വയനാട്ടില്‍ വീണ്ടും കടുവാശല്യം,കുറുക്കന്‍മൂലയില്‍ നാട്ടുകാര്‍ പ്രതിഷേധത്തില്‍, ആര്‍ആര്‍ടി ടീം എത്തി
മാനന്തവാടി: വയനാട്ടില്‍ ദിവസങ്ങളുടെ ഇടവേളയ്ക്ക് ശേഷം വീണ്ടും കടുവാശല്യം. നാട്ടുകാര്‍ ആകെ ഭീതിയിലാണ്. നടപടി വൈകുന്നതില്‍ പ്രതിഷേധിച്ച് പ്രദേശവാസികള്‍ തെരുവില്‍ ഇറങ്ങിയിരിക്കുകയാണ്. പയ്യമ്പള്ളി കുറുക്കന്‍ മൂലയിലാണ് കടുവാ ഭീതി വര്‍ധിക്കുന്നത്. നേരത്തെ ഒരു നരഭോജി കടുവ ജില്ലയെ ഒന്നാകെ വിറപ്പിച്ചിരുന്നു. ഇതിനെ പിടിക്കാന്‍ ഒടുവില്‍ തമിഴ്‌നാട്ടിലേക്ക് വരെ പോകേണ്ടി വന്നു വനംവകുപ്പ് സംഘത്തിന്. വളരെ കഷ്ടപ്പെട്ടായിരുന്നു ഈ നരഭോജി കടുവയെ പിടിച്ചത്. ഒന്ന് ആശ്വസിച്ച് വരുമ്പോഴേക്കാണ് കുറുക്കന്‍മൂലയില്‍ അടുത്ത പ്രശ്‌നം തുടങ്ങിയത്. എന്നാല്‍ ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

ഒരാഴ്ച്ചയായി പ്രദേശത്തെ ഭീതിയിലാക്കിയ കടുവയെ പിടികൂടാനായി ഇവിടെ കൂട് സ്ഥാപിച്ചിട്ടില്ല. വനംവകുപ്പിന് കടുത്ത അനാസ്ഥയാണെന്നും ഗൗരവമില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. ഇതേ തുടര്‍ന്നാണ് ഇവിടെ പ്രതിഷേധം ശക്തമായത്. നാട്ടുകാര്‍ പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയിരിക്കുകയാണ്. അതേസമയം കടുവയെ പിടിക്കാനായി വനപാലകര്‍ പട്രോളിംഗ് കര്‍ശനമാക്കിയിട്ടുണ്ട്. എന്നാല്‍ ഇതുവരെ കടുവയെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇവിടെ നാല് ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ സ്ഥിരമായി ഇവിടെ കടുവ എത്തുന്നുണ്ടോ എന്ന് സംശയമുണ്ട്. അങ്ങനെയാണെങ്കില്‍ ക്യാമറയില്‍ കുടുങ്ങേണ്ടതാണെന്നും വനംവകുപ്പ് പറയുന്നു.
അതേസമയം കുറുക്കന്‍ മൂലയിലെ കടുവാ ശല്യത്തിന് അടിയന്തര പരിഹാരം ഉണ്ടായില്ലെങ്കില്‍ ശക്തമായ സമരം തുടങ്ങുമെന്ന് പ്രദേശത്ത് സന്ദര്‍ശനം നടത്തിയ ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചന്‍ പറഞ്ഞു. ഇവിടെയുള്ള ജനങ്ങളുമായി ഇക്കാര്യം അദ്ദേഹം ചര്‍ച്ച ചെയ്തു. അതിന് ശേഷം വനം മന്ത്രിയെ ഫോണില്‍ ബന്ധപ്പെട്ടു. തുടര്‍ന്ന് മേഖലയിലെ കടുവാ ഭീതിയുടെ ഗൗരവം മന്ത്രിയെ അറിയിച്ചു. ജനവാസ കേന്ദ്രത്തില്‍ ഇറങ്ങുന്ന കടുവ, ഇവിടെയുള്ള ആട്, പത്ത് എന്നിവയെ പിടിച്ച് കൊണ്ടുപോയി കൊന്നുതിന്നിരുന്നു. പലരുടെയും വളര്‍ത്തുമൃഗങ്ങളാണ് ഇതിലൂടെ നഷ്ടമായിരിക്കുന്നത്. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ ബത്തേരിയില്‍ നിന്ന് ദ്രുതകര്‍മ സേന സ്ഥലത്തെത്തിയിട്ടുണ്ട്.
ഇവര്‍ സിസിഎഫിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. വൈകാതെ തന്നെ കടുവയെ പിടിക്കുമെന്നാണ് ഇവര്‍ പറയുന്നത്. ഡിഎഫ്ഒ രമേശ് ബിഷ്‌ണോയ് നാട്ടുകാരുമായി ചര്‍ച്ച നടത്തി. സന്ധ്യ കഴിഞ്ഞാല്‍ പുറത്തിറങ്ങാന്‍ പോലും സാധിക്കാത്ത അവസ്ഥയിലാണ് നാട്ടുകാര്‍. കൂട് വെച്ച് കടുവയെ പിടിക്കണമെന്ന ആവശ്യം നടപ്പായില്ലെങ്കില്‍ പ്രക്ഷോഭം ആരംഭിക്കാനിരിക്കുകയാണ് നാട്ടുകാര്‍. ഡിസിസി പ്രസിഡന്റും പ്രതിഷേധത്തിനാണ് ഒരുങ്ങുന്നത്. പ്രശ്‌നങ്ങള്‍ ശക്തമായി ഉന്നയിച്ചിട്ടും നടപടിയെടുത്തില്ലെങ്കില്‍ മറ്റ് മാര്‍ഗങ്ങള്‍ നോക്കേണ്ടി വരും. വളര്‍ത്തുമൃഗങ്ങളെ മുഴുവന്‍ കടുവ കൊന്നൊടുക്കുകയാണ്. ജനങ്ങളുടെ ജീവന് ഭീഷണിയായി മാറിയിരിക്കുകയാണ് കടുവ. കൂട് വെച്ച് ഉടനെ തന്നെ കടുവയെ പിടിക്കണമെന്നും അപ്പച്ചന്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications