കർശന സന്ദർശക വിസാ നിയമം, വേനലവധി; യുഎഇയിൽ ജോലി തേടിയെത്തുന്നവരുടെ എണ്ണത്തിൽ വൻ ഇടിവ്
ദുബായ്: മലയാളികൾ ഉൾപ്പെടെ വലിയൊരു വിഭാഗം ഇന്ത്യക്കാർ തൊഴിൽ തേടി എത്തിയിരുന്ന യുഎഇയിൽ ഇക്കുറി വന്ന തൊഴിലന്വേഷകരുടെ എണ്ണത്തിൽ വൻ ഇടിവ്. ആകെ 30-40 ശതമാനം വരെ ഇടിവാണ് യുഎഇയിൽ എത്തുന്ന തൊഴിലന്വേഷകരുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിലെ സന്ദർശക വിസാ നിയമം കടുപ്പിച്ചതോടെയാണ് വൻ തോതിൽ തൊഴിലന്വേഷകർ കുറയുന്നത്.
എയർലൈനുകൾ നിയമം കർശനമായി പാലിക്കാൻ തുടങ്ങിയതോടെ തൊഴിൽ അന്വേഷിച്ച് യുഎഇയിൽ എത്തുന്ന ആളുകൾ ഗണ്യമായി കുറഞ്ഞുവെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ കാലങ്ങളിൽ മലയാളികൾ ഏറ്റവും കൂടുതൽ തൊഴിൽ തേടി എത്തിയ നാടായിരുന്നു യുഎഇ. പത്ത് വർഷത്തിനിടെ യൂറോപ്പ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇഷ്‌ട ഇടങ്ങളായി മാറിയപ്പോഴും യുഎഇയെ കൈവിടാതിരുന്ന മലയാളികൾക്കും ഇപ്പോഴത്തെ വിസ നിയമങ്ങൾ വലിയ തിരിച്ചടിയാണ് സൃഷ്‌ടിക്കുന്നത്.

കൂടാതെ യുഎഇയിൽ വേനലവധി പ്രഖ്യാപിച്ചതും, ചൂട് കൂടിയതും വരവിനെ ബാധിച്ചുവെന്നാണ് സൂചന. സാധാരണഗതിയിൽ അവധിക്കാലത്ത് യുഎഇയിൽ റിക്രൂട്ടിംഗ് കുറയാറുണ്ട്. അതുകൊണ്ട് തന്നെ ഇക്കുറി ഈ ഘടകങ്ങളും പിന്നോട്ട് വലിച്ചിരിക്കാമെന്ന വിലയിരുത്തലിലാണ് വിദഗ്‌ധർ. എങ്കിലും കർശന വിസാ നിയമങ്ങൾ തന്നെയാണ് മുഖ്യകാരണമായി കണക്കാക്കുന്നത്.
വിസാ നിയമം പിടിമുറുക്കുമ്പോൾ
നേരത്തെ തന്നെ രാജ്യത്ത് നിലവിലുണ്ടായിരുന്ന സന്ദർശക വിസാ നിയമങ്ങൾ കൂടുതൽ കടുപ്പിച്ചതാണ് തൊഴിലന്വേഷകർക്ക് വെല്ലുവിളിയാവുന്നത്. സന്ദർശക വിസക്കാർക്ക് യുഎഇയിലെ താമസത്തിന് ഹോട്ടൽ ബുക്കിങ് രേഖ, ചെലവിനായി 5000 ദിർഹം അഥവാ 1.3 ലക്ഷം രൂപ, മടക്കയാത്രാ ടിക്കറ്റ് എന്നിവ ഉണ്ടെങ്കിൽ മാത്രമേ യാത്രാനുമതി നൽകാവൂ എന്നാണ് നിയമത്തിൽ പറയുന്നത്. എന്നാൽ കുറച്ചുനാൾ മുൻപ് വരെ ഇതിൽ കടുംപിടിത്തം ഉണ്ടായിരുന്നില്ല.
പക്ഷേ ഇപ്പോൾ സാഹചര്യം വ്യത്യസ്‌തമാണ്. കാലാവധിക്ക് ശേഷം സന്ദർശകൻ മടങ്ങിയെന്ന് ഉറപ്പുവരുത്തേണ്ടത് വിസ സ്പോൺസർ ചെയ്‌ത കമ്പനികളുടെ ഉത്തരവാദിത്തമാണ്. കാലാവധി കഴിഞ്ഞിട്ടും അനധികൃതമായി യുഎഇയിൽ തുടരുന്നവർക്ക് പ്രതിദിനം 50 ദിർഹം വീതം പിഴ ഈടാക്കുമെന്നാണ് നിയമം. ഇനി കൈയിൽ പണം ഇല്ലാത്ത സന്ദർശകനാണെങ്കിൽ കമ്പനി തന്നെ ഇതും അടയ്‌ക്കേണ്ടി വരും.
അതുപോലെ തന്നെ നിയമം കർശനമാക്കിയതോടെ കമ്പനികൾ ഇക്കാര്യത്തിൽ ബന്ധപ്പെട്ട രേഖകൾക്കായി കടുംപിടിത്തം ആരംഭിച്ചു. കൂടാതെ എയർലൈനുകളും ഇക്കാര്യത്തിൽ കണിശത കാട്ടി തുടങ്ങിയിട്ടുണ്ട്. അങ്ങനെയാണ് സന്ദർശക വിസയിൽ എത്തുന്നവരുടെ എണ്ണം കുറയുന്നത്. ഇതിനൊപ്പം നിലവിൽ ഇത്തരം വിസയുമായി എത്തി ജോലി കിട്ടാത്ത ആളുകളുടെ എണ്ണവും വർധിക്കുന്നുണ്ട്.
ഇതും കൂടുതൽ പേരുടെ വരവിനെ തടയുന്നുണ്ട്. ഒപ്പം ഡിപോർട്ടേഷൻ ചാർജ് ഈടാക്കി തുടങ്ങിയതും സാഹചര്യം കൂടുതൽ വഷളാക്കുന്നുണ്ട്. തൊഴിലന്വേഷകർ കുറയുന്നതോടെ ഗൾഫിൽ ജോലി ലഭിക്കുന്ന പ്രവാസികളുടെ എണ്ണവും അതിന് ആനുപാതികമായി കുറയും. ഇത് കേരളം ഉൾപ്പെടെയുള്ള ഇടങ്ങളിൽ നിന്നുള്ള ആളുകൾക്ക് വലിയ തിരിച്ചടിയാവും.












Click it and Unblock the Notifications