കൊച്ചി-ദുബായ് കപ്പൽ യാത്ര; കാത്തിരിപ്പ് നീളില്ല, ഏജൻസികളെ തിരഞ്ഞെടുത്തുവെന്ന് മന്ത്രി വിഎൻ വാസവൻ
തിരുവനന്തപുരം: സാധാരണക്കാരായ പ്രവാസികൾക്ക് ആശ്വാസമേകി കൊണ്ട് കൊച്ചിയിൽ നിന്ന് ദുബായിലേക്കുള്ള കപ്പൽ സർവീസ് ഉടൻ ആരംഭിക്കുമെന്ന് സഹകരണ മന്ത്രി വിഎൻ വാസവൻ. ഗൾഫ് പ്രവാസികൾ ഏറെനാളായി ആവശ്യം ഉയർത്തുന്ന പ്രധാന കാര്യങ്ങളിൽ ഒന്നാണിത്. സർവീസ് ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി.
അമേരിക്കയിലേക്കു കയറ്റുമതി ചെയ്യുന്ന സഹകരണ വകുപ്പിന്റെ 12 ടണ്‍ വരുന്ന മൂല്യവര്‍ധിത കാര്‍ഷിക ഉത്പന്നങ്ങളുടെ ആദ്യ കണ്ടെയ്‌നർ വല്ലാര്‍പാടം ടെര്‍മിനലില്‍ മന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്‌തു. ഇതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രവാസികൾ വളരെയധികം പ്രതീക്ഷയോടെ നോക്കി കാണുന്ന പദ്ധതികളിൽ ഒന്നാണിത്.

രണ്ട് ഏജൻസികളെ പദ്ധതിക്കായി തിരഞ്ഞെടുത്തുവെന്നും മന്ത്രി അറിയിച്ചു. 12 കോടി രൂപ ആദ്യഘട്ടത്തില്‍ ഇതിനായി ചെലവിടുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ നിന്ന് ഗൾഫിലേക്ക് യാത്രാക്കപ്പൽ സർവീസിന്റെ സാധ്യതകൾ തേടി കേരള മാരിടൈം ബോർഡ് കൊച്ചിയിൽ ചർച്ച നടത്തിയിരുന്നു. സാധാരണക്കാരായ പ്രവാസികൾക്ക് വിമാനയാത്രായേക്കാൾ താഴ്ന്ന നിരക്കിൽ പോകാവുന്ന സർവീസാണ് ലക്ഷ്യമിടുന്നത്.
വിഴിഞ്ഞം, ബേപ്പൂർ, കൊല്ലം, അഴീക്കൽ തുറമുഖങ്ങളിൽ എത്താവുന്നവിധം സർവീസ് ക്രമീകരിക്കാനാണ് ലക്ഷ്യമിടുന്നത്. 1200 പേരെയെങ്കിലും ഉൾക്കൊള്ളുന്ന വിധത്തിലുള്ള കപ്പലുകളാണ് സർവീസിനായി പരിഗണിക്കുന്നത്. പദ്ധതി യാഥാർഥ്യമായാൽ വലിയ മാറ്റം ഉണ്ടാവുമെന്നാണ് മേഖലയുമായി ബന്ധപ്പെട്ടവർ ചൂണ്ടിക്കാണിക്കുന്നത്.
മുൻപ് 2011ൽ പരീക്ഷാണാടിസ്ഥാനത്തില്‍ കപ്പല്‍ സര്‍വീസ് നടത്തിയിരുന്നെങ്കിലും അത് വിജയിക്കാതെ വന്നതോടെ നിർത്തുകയായിരുന്നു. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ വിമാന ടിക്കറ്റുകളുടെ വർദ്ധനവ് തന്നെയാണ് ഈ കപ്പൽ യാത്രയെ സംബന്ധിച്ചുള്ള ഏറ്റവും അനുകൂല ഘടകം. ഇത് വിജയിച്ചാൽ വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് കുറയ്ക്കാൻ നിർബന്ധിതരാവും എന്നാണ് വിലയിരുത്തൽ.
ദുബായ്-കൊച്ചി കപ്പല്‍ യാത്രയ്ക്ക് കുറഞ്ഞത് മൂന്ന് ദിവസം വേണമെന്നതാണ് പദ്ധതിയുടെ ഏറ്റവും വലിയ ന്യൂനത. അടിയന്തര ലീവെടുത്ത് നാട്ടിലേക്ക് പുറപ്പെടുന്നവര്‍ക്ക് സൗകര്യം പ്രയോജനപ്പെടുത്താൻ കഴിയില്ല. മൂന്ന് ദിവസം നാട്ടിലേക്കുള്ള യാത്രയ്ക്കായി തന്നെ ചെലവിടേണ്ടി വരും. എന്നാൽ 200 കിലോയോളം ലഗേജ് ഒരാൾക്ക് മാത്രം കൊണ്ട് വരാം എന്നതാണ് ഈ യാത്രയുടെ ഏറ്റവും വലിയ ഗുണം.
എന്നാൽ ടൂറിസം രംഗത്ത് വലിയ കുതിച്ചു ചാട്ടമുണ്ടാക്കാൻ ഈ സർവീസിന് കഴിയുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ടൂറിസത്തിന് കേരളത്തിലേക്കെത്തുന്ന വിദേശികൾ അടക്കമുള്ളവർക്ക് കുറഞ്ഞനിരക്കിൽ യാത്രക്ക് അവസരമൊരുക്കുന്നത് ഗുണമാവും എന്നാണ് പ്രതീക്ഷ. കൂടാതെ അവധികാലത്ത് ഉൾപ്പെടെ കുടുംബ സമേതം ഗൾഫിലേക്ക് പോവാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കും ഇത് ഗുണം ചെയ്യും.












Click it and Unblock the Notifications