സൗദിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളിക്ക് വേണ്ടി യാചക യാത്രയുമായി ബോബി ചെമ്മണ്ണൂർ; ഫണ്ട് പിരിക്കും
തിരുവനന്തപുരം: സൗദിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന പ്രവാസി മലയാളിയുടെ മോചനത്തിനായി ഇടപെട്ട് ബോബി ചെമ്മണ്ണൂർ. കോഴിക്കോട് ഫറോഖ് സ്വദേശി അബ്‌ദുൾ ഹമീദിന്റെ മോചനത്തിനായാണ് ബോ ചെ ഫാൻസ് സംഘടിപ്പിക്കുന്ന യാചക യാത്രയിൽ ബോബി ചെമ്മണ്ണൂരും പങ്കാളിയായത്. അബ്‌ദുൾ ഹമീദിന്റെ മോചനത്തിനാവശ്യമായ പണം കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് യാചക യാത്ര.
നേരത്തെ അബ്‌ദുൾ ഹമീദിന്റെ മോചനത്തിനായി ബോ ചെ ഫാൻസ് ചാരിറ്റബിൾ ട്രസ്‌റ്റ് ഒരുകോടി രൂപ കൈമാറിയിരുന്നു. ഇതിന് പുറമെയാണ് കൂടുതൽ സഹായം ഉറപ്പാക്കുന്നതിനായി യാചക യാത്ര സംഘടിപ്പിക്കുന്നത്. ശേഷിക്കുന്ന തുക സ്വരൂപിക്കാൻ കേരളത്തിന്റെ അങ്ങോളമിങ്ങോളം യാത്ര ചെയ്യാനാണ് തീരുമാനം. തിരുവനന്തപുരം തമ്പാനൂരിൽ ഈ ധനസമാഹരണ പരിപാടിയുടെ ഉദ്ഘാടനം നടന്നിരുന്നു.

അതേസമയം, കഴിഞ്ഞ പതിനെട്ട് വർഷമായി സൗദിയിലെ ജയിലിൽ കഴിയുകയാണ് അബ്‌ദുൽ റഹീം. 34 കോടി രൂപയാണ് കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബം ബ്ലഡ് മണിയായി ആവശ്യപ്പെട്ടത്. എന്നാൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിന് ഇത് താങ്ങാനാവുന്ന തുകയല്ല. ഇതോടെയാണ് സന്നദ്ധ സംഘടനകളും മറ്റ് സമൂഹ്യ പ്രവർത്തകരും ഒക്കെ ഇടപെട്ടത്. ശേഷിക്കുന്നത് എട്ട് ദിവസങ്ങൾ മാത്രമാണ് എന്നതാണ് വലിയ വെല്ലുവിളി.
നേരത്തെ അപ്പീല്‍ കോടതിയില്‍ നിന്ന് അന്തിമ വിധി വരുന്നതിന് മുമ്പ് 15 ദശലക്ഷം റിയാല്‍ അഥവാ 34 കോടി രൂപ നഷ്‌ടപരിഹാരമായി നല്‍കിയാല്‍ മാപ്പ് നാല്‍കാമെന്ന് കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബം റിയാദിലെ സാമൂഹിക പ്രവര്‍ത്തകരെ അറിയിച്ചിട്ടുണ്ട്. ഇതോടെയാണ് അബ്‌ദുൾ റഹീമിനെ രക്ഷിക്കാനുള്ള ശ്രമം ഊർജ്ജിതമാക്കിയത്.
2006ലാണ് അബ്‌ദുൾ റഹീം ഹൗസ് ഡ്രൈവര്‍ വിസയില്‍ സൗദിയിലെ റിയാദില്‍ എത്തിയത്. സ്പോണ്‍സറുടെ മകനെ പരിചരിക്കലായിരുന്നു പ്രധാന ജോലി. കഴുത്തിന് താഴെ ചലനശേഷി ഇല്ലാത്ത അനസ് എന്ന കുട്ടിക്ക് ഭക്ഷണം നല്‍കിയിരുന്നത് കഴുത്തില്‍ ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു. 2006 ഡിസംബര്‍ 24ന് അബ്‌ദുൾ റഹീമിന്റെ ഒപ്പം യാത്ര ചെയ്യുകയായിരുന്ന അനസ് മരണപ്പെടുകയായിരുന്നു.
ഇരുവരും ഷോപ്പിംഗിനായി പുറത്തു പോകുമ്പോള്‍ ട്രാഫിക് സിഗ്നല്‍ മറികടക്കാൻ ആവശ്യപ്പെട്ട് അനസ് റഹീമിനോട് വഴക്കിട്ടിരുന്നു. എന്നാൽ ഇത് അനുസരിക്കാതിരുന്ന അബ്‌ദുൾ റഹീമിന്റെ മുഖത്ത് അനസ് പല തവണ തുപ്പിയതോടെ തടയാൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തില്‍ കൈ കഴുത്തിലെ ഉപകരണത്തില്‍ തട്ടുകയായിരുന്നു. ഇതാണ് അനസിന്റെ മരണത്തിലേക്ക് നയിച്ചത്.
നിലവിൽ അബ്‌ദുൾ റഹീം വധ ശിക്ഷയും കാത്ത് സൗദി അല്‍ഹായിര്‍ ജയിലില്‍ കഴിയുകയാണ്. ഇയാൾക്ക് നിയമ സഹായം നല്‍കുന്നതിനായി റിയാദിലെ സാമൂഹിക സംഘടനാ പ്രതിനിധികള്‍ അടങ്ങുന്ന കൂട്ടായ്‌മ ഉൾപ്പെടെ രൂപീകരിക്കുകയും ചെയ്‌തിട്ടുണ്ട്. സൗദി രാജാവിന് ദയാ ഹര്‍ജിയും നല്‍കി. ഇതിനിടെയിലാണ് നാട്ടിലും പണം കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചത്.












Click it and Unblock the Notifications