പ്രവാസികൾക്ക് സന്തോഷ വാർത്ത; ഗൾഫിൽ നിന്ന് കണ്ണൂരിലേക്ക് കൂടുതൽ സർവീസുമായി എയർ ഇന്ത്യ എക്‌സ്പ്രസ്
കണ്ണൂർ: പ്രവാസികൾക്ക് ആശ്വാസമായി ഗൾഫ് രാജ്യങ്ങളിൽ നിന്ന് കണ്ണൂരിലേക്ക് കൂടുതൽ വിമാന സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്. ഇതോടെ മലബാർ മേഖലയിൽ വന്നിറങ്ങേണ്ട പ്രവാസികൾക്ക് തീരുമാനം കൂടുതൽ സൗകര്യമാവും. യുഎഇയിലെ റാസൽഖൈമ, സൗദിയിലെ ദമാം എന്നിവിടങ്ങളിൽ നിന്നാണ് പുതിയ സർവീസുകൾ എയർ ഇന്ത്യ എക്‌സ്പ്രസ് ആരംഭിച്ചത്.
കൂടാതെ അബുദാബി, മസ്‌കത്ത് എന്നിവിടങ്ങളിൽ നിന്ന് കണ്ണൂരിലേക്കുള്ള സേവനങ്ങൾ കൂട്ടാനും എയർലൈൻ തീരുമാനിച്ചിട്ടുണ്ട്. റാസൽഖൈമയിൽ നിന്ന് കണ്ണൂരിലേക്ക് മെയ് ഒന്നിന് പുതിയ സർവീസ് ആരംഭിക്കുകയും അബുദാബിയിൽനിന്ന് 4 സർവീസുകൾ കൂടുതലായി ഏർപ്പെടുത്തുകയും ചെയ്യുകയാണ് എയർ ഇന്ത്യ എക്‌സ്പ്രസ് ചെയ്‌തത്.

ഇതോടെ പുതുതായി യുഎഇയിൽ നിന്ന് കണ്ണൂരിലേക്ക് ആഴ്‌ചയിൽ വരാവുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർധനവാണ് ഉണ്ടായിരിക്കുന്നത്. പുതിയ തീരുമാനത്തോടെ നേരത്തെ ഉണ്ടായിരുന്നതിൽ നിന്ന് 1302 സീറ്റുകൾ വർധിച്ച് 6138 പേർക്ക് യാത്ര ചെയ്യാൻ സൗകര്യമായി. ഇതുവരെ ആഴ്‌ചയിൽ 4836 പേർക്കായിരുന്നു യാത്ര ചെയ്യാൻ അവസരമുണ്ടായിരുന്നത്.
ചൊവ്വ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് റാസൽഖൈമ-കണ്ണൂർ സർവീസ് നടക്കുക. രാത്രി 9.45ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 3.10ന് കണ്ണൂരിൽ എത്തുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. കണ്ണൂരിന് പുറമെ ലഖ്‌നൗവിലേക്കും റാസൽഖൈമയിൽ നിന്ന് സർവീസ് ആരംഭിച്ചിട്ടുണ്ട്. ചൊവ്വ, വ്യാഴം, ഞായർ ദിവസങ്ങളിൽ രാവിലെ 11.55ന് പുറപ്പെട്ട് വൈക്കേട്ട് 5.15ന് ഇന്ത്യയിൽ എത്തുന്ന നിലയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.
മലബാർ മേഖലയിൽ പ്രത്യേകിച്ച് വടക്കൻ മലബാറിലെ പ്രവാസികൾക്ക് കൂടുതൽ ആശ്വാസം നൽകുന്ന തീരുമാനമാണിത്. കോഴിക്കോട് എയർപോർട്ട് ഉണ്ടെങ്കിലും വടകരയ്ക്ക് അപ്പുറമുള്ള യാത്രക്കാർ കൂടുതലായും കണ്ണൂർ എയർപോർട്ടിനെയാണ് ഇപ്പോൾ കൂടുതലായി ആശ്രയിക്കുന്നത്. പുതിയ സർവീസുകൾ പ്രഖ്യാപിച്ചതോടെ അവർക്ക് കോഴിക്കോട് വരെയുള്ള യാത്ര ഒഴിവാക്കാം.
അതേസമയം, അബുദാബിയിൽ നിന്ന് കണ്ണൂർ, കൊച്ചി, മുംബൈ സെക്‌ടറിലേക്കും മസ്‌കത്തിൽ നിന്ന് കണ്ണൂരിലേക്കുമുള്ള സർവീസ് മെയ് ഒന്ന് മുതൽ മുതൽ വർധിപ്പിച്ചിരുന്നു. ദമാമിൽനിന്ന് കണ്ണൂരിലേക്ക് വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ആഴ്‌ചയിൽ 3 സർവീസുകളാണ് ഉള്ളത്. കണ്ണൂരിൽ നിന്ന് കൂടുതൽ മേഖലകളിലേക്ക് സർവീസ് തുടങ്ങാനുള്ള തയാറെടുപ്പിലാണ് എയർഇന്ത്യ എക്‌സ്പ്രസ്. ഇതിന്റെ ആദ്യപടിയാണ് ഇപ്പോഴത്തെ പ്രഖ്യാപനങ്ങൾ.












Click it and Unblock the Notifications