വയനാട് ചുരത്തിലെ ഗതാഗത കുരുക്കഴിഞ്ഞേക്കും? മലബാറിന്റെ സ്വപ്‌നപാത യാഥാര്‍ത്ഥ്യമാകും
കോഴിക്കോട്: മലബാറിന്റെ സ്വപ്‌ന പദ്ധതിയായ കോഴിക്കോട്-വയനാട് തുരങ്കപ്പാത യാഥാര്‍ത്ഥ്യമാകുന്നു. തുരങ്കപ്പാത നിര്‍മാണത്തിനുള്ള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലേക്ക് നീങ്ങുകയാണ്. ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി ഇരട്ട തുരങ്കപ്പാതയുടെ നിര്‍മാണത്തിനായി കൊങ്കണ്‍ റെയില്‍വേ ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുകയാണ്. ഏകദേശം 1643.33 കോടി രൂപയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നു.
പാരിസ്ഥിതിത ആഘാത പഠനത്തിന്റെ അടിസ്ഥാനത്തിലും, കോഴിക്കോട്ടെയും, വയനാട്ടിലെയും, ജനങ്ങളുടെ അഭിപ്രായങ്ങള്‍ കൂടി സ്വരൂപിച്ചു കഴിഞ്ഞാല്‍ നടപടിക്രമങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കും. ഒരു വര്‍ഷത്തോളം നീണ്ടതായിരുന്നു പരിസ്ഥിതി ആഘാത പഠനം.2024 മാര്‍ച്ചിനുള്ളില്‍ നിര്‍മാണ കമ്പനിയെ കണ്ടെത്തി പദ്ധതി ഏല്‍പ്പിക്കാനാണ് കൊങ്കണ്‍ റെയില്‍വേയുടെ ശ്രമം. ഫെബ്രുവരി 23നുള്ളിലാണ് ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ടത്.

ഏറ്റെടുക്കേണ്ട ഭൂമി സംബന്ധിച്ച ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണ്. ഭൂവുടമകളുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി കോഴിക്കോട് ജില്ലയിലെ 11 ഹെക്ടര്‍ സ്വകാര്യ ഭൂമിയാണ് ഏറ്റെടുക്കുന്നത്. നാല്‍പ്പത് കോടി ചെലവില്‍ അറുപതോളം പേരുടെ ഭൂമിയാണിത്. അതേസമയം വയനാട്ടിലെ ഭൂമി സംബന്ധിച്ച കാര്യങ്ങള്‍ അടുത്ത ദിവസത്തില്‍ നടക്കും. പദ്ധതിക്കായി ആകെ ഉപയോഗിക്കേണ്ടത് 34.31 ഹെക്ടര്‍ വനഭൂമിയാണ്. ഇതില്‍ 34.10 ഹെക്ടറും ഭൂഗര്‍ഭപാതയാണ്.
സംസ്ഥാന പരിസ്ഥിതി ആഘാത സമിതിയുടെ ആവശ്യത്തെ തുടര്‍ന്നാണ് ഒരു വര്‍ഷം നീളുന്ന പഠനം നടത്തിയത്. ഇതിന്റെ റിപ്പോര്‍ട്ട് സമിതിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. അന്തിമ നടപടി എന്ന നിലയിലാണ് പൊതുജനാഭിപ്രായം കേള്‍ക്കുന്നത്. ഇതിനുള്ള തെളിവെടുപ്പ് വയനാട്ടില്‍ ഡിസംബര്‍ പതിനൊന്നിന് നടക്കും.
കോഴിക്കോട് ഡിസംബര്‍ പതിമൂന്നിനാണ് നടക്കുന്നത്. നഷ്ടപരിഹാരം അക്കൗണ്ടുകളിലേക്ക് നല്‍കുകയും, ബാക്കി നടപടിക്രമങ്ങളൊക്കെ പൂര്‍ത്തിയാക്കുകയും ചെയ്താല്‍ സ്വപ്‌ന പദ്ധതിക്ക് തുടക്കമാവും. അതേസമയം ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരം വനമാക്കി മാറ്റേണ്ട ഭൂമി വനം വകുപ്പ് വയനാട് ജില്ലയില്‍ കണ്ടെത്തിയിട്ടുണ്ട്.












Click it and Unblock the Notifications