പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത; മസ്‌കത്തില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാനം നാളെ മുതല്‍, അറിയേണ്ടതെല്ലാം
തിരുവനന്തപുരം: ഒമാനിലുള്ള മലയാളി പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത. മസ്‌കത്തില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ഒക്ടോബര്‍ ഒന്ന് മുതല്‍ നേരിട്ട് സര്‍വീസ് തുടങ്ങുമെന്ന് അറിയിച്ച് ഒമാന്‍ എയര്‍. 162 പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന ബോയിങ് 737 വിമാനങ്ങളാണ് മസ്‌കത്ത് - തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് നടത്തുക. ഒമാന്റെ മുന്‍നിര വിമാനക്കമ്പനിയാണ് ഒമര്‍ എയര്‍.
നിലവില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഈ റൂട്ടില്‍ പ്രതിദിന സര്‍വീസ് നടത്തുന്നുണ്ട്. ഒമാന്‍ എയര്‍ കൂടി വരുന്നതോടെ ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്ന രണ്ടാമത്തെ വിമാന കമ്പനിയാകും ഇത്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രതിദിനം 82 വിമാനങ്ങളിലായി ശരാശരി 12000 യാത്രക്കാര്‍ക്ക് യാത്ര നടത്തുന്നുണ്ട്. ഒമാനിലേക്ക് ഒരു വിമാനം കൂടി എത്തുന്നതോടെ ഇത് കൂടാനാണ് സാധ്യത.

2023-24 ആദ്യ പാദത്തില്‍ ഏകദേശം 1.04 ദശലക്ഷം യാത്രക്കാരാണ് തിരുവനന്തപുരം വിമാനത്താവളം വഴി കടന്ന് പോയത്. ഞായര്‍, ബുധന്‍, വ്യാഴം, ശനി എന്നിങ്ങനെ ആഴ്ചയില്‍ നാല് ദിവസമാണ് ഒമാന്‍ എയര്‍ തിരുവനന്തപുരം-മസ്‌കറ്റ് സര്‍വീസ് നടത്തുക. ഞായര്‍, ബുധന്‍ ദിവസങ്ങളില്‍ രാവിലെ 7.45 ന് തിരുവനന്തപുരത്ത് എത്തുന്ന വിമാനം 8.45നാണ് പുറപ്പെടുക. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.55ന് എത്തുന്ന വിമാനം വൈകിട്ട് 4.10ന് മസ്‌കത്തിലേക്ക് പുറപ്പെടും.
ശനിയാഴ്ച ഉച്ചക്ക് 2.30 നാണ് വിമാനം തിരുവനന്തപുരത്ത് എത്തുക. ശേഷം 3.30ന് മസ്‌കത്തിലേക്ക് പുറപ്പെടും. അതേസമയം ലക്‌നൗവിലേക്കുള്ള സര്‍വീസും ഒക്ടോബര്‍ ഒന്ന് മുതല്‍ ഒമാന്‍ എയര്‍ പുനരാരംഭിക്കും എന്ന് ഒമാന്‍ എയര്‍ അറിയിച്ചു. ആദ്യഘട്ടത്തില്‍ ഒമ്പത് വിമാനങ്ങളായിരിക്കും സര്‍വീസ് നടത്തുക എന്നും ഡിസംബറോടെ ഇത് പത്തായി വര്‍ധിപ്പിക്കുമെന്നും ഒമാന്‍ എയര്‍ വ്യക്തമാക്കി.
ഒമാന്റെ ബജറ്റ് എയര്‍ലൈനായ സലാം എയര്‍ ഇന്ത്യയിലേക്കുള്ള സര്‍വീസ് റദ്ദാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് ദുരിതത്തിലായ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസമാണ് ഒമാന്‍ എയറിന്റെ പുതിയ തീരുമാനം. മസ്‌കത്തില്‍ നിന്ന് നിലവില്‍ 10 ഇന്ത്യന്‍ നഗരങ്ങളിലേക്ക് വിമാന സര്‍വീസുണ്ട്. ഇവിടെ നിന്ന് ഓരോ ആഴ്ചയും കുറഞ്ഞത് 113 വിമാനങ്ങളെങ്കിലും പുറപ്പെടുന്നുണ്ട്. ഡിസംബറില്‍ വിമാനങ്ങളുടെ എണ്ണം ആഴ്ചയില്‍ 123 ആയി ഉയരാന്‍ സാധ്യതയുണ്ട്.












Click it and Unblock the Notifications