വീടുകള്‍ തകര്‍ത്ത് വിറപ്പിച്ച കാട്ടാനയെ മയക്കുവെടി വെച്ച് പിടിച്ച് വനംവകുപ്പ്
കല്‍പ്പറ്റ: ഗൂഡല്ലൂരില്‍ വീടുകള്‍ തകര്‍ത്ത് ആക്രമണം നടത്തിയ ആനയെ ഒടുവില്‍ വനംവകുപ്പ് മയക്കുവെടി വെച്ച് തളച്ചു. പിഎം2 എന്നാണ് ഈ ആനയ്ക്ക് പേരിട്ടിരുന്നത്. കാപ്പിക്കാട് വനത്തില്‍ വെച്ചാണ് ഈ ആനയെ ദൗത്യ സംഘം മയക്കുവെടി വെച്ചത്. രണ്ട് റൗണ്ട് വെടിയേറ്റിരുന്നു. ഇതോടെയാണ് ആനയെ നിയന്ത്രിക്കാനായത്.
നേരത്തെ വീട് തകര്‍ത്ത് വീട്ടമ്മയെ കൊലപ്പെടുത്തിയിരുന്നു കാട്ടാന. മയക്കുവെടി വെച്ച ശേഷം വടം കെട്ടിയ മരത്തില്‍ ഇവയെ കെട്ടിയിടുകയായിരുന്നു. ഇതിലെ മോഴയാന ഈ വടം പൊട്ടിക്കാനുള്ള ശ്രമവും നടത്തി.

ജനവാസ മേഖലയില്‍ ഇറങ്ങി നിരന്തരം മനുഷ്യരെ ആക്രമിക്കുന്ന ആനയായത് കൊണ്ട് വളരെ കരുതലോടെയാണ് ദൗത്യ സംഘം അടുത്തത്. പതിനെട്ട് ദിവസമാണ് ഈ കാട്ടാനയെ പിടിക്കാന്‍ വേണ്ടി കഠിനശ്രമങ്ങള്‍ നടത്തിയത്. മയക്കുവെടി വെക്കാന്‍ പല ശ്രമങ്ങളും നടത്തിയിരുന്നു. എന്നാല്‍ അതൊന്നും വിജയിച്ചിരുന്നില്ല.
മയക്കുവെടിയേറ്റാല്‍ സാധാരണ ആന വീഴാന്‍ പാടില്ല. ഇത് ജീവന് തന്നെ അപകടമാകും. അതുകൊണ്ട് കൃത്യമായ സ്ഥലത്ത് ഇതിനെ എത്തിക്കുകയാണ് ചെയ്യേണ്ടത്. നിരപ്പായ സ്ഥലത്ത് ആനയെ എത്തിക്കാനാണ് ഇവര്‍ ശ്രമിച്ചത്.
കാപ്പിക്കാട് വനത്തില്‍ അത്തരം അനുകൂല സാഹചര്യമായതിനാല്‍ ഇതിനെ മയക്കുവെടി വെച്ച് പിടിക്കുന്നത് എളുപ്പമായി. വെടിയേറ്റ് മയങ്ങിയ ആനയെ ലോറിയില്‍ കയറ്റാനായി ജെസിബി കൊണ്ടുവന്ന് റോഡ് നിര്‍മിക്കുകയായിരുന്നു. തുടര്‍ന്നാണ് മുതുമല വനത്തിലേക്ക് കൊണ്ടുപോയത്. ഇവിടെയെത്തിച്ച ശേഷം ആനയെ തുറന്നുവിടും.
ആനയ്ക്ക് ഇവിടെ നിന്നും കര്‍ണാടകത്തിലെ സത്യമംഗലം കാട്ടിലേക്ക് നീങ്ങാനും സാധിക്കും. എന്നാല്‍ ഇവ വീണ്ടും തിരിച്ചുവരുമെന്നാണ് നാട്ടുകാര്‍ ഭയക്കുന്നത്. ജനവാസ മേഖലയില്‍ ഇറങ്ങുന്നതിനാല്‍ ഉറങ്ങാനാവാത്ത അവസ്ഥയിലായിരുന്നു നാട്ടുകാര്‍.
ഏത് നിമിഷം വേണമെങ്കിലും ഈ ആനകള്‍ വീടുതകര്‍ത്ത് അകത്ത് കടന്ന് ആക്രമിക്കാമെന്നായിരുന്നു ഭയം. ദിവസങ്ങള്‍ക്ക് മുമ്പ് വയോധികയെ കാട്ടാന വീട് തകര്‍ത്ത് കൊലപ്പെടുത്തുകയായിരുന്നു. ഇതോടെയാണ് ആനയെ പിടിക്കാനുള്ള ആവശ്യം ശക്തമായത്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ മയക്കുവെടി വെക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.
വിറക് ശേഖരിക്കാന്‍ പോയ സ്ത്രീയെയും ഈ കാട്ടാന കൊലപ്പെടുത്തിയിരുന്നു. നേരത്തെ വനംവകുപ്പ് ഗാര്‍ഡിനെയും കാട്ടാന ഓടിച്ചിരുന്നു. ഇയാള്‍ക്ക് വീണ് പരിക്കേറ്റിരുന്നു. അറുപത് പേര്‍ അടങ്ങുന്ന ദൗത്യ സംഘമാണ് ആനയെ പിടിക്കാനെത്തിയത്.












Click it and Unblock the Notifications