ് സംഘവും കടുവയുടെ നീക്കങ്ങള്‍ മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുകയാണ്.

അതേസമയം കടുവയെ ദൗത്യ സംഘത്തിന് കണ്ടെത്താനാവുന്നില്ലെങ്കിലും, ഇവ ജനവാസ മേഖലയില്‍ ഇറങ്ങുന്നുണ്ട്. വളര്‍ത്തു മൃഗങ്ങളെ ഈ കടുവ ആക്രമിക്കുന്നുണ്ട്. നാട്ടുകാരാണെങ്കില്‍ വലിയ ഭീതിയിലുമാണ്. നേരത്തെ വനംവകുപ്പ് ഒരുക്കിയ കെണിക്ക് സമീപത്ത് വരെ കടുവ എത്തിയിരുന്നു. എന്നാല്‍ കെണിയില്‍ കയറാതെ ഇവ പോവുകയായിരുന്നു.
കടുവയെ പിടിക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കാനും, പ്രദേശത്ത് ഭയരഹിതമായ അന്തരീക്ഷമൊരുക്കുവാനും വേണ്ട നടപടികള്‍ സ്വീകരിക്കാനും സര്‍വകക്ഷി യോഗത്തില്‍ തീരുമാനമായി. അതേസമയം തിരച്ചില്‍ നാളെയും തുടരും. ദിവസങ്ങളായി എല്ലായിടത്തും കടുവയെ തിരഞ്ഞുവെങ്കിലും കടുവയെ മാത്രം കണ്ടെത്താനായിട്ടില്ല.












Click it and Unblock the Notifications