ഇന്ത്യയ്ക്കും യുഎഇയ്ക്കും ഇത് പുതിയ ചരിത്രം: 100 ബില്യണ്‍ ഡോളർ വ്യാപാരം, വരുന്നു വമ്പന്‍ നിക്ഷേപവും
ദില്ലി: ഇന്ത്യയുമായുള്ള വ്യാപരത്തില്‍ വന്‍ കുതിപ്പ് ലക്ഷ്യമിട്ട് യു എ ഇ. അടുത്തിടെ ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിലൂടെ ഇന്ത്യയുമായുള്ള വ്യാപാരം അടുത്ത രണ്ട് മൂന്ന് വർഷത്തിനുള്ളില്‍ 100 ബില്യൺ ഡോളർ കടക്കുമെന്നാണ് യു എ ഇ പ്രതീക്ഷിക്കുന്നത്. 2022 മെയ് 1-നാണ് യു എ ഇയുമായുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ ഇന്ത്യ ഒപ്പുവെച്ചത്.
ഇതിന് ശേഷം ഇന്ത്യ-യുഎഇ വ്യാപാരം 2022 സാമ്പത്തിക വർഷത്തിൽ 73 ബില്യൺ യുഎസ് ഡോളറായി ഉയർന്നിരുന്നു. 2021-2022 സാമ്പത്തിക വർഷത്തിനും ഇടയിലാണ് 63 ശതമാനമാണ് വ്യാപാരത്തിലുണ്ടായ വളർച്ച. കഴിഞ്ഞ രണ്ട് വർഷത്തെ ഇടിവിന് ശേഷമായിരുന്നു ഈ വളർച്ച.

2022ലെ ആദ്യ ആറ് മാസങ്ങളിൽ എണ്ണ ഇതര വ്യാപാരത്തിന്റെ മൊത്തം മൂല്യം 29.5 ബില്യൺ ഡോളറായി മാറിയെന്നതാണ് പ്രധാനഘടകം. 2021 ലെ ഇതേ കാലയളവിൽ 22 ശതമാനം വളർച്ചയായിരുന്നു നേടാന്‍ സാധിച്ചത്. എണ്ണ ഇതര കയറ്റുമതി 31 ശതമാനം ഉയർന്നു് മെയ് മുതൽ ജൂൺ വരെയുള്ള കാലയളവിൽ മൊത്തം മൂല്യം 2.7 ബില്യൺ ഡോളറിലെത്തിയെന്നാണ് യുഎഇ ജൂനിയർ വിദേശ വ്യാപാര മന്ത്രി താനി ബിൻ അഹമ്മദ് അൽ സെയൂദി ഇന്ത്യ-യുഎഇ സാമ്പത്തിക ഫോറത്തിൽ വ്യക്തമാക്കിയത്.

യു എ ഇ-ഇന്ത്യ ഉഭയകക്ഷി വ്യാപാരം ഇപ്പോഴുള്ളതിൽ നിന്ന് 100 ബില്യൺ ഡോളറിലേക്ക് കൊണ്ടുപോകാൻ ഞങ്ങൾ അഞ്ച് വർഷത്തെ സമയപരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിലും, വ്യാപാരക്കരാർ ഒപ്പിട്ടതിന് ശേഷം വളരേ വേഗത്തിലുള്ള പുരോഗതിയുള്ളതിനാല്‍ ഈ ലക്ഷ്യം വളരെ നേരത്തെ കൈവരിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും താനി ബിൻ അഹമ്മദ് അൽ സെയൂദി വ്യക്തമാക്കുന്നു.

ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തിൽ ഇപ്പോഴും ആധിപത്യം പുലർത്തുന്നത് എണ്ണയാണ്. ഇത് മൊത്തത്തിലുള്ള വ്യാപാര മൂല്യത്തിന്റെ 62 ശതമാനമാണെന്നും ഇപ്പോൾ എണ്ണ ഇതര വ്യാപാരം 38 ശതമാനം മാത്രമാണെന്നും മന്ത്രി പറഞ്ഞു. എന്നാൽ വ്യാപാര കരാറിലുടെ ഇതിലൂടെ സമഗ്രമാറ്റമുണ്ടാവും.
എണ്ണ ഇതര വ്യാപാര സന്തുലിതാവസ്ഥ ഇപ്പോഴും ഇന്ത്യക്ക് അനുകൂലമാണെങ്കിലും, വൻതോതിലുള്ള എണ്ണ ഇറക്കുമതി മൂലം 2222 സാമ്പത്തിക വർഷത്തിൽ 17 ബില്യൺ ഡോളറിന്റെ വ്യാപാരക്കമ്മി ഇന്ത്യക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2022 ന്റെ ആദ്യ പകുതിയിൽ, ഉഭയകക്ഷി എണ്ണ ഇതര വ്യാപാരം 22 ശതമാനം വർധിച്ച് 29.5 ബില്യൺ ഡോളറായിട്ടുണ്ട്. ഇന്ത്യയിൽ യുഎിയുടെ നിക്ഷേപം 20 ബില്യൺ യുഎസ് ഡോളറിൽ കൂടുതലാണെന്നും അതിൽ 14.4 ബില്യൺ യുഎസ് ഡോളറും എഫ്ഡിഐ ആണെന്നും യുഎഇയെ ഇന്ത്യയുടെ എട്ടാമത്തെ വലിയ എഫ്ഡിഐ സ്രോതസ്സാക്കി മാറ്റുമെന്നും യുഎഇ മന്ത്രി അവകാശപ്പെട്ടു.

ഈ വർഷം ഏപ്രിൽ-ജൂൺ മാസങ്ങളിൽ യു എ ഇയിൽ നിന്നും ഇന്ത്യയിലേക്കുള്ള എഫ്ഡിഐ 2.14 ബില്യൺ ഡോളറാണ്. ഇപ്പോൾ മുടങ്ങിക്കിടക്കുന്ന വെസ്റ്റ് കോസ്റ്റ് റിഫൈനറിയിലടക്കം യു എ ഇ നിക്ഷേപം നടത്താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വ്യാപാരക്കരാറിന് പിന്നാലെ രാജ്യത്ത് നിന്ന് യുഎഇയിലേക്കുള്ള മൊത്തത്തിലുള്ള കയറ്റുമതി മെയ് മുതൽ ഓഗസ്റ്റ് വരെ 9 ബില്യൺ ഡോളറിൽ നിന്ന് 16 ശതമാനം ഉയർന്ന് 10.46 ബില്യൺ ഡോളറായി മാറിയെന്ന് വാണിജ്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ശ്രീകർ റെഡ്ഡിയും വ്യക്തമാക്കി.












Click it and Unblock the Notifications