കൂട്ടില്‍ കയറാതെ കടുവ; കുഞ്ഞ് കുടുങ്ങിയത് കൊണ്ട് കാര്യമില്ലെന്ന് മൈലമ്പാടിക്കാര്‍
മീനങ്ങാടി: കടുവ ഭീതി കൊണ്ട് നട്ടം തിരിയുകയാണ് വയനാട്ടിലെ മീനങ്ങാടിക്കാര്‍. ആഴ്ച്ചകളായി നാട്ടുകാരെ ഭയപ്പെടുത്തി കൊണ്ടിരുന്ന കടുവ കൂട്ടില്‍ കയറാന്‍ ഇതുവരെ താല്‍പര്യം കാണിച്ചിട്ടില്ല. കഴിഞ്ഞ ദിവസം കടുവ കുടുങ്ങിയെന്ന് കരുതി ആശ്വസിച്ചെങ്കിലും വെറുതെയായി. കടുവയുടെ കുഞ്ഞാണ് കുടുങ്ങിയത്.
ഇതിനെ വെച്ച് കടുവയെ കുടുക്കാനുള്ള ശ്രമവും നടന്നില്ല. ആക്രമണകാരിയായ കടുവയെ പിടിക്കാതെ പുറത്തിറങ്ങാനാവില്ലെന്ന അവസ്ഥയിലാണ് നാട്ടുകാര്‍. കഴിഞ്ഞ ദിവസത്തെ സംഭവത്തിന് കടുവയും കുഞ്ഞുങ്ങളും കാട്ടിലേക്ക് മടങ്ങി. ഇനി എന്നാണ് അതിനെ പിടിക്കുകയെന്ന് നാട്ടുകാര്‍ ചോദിക്കുന്നു.

വനം വകുപ്പിന് കടുവയുടെ കാര്യത്തില്‍ യാതൊരു ഉറപ്പും പറയാനായിട്ടില്ല. മാസങ്ങളോളമായി പ്രദേശത്ത് കടുവാ ഭീതി നിലനില്‍ക്കുന്നുണ്ട്. മണ്ടകവയലിന് പുറമേ സിസി വാകേരിയില്‍ കഴിഞ്ഞ ദിവസം മറ്റൊരു കൂടും വനംവകുപ്പ് സ്ഥാപിച്ചിരുന്നു. കൂടാതെ വിവിധ ഇടങ്ങളിലായി എട്ട് ക്യാമറുകളും സ്ഥാപിച്ചിട്ടുണ്ട്.
ഇതെല്ലാം ഉപയോഗിച്ചാണ് വനംവകുപ്പിന്റെ പരിശോധന. അതേസമയം വളര്‍ത്തുമൃഗങ്ങളെ അടക്കം ആക്രമിച്ച് കൊന്ന കടുവയല്ല, കൂട്ടില്‍ വീണ കുഞ്ഞിന്റെ തള്ളയെന്ന് കടുവ സംരക്ഷണ അതോറിറ്റിയും പറഞ്ഞു. ഇതോടെ ഒന്നിലേറെ കടുവയെ ഭയപ്പെടേണ്ട അവസ്ഥയിലാണ് നാട്ടുകാര്‍.
കുഞ്ഞുമായി രക്ഷപ്പെട്ട കടുവ ഇനി ഈ പ്രദേശത്തേക്ക് തിരിച്ചുവരാന്‍ സാധ്യതയില്ലെന്നാണ് വനംവകുപ്പ് കരുതുന്നത്. നിലവില്‍ കടുവയെ കുടുക്കാന്‍ ഇതേ സ്ഥലത്ത് തന്നെയാണ് കൂടുകളും ക്യാമറകളും ഉള്ളത്. കാട്ടിലേക്ക് രക്ഷപ്പെട്ടതിന് ശേഷം കടുവയുടെ സാന്നിധ്യം കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്ത് എവിടെയും കണ്ടെത്തിയിട്ടില്ല.
രണ്ട് മാസത്തിനിടെ ഇടവേളകളിലാണ് കടുവയെത്തിയത്. എന്നാല്‍ നിരീക്ഷണത്തില്‍ യാതൊരു കുറവും വനംവകുപ്പ് വരുത്തിയിട്ടില്ല. പ്രദേശവാസികളോട് ജാഗ്രത പാലിക്കണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. അതേസമയം കഴിഞ്ഞ ദിവസം കൂട്ടില്‍ കുടുങ്ങിയ കടുവ കുഞ്ഞിനെ അവിടെ തന്നെ വെക്കുന്നത് അപകടമുയര്‍ത്തുന്നതിനാല്‍ തുറന്നുവിടുകയായിരുന്നു.
ഈ കൂടിന് അടുത്ത് തന്നെ തള്ളക്കടുവ തങ്ങുന്നുണ്ടായിരുന്നു. മുത്തങ്ങയില്‍ നിന്ന് എത്തിച്ച കുങ്കിയാനകള്‍ക്ക് നേരെയും തള്ളക്കടുവ ചീറിയടുത്തു. അതേസമയം സിസി, വാകേരി മേഖലകളില്‍ ഇന്നലെ കടുവയെ കണ്ടതായി നാട്ടുകാരില്‍ ചിലര്‍ പറഞ്ഞിരുന്നു. ഇതോടെ വനംവകുപ്പ് അങ്ങോട്ട് കുതിച്ചു.
സ്ഥലത്താകെ പരിശോധന നടത്തിയെങ്കിലും കടുവയുടെ സാന്നിധ്യം കണ്ടെത്താനായില്ല. ഒന്നിലധികം കടുവകള്‍ നാട്ടിലുണ്ടെന്ന ഉറച്ച വിശ്വാസത്തിലാണ് നാട്ടുകാര്‍. കടുവ ഒപ്പം കുഞ്ഞുങ്ങളുള്ളത് കൊണ്ട് കൂടുതല്‍ അപകടകാരിയായിട്ടുണ്ടെന്നാണ് നിഗമനം.












Click it and Unblock the Notifications