മുതുമലയില്‍ വിട്ടിട്ടും കാട്ടാന തിരിച്ചുവരുന്നു; തുരത്തിയോടിക്കാന്‍ കാവലിരുന്ന് വനംവകുപ്പ്
ഗൂഡല്ലൂര്‍: മുതുമല വനത്തില്‍ തുറന്നുവിട്ടു കാട്ടാന വീണ്ടും തിരിച്ചുവരുന്നു. പിഎം 2 അരിശി രാജാ എന്നറിയപ്പെട്ടിരുന്ന ഈ കാട്ടാനയെ നേരത്തെ മയക്കുവെടി പിടിച്ചായിരുന്നു മുതുമലയിലെത്തിച്ചത്. മുതുമലയിലെ കടുവാ സങ്കേതത്തിലായിരുന്നു ഇതിനെ വിട്ടയച്ചത്. രണ്ട് പേരെ ആക്രമിച്ച് കൊലപ്പെടുത്തിയ ഈ കാട്ടാന വലിയ ഭീഷണിയുയര്‍ത്തിയിരുന്നു. എന്നാല്‍ ഇത് തിരിച്ച് ഗൂഢല്ലൂരിലേക്ക് തന്നെ വരികയാണെന്ന വിവരമാണ് ലഭിക്കുന്നത്.
ഇതിന്റെ ശരീരത്തില്‍ വനംവകുപ്പ് നേരത്തെ തന്നെ ട്രാക്കര്‍ ഘടിപ്പിച്ചിരുന്നു. മുന്‍കരുതലുകള്‍ വനംവകുപ്പ് സ്വീകരിച്ചിട്ടുമുണ്ട്. താപ്പാനകളുമായി വനംവകുപ്പ് കാവല്‍ ആരംഭിച്ചിരിക്കുകയാണ്. ഗൂഡല്ലൂര്‍ ഭാഗത്തേക്ക് കടക്കാതിരിക്കാന്‍ ഈ മാര്‍ഗങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്.

നേരത്തെ ദേവാല ഭാഗത്ത് ഈ കാട്ടാനയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. 50 വീടുകള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. വീടുകള്‍ പൊളിച്ച് അരിയും പല വ്യഞ്ജനങ്ങളും തിന്നു ശീലിച്ച കാട്ടാനയെ പിടികൂടാന്‍ ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് ചീഫ് വൈല്‍ഡ് വാര്‍ഡന്‍ ഉത്തരവിട്ടത്.
തുടര്‍ന്ന് ഈ കാട്ടാനയെ പിടിക്കുകയും, മുതുമല വനത്തില്‍ തുറന്നുവിടുകയുമായിരുന്നു. എന്നാല്‍ കാട്ടാനയെ ഈ വനത്തില്‍ വിട്ടയക്കരുതെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് വീണ്ടും തിരിച്ചെത്തുമെന്ന ഭീഷണിയായിരുന്നു പ്രധാന കാരണം. ഗൂഡല്ലൂരിനോട് ചേര്‍ന്നാണ് മുതുമല വനമുള്ളത്. അവിടെ നിന്ന് വളരെ എളുപ്പത്തില്‍ ഈ ആനയ്ക്ക് നാട്ടിലെത്താം.
Hair Growth: മുടി പനങ്കുല പോലെ വളരണോ; അധികമൊന്നും മെനക്കെടേണ്ട, സ്ഥിരമായി ഇതൊക്കെ ഒന്ന് കഴിക്കൂ!!
നാട്ടുകാരുടെ ആവശ്യത്തെ എതിര്‍ത്താണ് വനംവകുപ്പ് ആനയെ മുതുമല കാട്ടില്‍ എത്തിച്ചത്. കാട്ടാന മുതുമലയില്‍ നിന്ന് സത്യമംഗലം കാട്ടിലേക്ക് കടക്കുമെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു വനംവകുപ്പ്. മസനഗുഡി ഭാഗത്ത് കഴിഞ്ഞ ദിവസം എത്തിയിരുന്നു.
ഇതോടെ ജനവാസ മേഖലയിലേക്കാണ് ആനയുടെ യാത്രയെന്നും വ്യക്തമായി. ഇതിന്റെ കഴുത്തിലെ റേഡിയോ കോളര്‍ വഴിയാണ് ഓരോ നീക്കവും അറിയുന്നത്. അതേസമയം പുല്‍പ്പള്ളിയില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം ഉണ്ടായിരിക്കുകയാണ്. ഉദയക്കരയിലും, പാളക്കൊല്ലിയിലും, കാട്ടാനശല്യം രൂക്ഷമായിരിക്കുകയാണ്.
നെല്ലു കൊയ്യാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഇവിടങ്ങളില്‍ കാട്ടാനയെത്തിയത്. നെല്ലാണ് ആന നശിപ്പിച്ചത്. വനാതിര്‍ത്തിയിലെ കിടങ്ങുകളും, വൈദ്യുതി വേലിയും തകര്‍ന്നടിഞ്ഞിട്ടും, ഇതുവരെ നന്നാക്കിയിട്ടില്ല. ഉദയക്കര വഴി ചേകാടിയിലേക്കുള്ള യാത്രയും അപകടകരമാണ്. അതേസമയം പാതിരിമടല്‍ ഭാഗത്ത് നിന്നും മിക്ക ദിവസവും ഈ പ്രദേശത്തേക്ക് ആന എത്തുന്നുണ്ട്.












Click it and Unblock the Notifications